Latest News

കര്‍ഷക സമരം നേരിടാന്‍ ഡല്‍ഹിയില്‍ വിന്യസിച്ചത് അരലക്ഷം പോലീസുകാരെ

പോലീസിനു പുറമെ അര്‍ദ്ധസൈനിക, റിസര്‍വ് ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വ്യാപകമായി വിന്യസിച്ചു.

കര്‍ഷക സമരം നേരിടാന്‍ ഡല്‍ഹിയില്‍ വിന്യസിച്ചത് അരലക്ഷം പോലീസുകാരെ
X
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ രാജ്യ തലസ്ഥാനം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായ കര്‍ഷക സമരം ശക്തമായതോടെ വന്‍തോതില്‍ പോലിസിനെ വിന്യസിച്ചു. അരലക്ഷം പോലിസുകാരെയാണ് ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ മാത്രം വിന്യസിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ദേശീയപാത ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചതോടെ ഇതുവരെ കാണാത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് രാജ്യ തലസ്ഥാനം സാക്ഷിയാകുന്നത്.


പോലീസ് എല്ലായിടത്തും അധിക സുരക്ഷ ഏര്‍പ്പെടുത്തുകയും ബാരിക്കേഡുകള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഖാസിപൂര്‍ അതിര്‍ത്തിയില്‍ ധാരാളം ജലപീരങ്കി വാഹനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. പോലീസിനു പുറമെ അര്‍ദ്ധസൈനിക, റിസര്‍വ് ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വ്യാപകമായി വിന്യസിച്ചു. ഡല്‍ഹിയിലെ 12 മെട്രോ സ്‌റ്റേഷനുകളില്‍ കൂടുതല്‍ സേനയെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.


കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഉപരോധം. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കും. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി. ത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും കരിമ്പ് കര്‍ഷകര്‍ വിളവെടുക്കുന്നതിനാല്‍ വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ രാകേഷ് ടിക്കായത്ത് അറിയിച്ചു.


സമരം ശക്തമാകുന്നത് തടയാനായി മൂന്നു സമര കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സിങ്കു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. കിംവദന്തികള്‍ പ്രചരിക്കുന്നത് തടയുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് വക്താവ് ചിന്‍മോയ് ബിസ്വാള്‍ പറഞ്ഞു.


സമര കേന്ദ്രങ്ങളോടു ചേര്‍ന്ന് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ക്കു മുകളില്‍ പോലീസ് മുള്ളുവേലികളും സ്ഥാപിച്ചു. സമരക്കാര്‍ രാജ്യതലസ്ഥാനത്തിന്റെ പ്രധാന മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യം. അതേ സമയം ബാരിക്കേഡുകള്‍ക്കു സമീപം പൂച്ചെടികള്‍ നട്ടുകൊണ്ട് കര്‍ഷകര്‍ ഇതിനോട് പ്രതികരിച്ചു. പോലീസുകാരെയല്ല, കര്‍ശക വിരുദ്ധ നിയമങ്ങള്‍ നിര്‍മിച്ച ഭരണകൂടത്തെയാണ് എതിര്‍ക്കുന്നതെന്നും സമരം അവര്‍ക്കെതിരെ മാത്രമാണെന്നും പൂച്ചെടികള്‍ നടാന്‍ നേതൃത്വം നല്‍കിയ കര്‍ഷകര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it