Latest News

മഴക്കെടുതി: തുഷാരഗിരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; 19 വീടുകള്‍ക്ക് ഭാഗികനാശം

മഴക്കെടുതി: തുഷാരഗിരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; 19 വീടുകള്‍ക്ക് ഭാഗികനാശം
X

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോഴിക്കോട് ജില്ലയില്‍ 57 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 16 വില്ലേജുകളിലായി 19 വീടുകള്‍ക്ക് ഭാഗികനാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ സെല്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി തുഷാരഗിരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ബേപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹി സ്വദേശിയായ ജ്യോത് സിങിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയില്‍ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. നിലവില്‍ രണ്ടു ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. മാവൂര്‍ വില്ലേജിലെ കച്ചേരിക്കുന്ന് അങ്കണവാടി ക്യാംപ് ഇന്നും പ്രവര്‍ത്തനസജ്ജമാണ്. നിലവില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന ഒരു കുടുംബമാണ് ഇവിടെയുള്ളത്. ഇതു കൂടാതെ എന്‍.ജി.ഒ ക്വാട്ടേഴ്‌സ് സ്‌കൂളിലാണ് ക്യാംപ് ആരംഭിച്ചത്. മൂഴിക്കല്‍ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഒരു കുടുംബം ബന്ധുവീട്ടിലേക്കും ഒരു കുടുംബത്തെ എന്‍.ജി.ഒ ക്വാട്ടേഴ്‌സ് സ്‌കൂളിലെ ക്യാപിലേക്കും മാറി. കോഴിക്കോട് താലൂക്കില്‍ മാത്രം 6 വില്ലേജുകളിലായി 54 കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറി താമസിച്ചു. ഇതില്‍ നാല് കുടുംബങ്ങള്‍ ക്യാംപുകളിലാണ്. 50 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.

മൂഴിക്കലില്‍ കോരോലത്ത് മീത്തല്‍ അബ്ദുറസാഖിന്റെ വീടിനോട് ചേര്‍ന്ന് ഉദ്ദേശം 10 മീറ്ററിനു മുകളില്‍ ഉയരം ഉള്ള മലയുടെ ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. കുടുംബം ബന്ധുവീട്ടിലേക്ക് മാറി. നരിപ്പറ്റ വില്ലേജില്‍ പാറപ്പുറത്ത് ഷൈലജയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താണു. ചെലവൂര്‍ വില്ലേജില്‍ കുന്നിടിഞ്ഞ് വീടിന്റ അടുക്കളഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വീട്ടുകാരെ ഒഴിപ്പിച്ചു.

ഏറാമല വില്ലേജില്‍ മുയിപ്ര, കുറിഞ്ഞാലിയോട്, കാര്‍ത്തികപ്പള്ളി ഭാഗങ്ങളിലായി 45 ഓളം വീടുകളില്‍ വെള്ളം കയറി. വെള്ളപ്പൊക്ക ബാ

ധിത പ്രദേശങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളോടൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദര്‍ശിച്ചു. കൂടുതലായി ബാധിച്ച വീടുകളിലെ താമസക്കാര്‍ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. വേളം വില്ലേജില്‍ ശങ്കരന്‍ കായോട്ട്, തുരുത്യെല്‍, ഷില്‍ന എരത്തും കണ്ടത്തില്‍ മീന്‍പാലം നജീബ് താഴെ മേനോത്ത് എന്നിവര്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധു വീട്ടിലേക്ക് മാറി.

ചെങ്കോട്ടുകാവ് വില്ലേജില്‍ അരങ്ങാടത്തു റയില്‍വേ ഓവര്‍ ബ്രിഡ്ജിനു തെക്കു വശം ഒതയോത് താഴെകുനി രാജേന്ദ്രന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറി.

Next Story

RELATED STORIES

Share it