Latest News

ഹിജാബ് വിലക്ക്, സിഎഎ, ബീഫ് നിരോധനം; ബിജെപിക്കുള്ള പിന്തുണ പുനരാലോചിക്കാനൊരുങ്ങി ലഖ്‌നോവിലെ ശിയാ മുസ് ലിംകള്‍

ഹിജാബ് വിലക്ക്, സിഎഎ, ബീഫ് നിരോധനം; ബിജെപിക്കുള്ള പിന്തുണ പുനരാലോചിക്കാനൊരുങ്ങി ലഖ്‌നോവിലെ ശിയാ മുസ് ലിംകള്‍
X

ദീര്‍ഘകാലമായി ബിജെപിക്ക് പിന്തുണ നല്‍കിയിരുന്ന ലഖ്‌നോവിലെ ശിയാ മുസ് ലിംകള്‍ തങ്ങളുടെ രാഷ്ട്രീയ നിരലപാടുകള്‍ പുനരാലോചിക്കാനൊരുങ്ങുന്നു. മുഹറം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും അനധികൃത അറവുശാലകള്‍ അടപ്പിച്ചതും സിഎഎ വിരുദ്ധ സമരത്തിന്റെ പേരിലുണ്ടായ പോലിസ് അതിക്രമങ്ങളും ഒടുവിലുണ്ടായ ഹിജാബ് വിവാദവുമാണ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന ആലോചനയിലേക്ക് ശിയാ വിഭാഗത്തെ നയിക്കുന്നത്.

ശിയാ കേന്ദ്രമായ ലഖ്‌നോവില്‍നിന്നുതന്നെയാണ് പുനരാലോചനയുടെ സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്. ലഖ്‌നോവില്‍ ഏകദേശം 4 ലക്ഷം ശിയാക്കളാണ് ഉള്ളത്.

ഒന്നോ രണ്ടോ ദശകമായി ലഖ്‌നോ ശിയാക്കള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. മുഹ്‌റം ഘോഷയാത്രയോടനുബന്ധിച്ച് 1977ല്‍ ഏര്‍പ്പെടുത്തിയ നിരോധനം ബിജെപി നേതാവും മന്ത്രിയുമായിരുന്ന ലാല്‍ജി ടണ്ടന്റെ ഇടപെടലോടുകൂടി പിന്‍വലിച്ചതോടെയാണ് ബിജെപിയോടുള്ള ശിയാ വിഭാഗത്തിന്റെ ചാര്‍ച്ച ആരംഭിക്കുന്നത്.

ഈ നീക്കം വഴി ലക്‌നോ നോര്‍ത്ത്, വെസ്റ്റ്, സെന്‍ട്രല്‍ സീറ്റുകള്‍ നേടാനും ബിജെപിക്കായി. മുസ് ലിം ഭൂരിപക്ഷ സീറ്റാണ് ഈ മൂന്നും എന്നതും പ്രത്യേകതയാണ്. ഈ പ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന ശിയാ വിഭാഗമാണ് തങ്ങളുടെ നിലപാടുകള്‍ പുനരാലോചിക്കുന്നത്. ഈ നീക്കം തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

തങ്ങള്‍ പിന്തുണച്ചിരുന്ന ബിജെപിയല്ല ഇപ്പോഴുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇപ്പോഴത്തെ ബിജെപി കെട്ടിലും മട്ടിലും ഏറെ മാറിയിരിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.

''വര്‍ഷങ്ങളായി ഞങ്ങള്‍ പിന്തുണച്ച ബിജെപിയല്ല ഇത്. അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ജി ടണ്ടന്‍, രാജ്‌നാഥ് സിംഗ് തുടങ്ങിയ നേതാക്കള്‍ എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ മുസ് ലിം സ്ത്രീകളെ പോലിസ് അടിച്ചമര്‍ത്തുന്ന രീതി ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ന്ന്, റംസാന്‍ മുഹ്‌റം കാലത്ത്, കൊവിഡ് പ്രോട്ടോകോള്‍ ഉദ്ധരിച്ച് ഞങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ ബാധകമായില്ല. എല്ലാം അനുവദിച്ചു''- പേര് വെളിപ്പെടുത്താത്ത ഒരു ശിയാ പുരോഹിതന്‍ പറഞ്ഞു.

ശിയാ വിഭാഗത്തിനുള്ളിലുണ്ടാവുന്ന ആലോചനാമാറ്റങ്ങളുടെ ഒരു സൂചനയായി ഇതെടുക്കാം.

കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി മുഹ്‌റം ആചരണത്തിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ശിയാ മുസ്‌ലിംകള്‍ക്ക് കടുത്ത നീരസമുണ്ട്.

ഘോഷയാത്രകളില്‍ ഉപയോഗിക്കുന്ന തസിയകള്‍ വില്‍ക്കുന്നതില്‍ പോലും വിലക്കുണ്ട്. തസിയ വാങ്ങാന്‍ പോകുന്നവരെപ്പോലും പോലിസ് അറസ്റ്റ് ചെയ്യുന്നുവെന്ന് ശിയാക്കള്‍ പരാതി പറയുന്നു. വ്യാപാരികളും ഇതേ വികാരം പങ്കുവയ്ക്കുന്നു. താസിയ വില്‍പ്പനയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.ഇത്തവണ ശിയാ, സുന്നി വ്യത്യാസമില്ലാതെ ഒന്നിച്ചുനില്‍ക്കണമെന്നാണ് പല പുരോഹിതരും പറയുന്നത്.

ഇതേ മനോഭാവം യുവാക്കളിലും വിദ്യാര്‍ത്ഥികളിലും രൂപം കൊണ്ടിട്ടുണ്ട്. നേരത്തെ ഗൗരക്ഷാ സമിതികള്‍ സ്ഥാപിച്ചിരുന്ന ശിയാക്കള്‍ക്കാണ് ഈ മാറ്റമെന്നതാണ് ശ്രദ്ധേയം. 'കൊവിഡ് കാലവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണമെങ്കില്‍ ജന്മാഷ്ടമി, ഹോളി, ദീപാവലി ഇതിനൊന്നും നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത'തെന്താണെന്നാണ് വിദ്യാര്‍ത്ഥിയായ സോനിയ ഖാന്‍ ചോദിക്കുന്നത്.

പ്രമുഖ ശിയാ പുരോഹിതനായ മൗലാന സെയ്ഫ് അബ്ബാസ് പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് സമുദായം ഗൗരവത്തിലാണ് കാണുന്നത്. സിഎഎ വിരുദ്ധ സമരത്തിനുശേഷം യുപി സര്‍ക്കാര്‍ തയ്യാറാക്കിയ കുപ്രസിദ്ധമായ ഗുണ്ടാ പട്ടികയിലും ബോര്‍ഡിലും ഇദ്ദേഹത്തിന്റെ മുഖം ഉപയോഗിക്കുകയും ചെയ്തു. ബിജെപിക്ക് തങ്ങളുടെ പിന്തുണ വേണമെങ്കില്‍, ഇത്തരം വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഷിയാ സമുദായത്തിന്റെ രോഷം ന്യായമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

ഹിജാബ് നിരോധനമാണ് ശിയാ മുസ് ലിംകളില്‍ പ്രതിഷേധമുയര്‍ത്തിയ മറ്റൊരു കാര്യം. ഹിജാബുമായി ബന്ധപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളുണ്ടായി. പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ ഇതിന്റെ പേരില്‍ കളിയാക്കുന്നതും ദ്രോഹിക്കുന്നതും പതിവാണ്. ഇതിനെതിരേ പോലിസ് അനങ്ങാപ്പാറ നയം പുലര്‍ത്തുന്നുവെന്ന് പുതിയ തലമുറ കരുതുന്നു.

പുരോഹിതരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്താല്‍ ഇത്തവണ ബിജെപി ലഖ്‌നോവില്‍ വെള്ളംകുടിക്കും.

Next Story

RELATED STORIES

Share it