Latest News

കൊവിഡ് രോഗമുക്തി നിരക്ക് 52.8 ശതമാനമായി വര്‍ധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് രോഗമുക്തി നിരക്ക് 52.8 ശതമാനമായി വര്‍ധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗമുക്തി നേടിയവരുടെ നിരക്ക് 52.8 ശതമാനമാണ്. നേരത്തെ ഈ നിരക്ക് 52.47 ശതമാനമായിരുന്നു.

സര്‍ക്കാരുകള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാമൂഹികവ്യാപനത്തിന്റെ വക്കത്തെത്തിയ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം രോഗമുക്തിയുടെ അളവ് പ്രധാനമാണ്. രോഗമുക്തരാവുന്നവരുടെ എണ്ണവും രോഗികളായവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ആശുപത്രികളിലെ സംവിധാനത്തില്‍ വരുന്ന സമ്മര്‍ദ്ദത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. ഏതാനും ദിവസങ്ങളായി രോഗവിമുക്തരായവരുടെ എണ്ണം കൂടിയവും പുതുതായി രോഗികളാവുന്നവരുടെ എണ്ണം കുറഞ്ഞുമാണ് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണ് ഇതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയാന്‍ ശ്രമിക്കുന്നത്.

രാജ്യത്ത് നിലവില്‍ 1,55,227 പേരാണ് ചികില്‍സയിലുള്ളത്. ''കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,922 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,86,934 പേര്‍ രോഗം മാറി ആശുപത്രി വിടുകയും ചെയ്തു''- ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകള്‍ പറയുന്നു.

രാജ്യത്ത് കൊവിഡ് പരിശോധന നടത്തുന്ന പൊതു, സ്വകാര്യ ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ പൊതുമേഖലയില്‍ 674 ഉം സ്വകാര്യ മേഖലയില്‍ 250 ലാബുകളുമാണ് ഈ രംഗത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1,63,187 സാംപിളുകള്‍ പരിശോധന നടത്തി. രാജ്യത്ത് ആകെ പരിശോധന നടത്തിയ സാംപിളുകളുടെ എണ്ണം 60,84,256 ആയിട്ടുണ്ട്.

Next Story

RELATED STORIES

Share it