Latest News

ഗസ വംശഹത്യ; ഇസ്രായേൽ എഴുത്തുകാരൻ അവി സ്റ്റീൻബെർഗ് പൗരത്വം ഉപേക്ഷിച്ചു

ഗസ വംശഹത്യ; ഇസ്രായേൽ എഴുത്തുകാരൻ അവി സ്റ്റീൻബെർഗ് പൗരത്വം ഉപേക്ഷിച്ചു
X

അബ്ദുല്ല അൻസാരി

ഇസ്രായേൽ രാഷ്ട്രം 'വംശഹത്യയുടെ ഉപകരണം' ആണെന്ന് പ്രഖ്യാപിച്ച് പ്രമുഖ എഴുത്തുകാരൻ അവി സ്റ്റീൻബെർഗ് തൻ്റെ ഇസ്രായേൽ പൗരത്വം ഔപചാരികമായി ഉപേക്ഷിച്ചതാണ് പുതുവർഷ പുലരിയിലെ ഏറ്റവും ചൂടുള്ള വാർത്തകളിൽ ഒന്ന്. കഴിഞ്ഞദിവസം 'ട്രൂത്ത് ഔട്ടി'ൽ പ്രസിദ്ധീകരിച്ച തൻ്റെ ലേഖനത്തിൽ, സ്റ്റീൻബെർഗ് ഇസ്രായേലിൻ്റെ സ്ഥാപക തത്ത്വങ്ങളെയും പൗരത്വ നിയമങ്ങളെയും രൂക്ഷമായി വിമർശിച്ച് എഴുതിയിരുന്നു. 'കൊളോണിയലിസത്തിലും വ്യവസ്ഥാപരമായ അക്രമത്തിലും പടുത്തുയർത്തിയതാണ് ഇസ്രായേൽ രാഷ്ട്രം. ഇസ്രായേൽ പൗരത്വം എല്ലാ കാലത്തും വംശഹത്യയുടെ ഉപകരണം മാത്രമാണ്' - സ്റ്റെയിൻബർഗ് എഴുതി. 'കുടിയേറ്റ കൊളോണിയലിസ'ത്തെ അത് നിയമവിധേയമാക്കി, മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അക്രമ കുറ്റകൃത്യങ്ങളിലൂടെയാണ് അത് സ്ഥാപിതമായതും നിലനിൽക്കുന്നതും. അത്തരം കുറ്റകൃത്യങ്ങളെ വെള്ള പൂശാനും ഇസ്രായേലിന് അനുകൂലമായി സഹതാപ തരംഗം സൃഷ്ടിച്ചെടുക്കാനും ഉദ്ദേശിച്ചുള്ള നുണകളുടെ കൂമ്പാരം തന്നെ മുൻകൂട്ടി തയ്യാറാക്കി വച്ചിട്ടുണ്ട്' - അദ്ദേഹം പറഞ്ഞു

ജറുസലേമിലെ ഒരു ഓർത്തഡോക്സ് ജൂത കുടുംബത്തിൽ ജനിച്ച സ്റ്റെയിൻബെർഗ് 1993ൽ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. പിതാവ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഡയറക്ടറായിരുന്നു. സ്റ്റെയിൻബെർഗ് തൻ്റെ കുടുംബത്തിൻ്റെ ജീവിത യാത്രയിലെ വിരുദ്ധ നിലപാടുകളെ കുറിച്ചും അസ്വസ്ഥനാകുന്നുണ്ട്.

'ഞാൻ ജനിച്ചുവളർന്ന വീട്, ജോർദാനിലേക്ക് അക്രമത്തിലൂടെ നിഷ്കരുണം പുറത്താക്കപ്പെട്ട ഒരു ഫലസ്തീൻ കുടുംബത്തിൻ്റേതായിരുന്നുവെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം ഈ കുടുംബത്തിന് വിലക്കുണ്ട്. അതിക്രമത്തിലൂടെയും അന്യായത്തിലൂടെയും ഒരു കൂട്ടരെ പുറത്താക്കി മറ്റൊരു കൂട്ടരെ കുടിയിരുത്തുന്ന പ്രക്രിയയാണിത്. 'വിയറ്റ്നാമിലെ യുഎസ് അധിനിവേശത്തെ എതിർത്ത തൻ്റെ മാതാപിതാക്കളും മറ്റുള്ളവരുടെ ഭൂമിയിൽ സായുധ കുടിയേറ്റക്കാരായി പ്രവർത്തിച്ചതെങ്ങനെയെന്ന് തനിക്കു മനസ്സിലാവുന്നില്ല' - സ്റ്റെയിൻബെർഗ് അസ്വസ്ഥനായി.

ഇസ്രായേലിൻ്റെ 1948ലെ സ്വാതന്ത്ര്യ പ്രഖ്യാപനം, 1950-ലെ റിട്ടേൺ നിയമം, 1952ലെ പൗരത്വ നിയമം എന്നിവ കൊളോണിയലിസ്റ്റ് ആശയാദർശങ്ങളെയും വിവേചനങ്ങളെയും വളരെ സമർഥമായി അരക്കിട്ടുറപ്പിക്കുന്നതും ശാശ്വതമാക്കുന്നവയുമാണ്. 1948ലെ നക്ബയിലൂടെ മാത്രം ഇസ്രായേൽ സൈന്യം ഏകദേശം 80 ശതമാനം ഫലസ്തീൻ ജനതയെ അവരുടെ മാതൃരാജ്യത്തു നിന്ന് നിഷ്കരുണം പുറത്താക്കി. ഈ നിയമങ്ങളത്രയും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ചുട്ടെടുത്തവയാണ്. അവയുടെ പിൻബലത്തിൽ തങ്ങളുടെ മനുഷ്യത്വ വിരുദ്ധവാഴ്ച മറച്ചു പിടിക്കാനുള്ള ഭരണകൂടത്തിൻ്റെ കുടിലതന്ത്രത്തിന്റെ ഭാഗമാണ് ഇവയെല്ലാം.

സ്റ്റെയിൻബെർഗിൻ്റെ പുതിയ പ്രഖ്യാപനം, നേരത്തെ നിലനിന്നിരുന്നതും മധ്യപൂർവ ദേശത്തെ പുതിയ സംഭവവികാസങ്ങളെ തുടർന്ന് ലോകത്ത് എല്ലായിടത്തും, വിശേഷിച്ച് പാശ്ചാത്യ - അമേരിക്കൻ ജൂത സമൂഹങ്ങൾക്കിടയിലും ശക്തി പ്രാപിച്ചതുമായ, ഫലസ്തീനുകളുടെ സ്വാതന്ത്ര്യത്തെയും ജന്മാവകാശത്തെയും സംബന്ധിച്ച ഭിന്നത കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നവംബറിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, അമേരിക്കൻ ജൂത സമൂഹത്തിലെ മൂന്നിൽ രണ്ടും ഫലസ്തീനികളോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ്, മൂന്നിലൊരാൾ ഹമാസിനോടും അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. നിരവധി അമേരിക്കൻ ജൂത ജനത ഫലസ്തീൻ അനുകൂല സംഘടനകളായ ജെവിപി (Jewish Voice for Peace), ഐഎൻഎൻ (ഇഫ് നോട്ട് നൗ) എന്നിവയിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. സ്റ്റെയിൻബർഗും ഈ ഗ്രൂപ്പുകളുടെ ശക്തനായ വക്താവാണ്.

2023ൽ എൻ പ്ലസ് വണ്ണിൽ എഴുതിയ ലേഖനത്തിൽ, താനും ജെവിപി, ഐഎൻഎൻ അംഗങ്ങൾക്കൊപ്പം ചിക്കാഗോയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടതായി സ്റ്റെയിൻബർഗ് പ്രതിപാദിക്കുന്നുണ്ട്. "ഫലസ്തീൻ വിമോചനത്തിൽ ജൂതന്മാർക്ക് നിർണായകമായ പങ്ക് വഹിക്കാനുണ്ട് എന്നതാണ് ജൂത സമൂഹം നയിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിനുമുന്നിൽ സമർപ്പിക്കുന്ന ആശയം. സയണിസ്റ്റ് ആഖ്യാനങ്ങളെ എതിർക്കുകയും ഭരണകൂട ക്രൂരതകളെ പരസ്യമായി എതിർക്കുകയും അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം മുന്നേറ്റങ്ങളുടെ പരമവും ആത്യന്തികവുമായ ലക്ഷ്യം"- സ്റ്റെയ്ൻബർഗ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it