- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഴുത്തിലെ താലി കൊലക്കയറാവാതിരിക്കട്ടെ
ജസ്‌ല മുഹമ്മദ്
വീണ്ടും കുറച്ചു നാളുകള്‍ക്കു ശേഷം 'സ്ത്രീധനം' ചര്‍ച്ച ചെയ്യപ്പെടേണ്ടി വന്നത് മലയാളികളുടെ സ്വാസ്ഥ്യം കെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ സമൂഹത്തില്‍ സോഷ്യല്‍ മീഡിയകളിലും പത്രമാധ്യമങ്ങളിലും ചര്‍ച്ച പെട്ടെന്നു ചൂടുപിടിക്കുന്നതു കാണാം. സ്ത്രീധനം എന്ന ദുരാചാരത്തെ ചുറ്റിപ്പറ്റി ആളുകള്‍ വാതോരാതെ സംസാരിക്കുകയും ഇരകളോട് സഹതാപവും മരിച്ചവര്‍ക്ക് അനുശോചനവും അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. 1961ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമത്തെയും അത് അനുശാസിക്കുന്ന ശിക്ഷകളെയും നിരത്തി ഏറ്റവും പുതിയ ക്രൈം റെക്കോഡുകളുടെ ഞെട്ടിക്കുന്ന കണക്കുകളുമായി ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ടാവും. ഇതൊന്നും വേണ്ട എന്നല്ല പക്ഷേ, ഒടുവില്‍ സ്ത്രീ തന്നെയാണ് ധനം എന്നതിലേക്കു ചര്‍ച്ചകള്‍ പര്യവസാനിക്കുമ്പോഴേക്കും ഇതേ അത്യാചാരത്തിന്റെ പേരില്‍തന്നെ മറ്റെവിടെയെങ്കിലും ഹതഭാഗ്യയായ മറ്റൊരു പെണ്ണിന്റെ കരച്ചില്‍ ഉയരുന്നുണ്ടാവും. ചടയമംഗലത്തെ വിസ്മയ എന്ന പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും പ്രാഥമിക അന്വേഷണത്തില്‍ തന്നെ അതൊരു സ്ത്രീധന കൊലപാതകമായിരുന്നുവെന്ന നിഗമനത്തിലേക്കു കാര്യങ്ങള്‍ എത്തുകയും ചെയ്ത സംഭവം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നടന്നത്. വിസ്മയ മാത്രമല്ല ഉത്ര, പ്രിയങ്ക, തുഷാര തുടങ്ങി ആ പട്ടിക അങ്ങനെ തുടര്‍ന്നുപോവുകയാണ്. ആധുനിക ലോകത്ത് പണവും സ്വര്‍ണവും മനുഷ്യനെക്കാള്‍ വിലപിടിപ്പുള്ള വസ്തുക്കളാവുമ്പോള്‍ ദാമ്പത്യ തകര്‍ച്ചയുടെയും സ്ത്രീധന പീഡനങ്ങളുടെയും ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതില്‍ അതിശയമേതുമില്ല.
തെറ്റുതന്നെയാണ്
സ്ത്രീധനം എന്ന ദുരാചാരം വലിയ തെറ്റുകളിലേക്കാണ് പലപ്പോഴും മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. പാവപ്പെട്ട വീട്ടിലെ മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്താനാവാതെ സങ്കടപ്പെടുന്നതും ഇഷ്ടപ്പെട്ട വിവാഹത്തിനു പണം വില്ലനായതുകൊണ്ട് മാറിനില്‍ക്കുന്ന പെണ്‍കുട്ടികളും നമുക്കു ചുറ്റും ജീവിക്കുന്നുണ്ട്. ഒരുകാലത്ത് നടന്നിരുന്ന ഭ്രൂണഹത്യയുടെ പ്രധാന കാരണം സ്ത്രീധന പേടിയായിരുന്നു. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍തന്നെ വായില്‍ നെല്‍ക്കതിരോ അരിമണിയോ ഇട്ടു കൊന്നുകളഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അതില്‍നിന്നു മാറ്റംവന്നു. പക്ഷേ, ഇന്നും മാതാപിതാക്കള്‍ക്കു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ആധിയാണ്. കുഞ്ഞ് പെണ്ണാണ് ഇനി ഇങ്ങനെയൊന്നും നടന്നാല്‍ പോരാ എന്ന ചുറ്റുപാടുകളുടെ സംസാരം മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കുന്നു എന്നതാണ് വസ്തുത. പലിശ, യാചന തുടങ്ങിയ ദുഷിപ്പുകളുടെ പ്രധാന ഹേതുക്കളില്‍ ഒന്നാണ് സ്ത്രീധനം എന്നു മനസ്സിലാക്കുമ്പോഴും നിര്‍ബന്ധിത സാഹചര്യത്തില്‍ ഈ തെറ്റിലേക്കു നടന്നടുക്കുന്നവരാണ് ഒട്ടുമിക്കവരും. കേരളത്തില്‍ തെക്ക് നിന്നു വടക്കോട്ട് പോരും തോറും ഈ ആചാര സമ്പ്രദായത്തില്‍ വൈവിധ്യങ്ങള്‍ കാണാം. ഓരോ നാട്ടിലും ഓരോ ആചാരങ്ങളും വിശ്വാസങ്ങളും.
നിയമം
നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ സ്ത്രീസമത്വത്തിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും തുല്യാവകാശമെന്നതു നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങളിലൊന്നാണെങ്കിലും ലിംഗനീതി എന്നത് ഇനിയും സാധ്യമാവാത്ത ലക്ഷ്യമായി തുടരുകയാണ് എന്നത് പൊതുവെയുള്ള അഭിപ്രായമാണ്. സംരക്ഷിത വിവേചനം എന്ന ആശയത്തിലൂടെ, ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ വിലയിരുത്തി, സ്ത്രീകള്‍ക്കായി പ്രത്യേക നിയമനിര്‍മാണവും പദ്ധതികളും ആവിഷ്‌കരിക്കുന്നതിനു രാഷ്ട്രത്തിന് അനുമതി നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. ഭരണഘടനയിലെ 243ാം അനുഛേദം തദ്ദേശ ഭരണസമിതികളില്‍ സ്ത്രീസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു. തുല്യതയ്ക്കപ്പുറം, നിയമനിര്‍മാണങ്ങള്‍ നടത്തണമെന്നും സ്ത്രീകള്‍ക്ക് ദോഷകരമായി നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ വിവേചനം ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണു ഭരണഘടന ഇതു വിഭാവനം ചെയ്തിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധികാരഘടനയിലേക്കു കടന്നുനില്‍ക്കാന്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ സ്ത്രീകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. എന്നിട്ടുപോലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും വര്‍ധിച്ചുവരുന്നതായിട്ടാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്ത്രീധനം പോലെതന്നെ സ്ത്രീകളെ വേട്ടയാടുന്ന മറ്റൊരു വെല്ലുവിളിയാണ് വീട്ടകങ്ങള്‍ക്കുള്ളില്‍ നേരിടുന്ന പീഡനങ്ങള്‍. മാനസികമായും ശാരീരികമായും കുടുംബത്തില്‍ വച്ചുണ്ടാവുന്ന എല്ലാ തരം അതിക്രമങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീകള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശസംരക്ഷണം നല്‍കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 2005ല്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമുണ്ടാക്കിയിട്ടുള്ളത്. ഒരു വീട്ടില്‍ ഒരുമിച്ചു താമസിച്ചവരില്‍ നിന്നോ താമസിക്കുന്നവരില്‍ നിന്നോ സ്ത്രീകള്‍ക്കു ശാരീരികമായോ വാക്കാലോ വൈകാരികമായോ ലൈംഗികമായോ സാമ്പത്തികമായോ ഉണ്ടാവുന്ന പീഡനങ്ങളില്‍നിന്നു സംരക്ഷണം നല്‍കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനത്തില്‍ പെടുന്നു. 14 ജില്ലകളിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. അവര്‍ മുഖേന ഗാര്‍ഹിക പീഡനത്തില്‍ പരാതി നല്‍കാം. അവര്‍ വീട്ടിനകത്തു നടന്ന പീഡനത്തെക്കുറിച്ചു റിപോര്‍ട്ട് (ഡൊമസ്റ്റിക്ക് ഇന്‍സിഡന്റ് റിപോര്‍ട്ട്) തയ്യാറാക്കി അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് പാസാക്കുന്ന സംരക്ഷണ ഉത്തരവ് ബന്ധപ്പെട്ടവര്‍ പാലിക്കേണ്ടതാണ്. ഈ സംരക്ഷണ ഉത്തരവ് ലംഘിച്ചാല്‍ ഒരു വര്‍ഷം തടവോ 20,000 രൂപ വരെയുള്ള പിഴയോ രണ്ടും അടങ്ങിയതോ ആയ ശിക്ഷയ്ക്കു വിധേയമാക്കപ്പെടും. സ്ത്രീകളോടു മാന്യമായി പെരുമാറി സുശക്തമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ ലക്ഷ്യമിടുന്നത്.
കണക്കുകള്‍
സാംസ്‌കാരിക കേരളത്തില്‍ 10 വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ മരിച്ചത് 207 വനിതകളാണ്. കഴിഞ്ഞ വര്‍ഷം മാത്രം 24 പേരാണ് മരിച്ചത്. ഇതോടൊപ്പം തന്നെ ഭര്‍തൃപീഡന കേസുകളും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3,454 കേസുകളാണ് ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇടുക്കി, വയനാട്, തിരുവനന്തപുരം സിറ്റി, എറണാകുളം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ സ്ത്രീധന കേസുകളുണ്ടായിട്ടില്ല. ശേഷിക്കുന്ന ജില്ലകളില്‍ ഒരാള്‍ വീതമാണ് മരിച്ചത്. 2007ല്‍ 22 പേരാണ് കൊല്ലപ്പെട്ടത്. 2008ല്‍ ഇത് 25 ആയി. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തില്‍ 21 കേസുകളും 2011ല്‍ 15 കേസുകളുമായിരുന്നെങ്കില്‍ 2012ല്‍ 32 സ്ത്രീകളാണ് മരിച്ചത്. 2013ല്‍ 21 ആയും 2014ല്‍ 19 ആയും 2015ല്‍ ഏഴായും കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷം 24 ആയി വര്‍ധിച്ചു. ഭര്‍ത്താവിനാലും ഭര്‍തൃ കുടുംബങ്ങളില്‍ നിന്നുള്ളവരാലുമുള്ള പീഡനങ്ങളും വര്‍ധിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 44,216 കേസുകളാണ് സംസ്ഥാത്ത് ഇത്തരത്തില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 3,454 കേസുകളില്‍ 436 കേസുകള്‍ വീതം മലപ്പുറത്തും കോഴിക്കോട്ടുമാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് 379 കേസുകളും കൊല്ലത്ത് 346 കേസുകളുമുണ്ടായി. വയനാട്ടില്‍ 96 കേസുകളാണ് ഉണ്ടായത്. ഏറ്റവും കുറവ് 79 കേസുകളുമായി പത്തനംതിട്ട ജില്ലയാണ്. സ്ത്രീകള്‍ക്കെതിരേയുള്ള മറ്റു ആക്രമണക്കേസുകളും വര്‍ധിച്ചിട്ടുണ്ട്. 2007ല്‍ 500 ബലാല്‍സംഗ കേസുകളാണെങ്കില്‍ കഴിഞ്ഞ വര്‍ഷം 1,644 ആയി കുത്തനെ വര്‍ധിച്ചു. തട്ടിക്കൊണ്ടുപോവല്‍, ആക്രമിക്കല്‍, പൂവാല ശല്യം തുടങ്ങിയ കേസുകളും വര്‍ധിച്ചിരിക്കുകയാണ്.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനു പ്രതിരോധവും ഒപ്പം തന്നെ പരിഹാര മാര്‍ഗങ്ങളും ആവശ്യമാണ്. പരിഹാര മാര്‍ഗങ്ങള്‍ എത്രതന്നെ കാര്യക്ഷമമാണെങ്കിലും സംഭവിച്ചുപോയ ദുരന്തത്തിന്റെ ദുഷ്ഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ അതു പ്രാപ്തമാവണമെന്നില്ല. കുറ്റകൃത്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതിനു നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. ഏതൊരു മാറ്റവും തുടങ്ങുന്നത് വീടുകളില്‍ നിന്നാണെന്നത് ഇവിടെയും പ്രാവര്‍ത്തികമാക്കാം. മൂല്യബോധമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെയാണ് പ്രതികൂല സാഹചര്യമൊരുക്കുന്നത്. ഇക്കാര്യവും വീടുകളില്‍ നിന്നു കാര്യകാരണ ഗൗരവത്തോടെ ചര്‍ച്ചചെയ്തു പരിഹരിക്കേണ്ടതായിട്ടുണ്ട്. പൊതുവേ കുറ്റവാളിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കുക നമ്മുടെ നാട്ടില്‍ കുറവാണ്. 'എങ്ങനെയെങ്കിലും സഹിച്ചു കുറച്ചുകൂടി നോക്കു മോളെ' എന്നു മാതാപിതാക്കളും 'എന്റെ വിധി' എന്ന ദീര്‍ഘനിശ്വാസത്തില്‍ എല്ലാം ഒതുക്കുന്ന പെണ്‍കുട്ടികളും പല വീടുകളിലും കാണും. വിവാഹത്തിലേര്‍പ്പെടുന്നവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കുക എന്നത് ഈ സാഹചര്യത്തില്‍ പ്രധാന കാര്യമാണ്. ജീവിതത്തില്‍ എന്തു പ്രശ്‌നം വന്നാലും നിനക്കിവിടെ കയറിവരാം എന്ന ഉറപ്പു മാതാപിതാക്കള്‍ മക്കള്‍ക്കു കൊടുക്കേണ്ടിയിരിക്കുന്നു. കല്യാണത്തോടെ ജനിച്ചുവളര്‍ന്ന വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും കൃത്യമായ സ്ഥാനമില്ലാത്തവരാണ് സ്ത്രീകള്‍ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ട്. എല്ലാവിധ സാമൂഹിക വിപത്തിനെക്കുറിച്ചും അനാചാരങ്ങള്‍, ദുരാചാരങ്ങള്‍ എന്നിവ ഇല്ലായ്മ ചെയ്യാനും ബോധവല്‍ക്കരണം നടത്തേണ്ടതുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുമ്പുണ്ടായിരുന്ന ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ കുറ്റവാളിയെ രാഷ്ട്രീയ ഇടപെടലുകളിലൂടെ സംരക്ഷിക്കുന്നതിനു പകരം അവരെ സമൂഹം ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. നിയമങ്ങളുണ്ടായാല്‍ മാത്രം പോരാ. നിയമപാലകരും ജാഗരൂകരാവണം. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകരില്‍ നിന്നു നീതിപൂര്‍വമായ അന്വേഷണങ്ങള്‍ ഉണ്ടാവണം. എന്നാല്‍ മാത്രമേ കോടതികളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുകയുള്ളൂ. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഇരകള്‍ക്കു നീതി ലഭിച്ചെന്നു നമുക്ക് ആശ്വസിക്കാന്‍ സാധിക്കുകയുള്ളൂ. ഇല്ലെങ്കില്‍ ഇനിയും ഒരുപാട് 'വിസ്മയമാര്‍' നമ്മുടെ കേരളത്തിലുണ്ടാവും. ഇനിയെങ്കിലും കഴുത്തില്‍ വീണ താലി കൊലക്കയറാവാതിരിക്കട്ടെ എന്ന് നമുക്കു പ്രാര്‍ഥിക്കാം.
RELATED STORIES
നാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTപാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
10 Jan 2025 3:15 PM GMTയുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
10 Jan 2025 3:10 PM GMTഗൗരി ലങ്കേഷ് വധം: പ്രതിക്ക് ജാമ്യം
10 Jan 2025 3:04 PM GMT