Latest News

'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം'; തുടരന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ജസ്നയുടെ പിതാവ്

ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം; തുടരന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ജസ്നയുടെ പിതാവ്
X

പത്തനംതിട്ട: ജസ്‌ന തിരോധാന കേസില്‍ രണ്ട് പേരെയാണ് സംശയിക്കുന്നതെന്ന് ജസ്‌നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ് സംശയിക്കുന്നത്. തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. പുനര്‍ അന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ജെയിംസ് പ്രതികരിച്ചു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. പക്ഷേ അന്വേഷണം വഴിതെറ്റിക്കാന്‍ പല ഘട്ടത്തിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ജസ്‌നയുടെ പിതാവ് , താന്‍ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ജസ്‌ന തിരോധാന കേസില്‍ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജസ്‌നയുടെ പിതാവ്. ജസ്‌നയുടെ പിതാവ് ജയിംസിന്റെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സിബിഐ അന്വേഷണത്തില്‍ പരിഗണിക്കാത്ത ചില തെളിവുകള്‍ ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും ജസ്‌നക്ക് എന്ത് പറ്റിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജസ്‌ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്ന് വരെ പറഞ്ഞാണ് സിബിഐ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചത്. സിബിഐ റിപോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് പുതിയ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിലാണ് ജെയിംസ് തെളിവുകളും ഹാജരാക്കിയത്. പിതാവ് നല്‍കിയ തെളിവുകള്‍ അന്വേഷിച്ചതാണെന്ന് ആദ്യം നിലപാട് എടുത്ത സിബിഐ പുതിയ തെളിവുകള്‍ കൈമാറിയാല്‍ തുടരന്വേഷണത്തിന് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it