Latest News

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു
X

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ലണ്ടനിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് തടഞ്ഞുവച്ചത്. മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞതിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് തനിക്ക് ലഭിച്ചതെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ്19 ദുരിതാശ്വാസത്തിനായി നിയമങ്ങള്‍ ലംഘിച്ച് വിദേശ ധനസഹായം സ്വീകരിച്ചെന്നാണ് കേസ്.

'ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇന്ന് മുംബൈ ഇമിഗ്രേഷനില്‍ തടഞ്ഞുവച്ചത്. പോകുന്ന കാര്യം ആഴ്ചകകള്‍ക്കുമുമ്പ് പ്രഖ്യാപിച്ചതിനുശേഷവും വിമാനത്താവളത്തില്‍ തടഞ്ഞതിന് ശേഷമാണ് സമന്‍സ് എന്റെ ഇന്‍ബോക്‌സില്‍ എത്തിയത്'- റാണ അയ്യൂബ് ട്വീറ്റ് ചെയ്തു.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്‌സ് അയ്യൂബിനെ യുകെയിലേക്ക് ക്ഷണിച്ചിരുന്നു. തനിക്ക് ഓണ്‍ലൈന്‍ പീഡനങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അയ്യൂബ് പലപ്പോഴും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏപ്രില്‍ ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

'ഹിന്ദു ഐടി സെല്‍' സ്ഥാപകനും ഗാസിയാബാദിലെ ഇന്ദിരാപുരം നിവാസിയുമായ വികാസ് സംകൃത്യായന്‍ സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത കേസിലാണ് റാണ അയൂബിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തത്.

2020 നും 2021 നും ഇടയില്‍ ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കായി കെറ്റോ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി ഇവര്‍ 2.69 കോടി രൂപ സമാഹരിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.

'കെട്ടോ വഴി ലഭിച്ച ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it