Latest News

തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ; പോലിസ് തലപ്പത്തെ അഴിച്ചുപണിയെ പരിഹസിച്ച് കെ മുരളീധരന്‍

തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ; പോലിസ് തലപ്പത്തെ അഴിച്ചുപണിയെ പരിഹസിച്ച് കെ മുരളീധരന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തി കെ മുരളീധരന്‍ എംപി. കേരളത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്നും പോലിസില്‍ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം രൂക്ഷ വിമര്‍ശനമുന്നയിച്ച അദ്ദേഹം, 'തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കുമോ' എന്നായിരുന്നു പോലിസിലെ അഴിച്ചുപണിയെ പരിഹസിച്ചത്.

പകല്‍ പോലും സ്ത്രീകള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികള്‍ക്ക് എളുപ്പത്തില്‍ സ്‌റ്റേഷനില്‍ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്. ക്രമസമാധാനം പരിപൂര്‍ണമായി തകര്‍ന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ച മുരളീധരന്‍, മാര്‍ക്‌സിസ്റ്റ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും പ്രതികളായ ബിജെപിക്കാരെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് മാര്‍ക്‌സിസ്റ്റുകാര്‍ തന്നെയാണെന്നും ആരോപിച്ചു. പകല്‍ ബിജെപിയെ വിമര്‍ശിക്കും. രാത്രി സഹായം തേടുമെന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും മുരളീധരന്‍ പരിഹസിച്ചു.

മുസ് ലിം ലീഗ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ച മുരളീധരന്‍, ലീഗിനെ അശേഷം സംശയമില്ലെന്നും 52 വര്‍ഷത്തെ ബന്ധമാണ് മുസ്‌ലിം ലീഗുമായി കോണ്‍ഗ്രസിനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ഇപി ജയരാജന്‍ വിളിച്ചാലൊന്നും ലീഗ് യുഡിഎഫ് മുന്നണി വിട്ടു പോകില്ല. യുഡിഎഫിന്റെ കെട്ടുറപ്പിന് ഏറ്റവും സംഭാവന ചെയ്യുന്നത് ലീഗാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇടതു കോണ്‍ഗ്രസ് സഖ്യം കൊണ്ട് ഒരു സംസ്ഥാനത്തും ഗുണമില്ല. എന്നാല്‍ സിപിഎം ദേശീയ നേതൃത്വം കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. കെ വി തോമസിന് ഇഫ്താറിന്റെ പ്രാധാന്യം അറിയില്ല. മത സൗഹാര്‍ദ്ദ സന്ദേശമാണത് നല്‍കുന്നത്. ജാതിയും മതവും കക്ഷിയും നോക്കാതെ എല്ലാവരും പരസ്പരം പങ്കെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ പോയി പിണറായി സ്തുതി പറയുന്നത് പോലെയല്ല അത്. കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണി വേണമെന്ന് പറഞ്ഞ സിപിഐയുടെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് വിഷ്ണുനാഥ് പോകുന്നത് തെറ്റല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it