Latest News

കെ റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭ ചേരണം; സംസ്ഥാന വ്യാപകസമരം പ്രഖ്യാപിച്ച് യുഡിഎഫ്

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയുമെന്നും യുഡിഎഫ്

കെ റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭ ചേരണം; സംസ്ഥാന വ്യാപകസമരം പ്രഖ്യാപിച്ച് യുഡിഎഫ്
X

തിരുവനന്തപുരം: കെ റയില്‍ വഴി നടപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനവ്യാപകസമരത്തിന് യുഡിഎഫ്. സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ ചേരണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. സംസ്ഥാനവ്യാപക സമരത്തിന് സംസ്ഥാനതലത്തിലെ തന്നെ ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കും. കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികളുണ്ടാകും. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയുമെന്നും യുഡിഎഫ് സംയുക്തമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സമരപരിപാടികളാലോചിക്കാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ തിടുക്കമെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ചോദിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കോര്‍പ്പറേറ്റ് പദ്ധതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്. ജനം ഇതിനെ എതിര്‍ക്കും. ആരും വികസനവിരോധികളല്ല. ജനങ്ങളുടെ സമരമാണിത്. നന്ദിഗ്രാമില്‍ കണ്ടതും കര്‍ഷകസമരത്തില്‍ കണ്ടതും കേരളത്തില്‍ ആവര്‍ത്തിക്കും. അവസരവാദം ആരെ സഹായിക്കാനാണെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.

അതിരു കല്ലുകള്‍ പിഴുതു മാറ്റിയതുകൊണ്ടുമാത്രം ഒരു പദ്ധതിയും ഇല്ലാതാകില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. കല്ല് പിഴുതുമാറ്റുന്നവര്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരും. ഇത്തരം നടപടികളില്‍ നിന്ന് യുഡിഎഫ് പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നാണ് കോടിയേരി പരിഹസിക്കുന്നത്. യുദ്ധം ചെയ്യാനുള്ള സന്നാഹമൊരുക്കുമെന്ന് പറയുന്നത് വെറും വീരസ്യം പറച്ചില്‍ മാത്രമാണ്. കല്ലുകള്‍ പിഴുതുമാറ്റിയാല്‍ സര്‍ക്കാര്‍ നിയമനടപടിയെടുക്കുമെന്നും ഇന്നലെ കല്ല് പിഴുത് സമരം പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയായി കോടിയേരി പറഞ്ഞു.

അതിവേഗപാത കേരളത്തെ രണ്ടായി മുറിക്കില്ലെന്നും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഇന്നലെ മുതല്‍ വിശദീകരണയോഗം തുടങ്ങിയിരുന്നു. നാളെ കൊച്ചിയിലാണ് രണ്ടാം വിശദീകരണയോഗം. പൗരപ്രമുഖരെയും ജനപ്രതിനിധികളെയും മറ്റ് വിദഗ്ധരെയും അടക്കം അണിനിരത്തിയാണ് യോഗം. മന്ത്രി പി രാജീവും കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it