Latest News

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം:പ്രതി കുറ്റക്കാരന്‍;ശിക്ഷ തിങ്കളാഴ്ച

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം:പ്രതി കുറ്റക്കാരന്‍;ശിക്ഷ തിങ്കളാഴ്ച
X

പിസി അബ്ദുല്ല

കല്‍പ്പറ്റ: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക ക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൊട്ടില്‍പാലം കലങ്ങോട്ടുമ്മല്‍ വിശ്വനാഥനുള്ള(45) ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.കൊലപാതകം,ഭവനഭേദനം,കവര്‍ച്ച,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്.ഇതില്‍ 45 ഓളം പേരെ മാത്രമാണ് വിസ്തരിച്ചത്.

2018 ജൂലൈ ആറിനാണ് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മറും(26),ഭാര്യ ഫാത്തിമ(19)യും വെട്ടേറ്റ് കൊല്ലപ്പെട്ടത്.പ്രതി തൊട്ടില്‍പ്പാലം കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ മോഷണ ഉദ്ദേശത്തോടെ ദമ്പതികളെ കൊലപ്പെടുത്തിയെന്നാണു കേസ്. പത്തു പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി കവര്‍ന്നു. തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ ക്രൂര കൃത്യത്തില്‍ രണ്ടുമാസം നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2020 നവംബറിലാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ വിചാരണ ആരംഭിച്ചത്. കണ്ടത്തുവയലില്‍ യുവ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെ ദുരൂഹ നീക്കങ്ങളുമായി പ്രതിഭാഗം രംഗത്തു വന്നിരുന്നു. വിചാരണക്കിടെ കേസ് അട്ടിമറിക്കുന്ന തരത്തിലുള്ള ആരോപണങ്ങളുയര്‍ത്തി പ്രതി ഭാഗം രംഗത്തു വന്നതിനു പിന്നില്‍ സംഘപരിവാര ഇടപെടലാണെന്ന ആക്ഷേപം ഉയര്‍ന്നു. കൊലപാതകത്തിനു പിന്നില്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതിയല്ലെന്നും ഒരു സംഘടനയോടുള്ള ചിലരുടെ വിരോധമാണ് കൊലക്കു കാരണമെന്നുമാണ് പ്രതി ഭാഗം വിചാരണക്കിടെ ആരോപണം ഉന്നയിച്ചത്.

മരണപ്പെട്ട ദമ്പതികളുടെ വീട്ടില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പലരും വന്ന് താമസിച്ച് മതപഠനം നടത്തുന്നതായുള്ള പരാതി സംഘപരിവാര കേന്ദ്രങ്ങള്‍ വെള്ളമുണ്ട പോലിസിന് നല്‍കിയിരുന്നുവെന്നാണ് വിചാരണക്കിടെ പ്രതിഭാഗം കോടതിയെ അറിയിച്ചത്. തബ്‌ലീഗ് ജമാഅത്തിനെതിരെയായിരുന്നു പരാതിക്കാര്‍ ലക്ഷ്യമിട്ടത്.എന്നാല്‍ ഇങ്ങനെയൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് വെള്ളമുണ്ട പോലിസിന്റെ വിശദീകരിച്ചതോടെ പ്രതിഭാഗത്തിന്റെയും സംഘപരിവാരത്തിന്റെയും നീക്കം പൊളിഞ്ഞു.

കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി വി ഹാരിസാണ് വിധി പറഞ്ഞത്. 2018 ജൂലൈ ആറിനാണ് മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെ വിശ്വനാഥന്‍ കൊലപ്പെടുത്തിയത്.ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ താമസിക്കുന്ന കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ പോലിസ് അറസ്റ്റുചെയ്തു. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊലചെയ്തതെന്നും പോലിസ് കണ്ടെത്തിയത്. കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും സമാനമായ കേസുകളില്‍ പ്രതികളായവരെയും ജയിലുകളില്‍നിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.എഴുന്നൂറോളം പേരെയാണ് പോലിസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള സൈബര്‍ അന്വേഷണവും ശാസ്ത്രീയപരിശോധനകളുമാണ് പ്രതിയെ വലയിലാക്കിയത്.

Next Story

RELATED STORIES

Share it