Latest News

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയം: കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരേ ആഞ്ഞടിച്ച് നിയമസഭ; വിമര്‍ശനത്തില്‍ ഭരണപക്ഷത്തെ കടത്തിവെട്ടി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ആദ്യ പ്രമേയ ഉള്ളടക്കത്തില്‍ മാറ്റം; തിരുത്തിയതില്‍ കാവി പരാമര്‍ശം; ഒടുവില്‍ പ്രതിപക്ഷ ഭേദഗതിയും

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയം: കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരേ ആഞ്ഞടിച്ച് നിയമസഭ; വിമര്‍ശനത്തില്‍ ഭരണപക്ഷത്തെ കടത്തിവെട്ടി പ്രതിപക്ഷം
X

തിരുവനന്തപുരം: ലക്ഷ ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള നിയമസഭാ പ്രമേയാവതരണത്തില്‍, സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനും എതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം. നേരത്തെ തയ്യാറാക്കി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രമേയത്തിന്റെ പകര്‍പ്പില്‍ വ്യത്യസ്തമായിരുന്നു മുഖ്യമന്ത്രി ഇന്ന് സഭയില്‍ അവതരിപ്പിച്ചത്. കാവി, സംഘപരിവാരം എന്നീ പദങ്ങള്‍ക്ക് ഇന്നലത്തെ പ്രമേയത്തില്‍ ഇടമില്ലായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരേ കാര്യമായ വിമര്‍ശനവും പ്രമേയത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ഈ പദങ്ങളൊക്കൊ ഇടം പിടിച്ചു. പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് രണ്ടാമത് പ്രമേയത്തില്‍ മാറ്റം വരുത്തിയത്.

കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ലക്ഷദ്വീപമെന്നും അതില്‍ കേന്ദ്രത്തെ ശക്തമായി വിമര്‍ശിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. പ്രമേയത്തില്‍ അനൂപ് ജേക്കബ്, പിടി തോമസ്, എന്‍ ഷംസുദ്ദീന്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഭേദഗതി ആവശ്യപ്പെട്ടത്.

തന്റെ സംഘപരിവാര വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷ നേതാവ്, സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ പ്രമേയ ഭേദഗതി ഒന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചില്ല. ഒടുവില്‍ പ്രതിപക്ഷ ഭേദഗതിയോടെ പ്രമേയം ഐക്യകണ്‌ഠേന നിയമസഭ പാസാ്്ക്കി

സാംസ്‌കാരിക അധിനിവേശം, കരിനിയമം അറബിക്കടലില്‍ എറിയണം-വിഡി സതീശന്‍

ലക്ഷ ദ്വീപില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്നത്് ഉള്‍പ്പടെയുള്ള കരിനിയമങ്ങള്‍ അറബിക്കടലില്‍ എറിയണം. സാസ്‌കാരിക അധിനിനിവേശമാണ് അവിടെ നടക്കുന്നത്.

സാംസ്‌കാരിക അധിനിവേശമാണ് നടക്കുന്നത്. നാളികേര മല്‍സ്യ ഷെഡുകള്‍ പൊളിച്ച് നീക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടന അവകാശമാണ് ലംഘിക്കപ്പെടുന്നത്. ജനതക്ക് കാവലാകേണ്ട ഭരണകൂടമാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത്. ജനസംഖ്യാനിയന്ത്രണവും ഗുണ്ടാ ആക്ടുമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

പ്രട്ടോകോളുകള്‍ കാറ്റില്‍ പറത്തിയത് കൊവിഡ് വ്യാപനത്തിനിടയാക്കി. ദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമായി ഉയര്‍ന്നു. സംഘപരിവാറിന്റെ രാഷ്ട്രീയത്തെ മുളയിലേ നുള്ളണം. നാടിന്റെ മതേതര മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കാന്‍ ശ്രമിക്കുന്ന നീക്കത്തിനെതിരേ, ഇന്ത്യക്ക് മാതൃകയാവാന്‍ കേരളത്തിന് കഴിയണം. പ്രമേയത്തെ ഞാന്‍ പിന്താങ്ങുന്നു.

ഭേദഗതി നിര്‍ദ്ദേശിച്ച് പ്രതിപക്ഷ കക്ഷികള്‍

കേന്ദ്രസര്‍ക്കാരിനെ പേരെടുത്തു വിമര്‍ശിക്കണം-പിടി തോമസ്

കേന്ദ്രസര്‍ക്കാരാണ് അഡ്മിനിസ്‌ട്രേറ്ററെ കൊണ്ട് ഇതല്ലൊം ചെയ്യിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനെ പേരെടുത്തു വിമര്‍ശിക്കണം. ടിബറ്റില്‍ കമ്മ്യൂനിസ്റ്റ് ചൈന ചെയ്തപോലെയാണ് കേന്ദ്രം ഇപ്പോള്‍ ലക്ഷദ്വീപില്‍ ചെയ്യുന്നത്. എന്നാല്‍ ഈ പരാമര്‍ശം പ്രമേയ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി.

സംഘപരിവാറും അവരാല്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാറും എന്നു തന്നെ പറയണം-എന്‍ ഷംസുദ്ദീന്‍

കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പേരെടുത്തു വിമര്‍ശിക്കുന്നു. സംഘപരിവാറും അവരാല്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാറും എന്നു തന്നെ പറയണം. കശ്മീര്‍ വെട്ടിമുറിച്ചത് പോലെ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്ന പോലെയാണ് ലക്ഷദ്വീപിലെ നീക്കങ്ങളും. അഡ്മിനിസ്‌ട്രേറ്ററെ നീക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ മുഴുവന്‍ ഉത്തരവുകളും നീക്കണം


ഇന്നലെ കശ്മീര്‍, ഇന്ന് ലക്ഷദ്വീപ്, നാളെയത് കേരളമാകാം-പികെ കുഞ്ഞാലിക്കുട്ടി

ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെയത് കേരളമാകാം. സംഘപരിവാരത്തിന് താല്‍പര്യമില്ലാത്ത നാടാണ് കേരളം. അവര്‍ക്ക് താല്‍പര്യമില്ലാത്ത നാടുകളില്‍ ഇത്തരം പല കാര്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കും.

കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കു്ന്നു-മുഖ്യമന്ത്രി

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപില്‍ ഉണ്ടായി.

പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതി യാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വ്വമായിത്തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയെ നേരിടുന്നതിന് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ തുടര്‍ന്നും വികസിച്ചുവരികയായിരുന്നു.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനമെന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പിലാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവയ്ക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ നേതൃത്വം നല്‍കുന്നത്.

ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയെല്ലാം ഇല്ലാതാക്കി ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നു. ജില്ലാ പഞ്ചായത്തിന്റെയും വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ നിന്നും മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, കാര്‍ഷികം എന്നീ വകുപ്പുകള്‍ എടുത്തുമാറ്റുകയാണ്.

ഈ വകുപ്പുകളില്‍ നേരിട്ട് ഇടപെടാന്‍ അധികാരമില്ലാതിരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അതിനുള്ള അധികാരവും ഒരു ഉത്തരവിലൂടെ നല്‍കിയിരിക്കുകയാണ്. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ച് ദ്വീപിന്റെ സ്വാഭാവികമായ ജനാധിപത്യക്രമത്തെ തകര്‍ക്കുകയാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിവിചിത്രമായ ഉത്തരവും അവതരിപ്പിക്കുകയാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സമീപനം നമ്മുടെ രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. അതും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ദ്വീപിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അവരുടെ ജനാധിപത്യപരമായ അവകാശം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാവുക. ദ്വീപ സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും സംസ്‌കാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ നിലനില്‍ക്കുന്ന നിയമമാണ് ദ്വീപിന് പുറത്തുള്ള ആര്‍ക്കുമിവിടെ ഭൂമി വാങ്ങാന്‍ അവകാശമില്ലായെന്നത്. ഇന്ത്യയില്‍ പലയിടത്തും നിലനില്‍ക്കുന്ന നിയമവുമാണിത്. എന്നാല്‍ അതിനും മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങളും നടപ്പിലാക്കുകയാണ്.

ഒരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശവും പുതുക്കണമെന്ന നിര്‍ദ്ദേശവും വന്നുകഴിഞ്ഞു. ഇതിന് വീഴ്ച വന്നാല്‍ രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും ഒരോ ദിവസം 20,000 രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശവും വന്നുകഴിഞ്ഞു. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്നവര്‍ക്ക് തീര്‍ത്തും അപ്രാപ്യമായ നടപടിയാണ് വന്നുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബര്‍ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗവുമായിരുന്നു.

കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവിതക്രമവും സാംസ്‌കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ കൊച്ചിയിലുമാണ്.

ചരക്കുകള്‍ വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനില്‍ക്കുന്ന ഈ പാരസ്പര്യ ബന്ധത്തെ തകര്‍ക്കുവാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സാംസ്‌കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷ തകള്‍ക്കും അവിടത്തെ തനതു ജീവിതരീതികള്‍ക്കുംമേല്‍ കടന്നുകയറ്റം നടത്തുന്ന നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനതയുടെ ജീവിത സവിശേഷതകളെ തകര്‍ക്കപ്പെടുന്ന പരിശ്രമങ്ങള്‍ നടന്നിടത്തെല്ലാം ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെ സ്വന്തം നാട്ടില്‍ അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങള്‍ പലയിടത്തുമുണ്ട്. അതു പാഠമാകണം. അത്തരം ഹീനമായ പ്രവൃത്തികള്‍ ഇന്ത്യയിലുണ്ടാവരുത്.

രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരെ നില്‍ക്കുന്ന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ലക്ഷ ദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു.

അത് ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യന്‍ ജനതയുടെയാകെ മനസ്സില്‍ ഉയരുന്നു. കേരളം ആ ആശങ്ക പങ്കു വയ്ക്കുന്നു. കൊളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമയ്ക്കുമേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് തീര്‍ത്തും അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്.

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്. ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ഉപജീവന മാര്‍ഗം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാനുള്ള നടപടികളും അവര്‍ സ്വീകരിച്ചുവരുന്നു. ഒരു ജനതയെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദേശീയ സ്വാതന്ത്ര പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കാനാവൂ.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന പ്രമേയം ഈ സഭ ഐകണ്‌ഠ്യേന പാസ്സാക്കണമെന്ന് ആവശ്യപ്പെടുന്നു.


Next Story

RELATED STORIES

Share it