Sub Lead

'കുട്ടിക്കാലത്ത് അലി ഖാന്‍; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി ഖാന്‍' വൈറലായി വിഭജന ദുരന്തകഥ

ഇനി പാകിസ്താനില്‍ അലി ഖാന്‍ ആയി ഛോട്ടാ സിങ് ജീവിക്കും.

കുട്ടിക്കാലത്ത് അലി ഖാന്‍; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി ഖാന്‍ വൈറലായി വിഭജന ദുരന്തകഥ
X

ലുധിയാന: ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇന്ത്യയും പാക്കിസ്താനുമായി വിഭജിക്കപ്പെട്ട 1947ലെ കലാപങ്ങളുടെ മുറിവുകള്‍ ഇന്നും അതിര്‍ത്തിപ്രദേശങ്ങളിലെ ജനങ്ങളുടെ ഹൃദയത്തിലുണ്ട്. പുതിയ രാജ്യങ്ങള്‍ ബന്ധക്കാരെയും സ്വന്തക്കാരെയും ശത്രുരാജ്യക്കാരായി മാറ്റിയതെല്ലാം ഇന്നും നീറുന്ന വേദനയാണ്. അക്കാലത്തെ ഒരു മുറിവ് കഴിഞ്ഞ ദിവസം ഉണങ്ങിയതായി പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നു.

ലുധിയാന സ്വദേശിയായ ഛോട്ടാ സിങ്ങിന്റെ ജീവിതത്തിലാണ് വലിയ മാറ്റമുണ്ടായിരിക്കുന്നത്. ഛോട്ടാ സിങ് ഇന്ന് അലി ഖാനാണ്. താമസം പാകിസ്താനിലെ ടോബ ടെക് സിങ് പ്രദേശത്തെ ഒരു ഖാന്‍ കുടുംബത്തിലും.

ഛോട്ടാ സിങ് എന്ന അലി ഖാന്റെ കഥയിങ്ങനെ

പഞ്ചാബിലെ ഗുന്‍ഗറാലി രജപുത്താന്‍ പ്രദേശത്ത് ഒരു മുസ്‌ലിം കുടുംബത്തിലാണ് അലി ഖാന്‍ ജനിച്ചത്. 1947 മാര്‍ച്ചില്‍ അലി ഖാന് എട്ടു വയസു മാത്രമായിരുന്നു പ്രായം. പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ പ്രദേശത്ത് വലിയ കലാപങ്ങള്‍ക്ക് കാരണമായി. അലി ഖാനും അമ്മായിയും താമസിച്ചിരുന്ന വീട്ടിലെത്തിയ അക്രമി സംഘം അമ്മായിയെ കൊന്നു. ഒളിച്ചിരുന്നതിനാല്‍ അലി ഖാന്‍ രക്ഷപ്പെട്ടു.

ഉമ്മയും വാപ്പയും അലിഖാനെ തേടിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. അന്നത്തെ കലാപ കലുഷിതമായ സാഹചര്യത്തില്‍ അവര്‍ അലിഖാന്‍ ഇല്ലാതെ തന്നെ പാക്കിസ്താനിലേക്ക് പോയി. വീടിന് സമീപം അലഞ്ഞുതിരിഞ്ഞ അലിഖാനെ, ഗുല്‍സാര്‍ സിങ് എന്ന സിഖുകാരന്റെ കുടുംബം ഏറ്റെടുത്തു വളര്‍ത്തി. ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഗുല്‍സാര്‍ സിങ്ങിന്റെ മകന്‍ കൊല്ലപ്പെട്ടിരുന്നു. അനാഥനായ അലിഖാനെ ഏറ്റെടുത്തു വളര്‍ത്താന്‍ ഗുല്‍സാര്‍ സിങ്ങിനോട് സമുദായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പിന്നെ, ഛോട്ടാ സിങ്ങായി ഗുല്‍സാര്‍ സിങിന്റെ കുടുംബത്തിലാണ് അലി ഖാന്‍ വളര്‍ന്നത്. എന്നാല്‍, സ്വന്തം കുടുംബത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം അവന്റെ ഉള്ളിലുണ്ടായിരുന്നു. ഇപ്പോള്‍ 85ാം വയസിലാണ് ഈ ആഗ്രഹം പൂവണിഞ്ഞിരിക്കുന്നത്.

ലുധിയാനയിലെ ഡോക്ടറായ ഷാക്കിര്‍ ലിബ്രയുമായുള്ള സംഭാഷണമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. ഛോട്ടാസിങ്ങിന്റെ കഥ പറയുന്ന ഒരു പോസ്റ്റ് ഷാക്കിര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.


ഈ പോസ്റ്റ് വൈറലായി അതിര്‍ത്തികടന്ന് പാകിസ്താനിലും എത്തി. സംഭവമറിഞ്ഞ പാകിസ്താനിലെ യൂട്യൂബറായ ഡോ. മുഹമ്മദ് അഹ്‌സാന്‍ ചോട്ടാ സിങ്ങിന്റെ കുടുംബത്തെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

അവസാനം പാകിസ്താനിലെ ടോബ ടെക് സിങ് പ്രദേശത്തെ ഒരു ഖാന്‍ കുടുംബത്തെ കണ്ടെത്തി. ഡിഎന്‍എ പരിശോധന കൂടി നടത്തിയാണ് ബന്ധം സ്ഥിരീകരിച്ചത്. ബന്ധുക്കളുണ്ടെന്ന് സ്ഥിരീകരിച്ചതോടെ പാകിസ്താന്‍ വിസക്ക് അപേക്ഷിക്കുകയാണ് ഛോട്ടാ സിങ് ചെയ്തത്. വിസ കിട്ടിയതോടെ വാഗ അതിര്‍ത്തി വഴിയാണ് പാക്കിസ്താനില്‍ എത്തിയത്. അതിര്‍ത്തിയില്‍ തന്നെ സഹോദരങ്ങളുടെ മക്കള്‍ കാത്തിരുന്നു. അവര്‍ ആഘോഷത്തോടെ ഛോട്ടാസിങ്ങിനെ വീട്ടിലേക്ക് കൊണ്ടുപോയതായി റിപോര്‍ട്ടുകള്‍ പറയുന്നു.


ഛോട്ടാ സിങ്ങിന്റെ ആറു സഹോദരന്‍മാര്‍ മരിച്ചു പോയെങ്കിലും സഹോദരപുത്രന്‍മാര്‍ നിരവധി പേരുണ്ട്. അവരാണ് സ്വാഗതം ചെയ്തത്. രണ്ടു ആഴ്ച്ച മുമ്പാണ് ഒരു സഹോദരന്‍ മുഹമ്മദ് റംസാന്‍ മരിച്ചത്. ഇനി പാകിസ്താനില്‍ അലി ഖാന്‍ ആയി ഛോട്ടാ സിങ് ജീവിക്കും.

Next Story

RELATED STORIES

Share it