Latest News

ആവിക്കല്‍ തോട് മാലിന്യ പ്ലാന്റ്: സമരക്കാരെ തീവ്രവാദികളാക്കി അധിക്ഷേപിച്ച് മന്ത്രി എംവി ഗോവിന്ദന്‍

സമരത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമെന്ന്

ആവിക്കല്‍ തോട് മാലിന്യ പ്ലാന്റ്: സമരക്കാരെ തീവ്രവാദികളാക്കി അധിക്ഷേപിച്ച് മന്ത്രി എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: കോഴിക്കോട് ആവിക്കല്‍ തോട് മലിന്യ പ്ലാന്റിനെതിരായ സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കി അധിക്ഷേപിച്ച് മന്ത്രി എംവി ഗോവിന്ദന്‍. സമരത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമാണ്. ആവിക്കല്‍ പ്ലാന്റിനെതിരെ എം കെ മുനീര്‍ എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അടിയന്തര പ്രമേയത്തിനുളള അനുമതി സര്‍ക്കാര്‍ നിഷേധിച്ചു.

ആവിക്കല്‍ വിഷയത്തില്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തീവ്രവാദ സാന്നിധ്യം സമരത്തിന് പിന്നില്‍ ഉണ്ടായിട്ടുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് കൊണ്ടുവന്നത്. എംകെ മുനീര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

തീവ്രവാദപ്രവര്‍ത്തനമാണ് സമരത്തിലേക്ക് എത്തിച്ചത്. പ്ലാന്റിനെതിരേയുള്ള സമരത്തില്‍ 14 കേസുകള്‍ എടുത്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലിസിനെ ആക്രമിച്ചു. സംഭവത്തില്‍ എട്ട് പോലിസുകാര്‍ക്ക് പരുക്കേറ്റു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാന്റിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ പ്രവര്‍ത്തി ആരംഭിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധക്കാരുമായി കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ചര്‍ച്ച നടത്തി. പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍വകക്ഷി യോഗം വിളിക്കുകയും ചെയ്തിരുന്നു. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ മുഖവിലക്ക് എടുത്തേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് അമൃതം പദ്ധതി പ്രകാരം നടപ്പാക്കിയിട്ടുളള മാലിന്യ സംസ്‌കരണം പ്ലാന്റ് സമീപ വാസികളെ ഉള്‍പ്പെടുത്തി പരിശോധിച്ചിരുന്നു. ഇത് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കുന്നില്ലെന്നും നേരിട്ട് കണ്ട് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുളളതുമാണ്. കണ്ണൂരിലെ മാലിന്യ പ്ലാന്റിനെ കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവിടുത്തെ സമരസമിതിയോട് തിരുവനന്തപുരത്തെ പ്ലാന്റ് കാണാന്‍ അവരോട് ആവശ്യപ്പെട്ടു. അത് പ്രകാരം അവര്‍ വരുകയും ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ കണ്ണൂരില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ആവിക്കല്‍ പ്ലാന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയോ ദുര്‍വാശിയോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സമരക്കാരെ തീവ്രവാദികളാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it