Latest News

ആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ? സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് നേതാവ്

ആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ? സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് നേതാവ്
X

കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കവെ സിപിഎമ്മിനെതിരേ ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. കോഴിക്കോട് കോര്‍പറേഷന്റെ ആവിക്കല്‍തോട് മലിനജല പ്ലാന്റ് പദ്ധതിക്ക് കൗണ്‍സിലില്‍ ബിജെപി പിന്തുണ അറിയിച്ചിരുന്നു. ഇതിനുള്ള നന്ദി പ്രകടനമായാണോ ബീന ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ജിഷാന്‍ ടി പി എം ചോദിച്ചു. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നാണ് ഫേസ്ബുക്കിലൂടെ ജിഷാന്‍ ആവശ്യപ്പെട്ടത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം കോര്‍പറേഷന്റെ മേയറായിരുന്ന എന്‍ പത്മലോജനനെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് സിപിഎം നീക്കം ചെയ്തിരുന്നു. സമാനമായി കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ് ആര്‍എസ്എസ്സിന്റെ പോഷക സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തില്‍ അവരെ നീക്കം ചെയ്യുമോ ? ആവിക്കല്‍തോട് പദ്ധതിക്ക് കൗണ്‍സിലില്‍ ബിജെപി പിന്തുണ നല്‍കിയതിന് നന്ദി അറിയിച്ചതാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ജിഷാന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. ആവില്‍ക്കല്‍തോട് മലിനജല പ്ലാന്റിനെതിരേ സിപിഎമ്മും ബിജെപിയും ഒഴികെയുള്ള പാര്‍ട്ടികളെല്ലാം ശക്തമായ പ്രക്ഷോഭത്തിലാണ്. പദ്ധതിയുടെ ദുരിതം നേരിട്ട്് ബാധിക്കുന്ന പ്രദേശവാസികളായ സിപിഎമ്മുകാരും സമരത്തില്‍ മുന്‍നിരയിലുണ്ട്.

എന്നാല്‍, ആദ്യം മുതല്‍ തന്നെ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ആരോപണമുയര്‍ത്തി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് സിപിഎം ശ്രമിച്ചത്. ബിജെപിയും സിപിഎമ്മിന് കുടപിടിക്കുകയാണ് ചെയ്തത്. സിപിഎം- ബിജെപി ബാന്ധവത്തിന്റെ ഭാഗമായാണ് പദ്ധതിയെ പിന്തുണയ്ക്കുന്ന ബിജെപിയുടെ സമീപനമെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതോടുകൂടി ഇത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് നടപടിയെ തള്ളിപ്പറയാന്‍ സിപിഎം നിര്‍ബന്ധിതരായത്.

Next Story

RELATED STORIES

Share it