Latest News

കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കെ എസ് ഹംസയെ ലീഗ് പുറത്താക്കി

ഹംസയെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കരുതെന്ന കുഞ്ഞാലിക്കുട്ടിയുടെ കര്‍ശന നിലപാടാണു പുറത്താക്കലില്‍ കലാശിച്ചത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കെ എസ് ഹംസയെ ലീഗ് പുറത്താക്കി
X

കോഴിക്കോട്: മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. അച്ചടക്ക സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് നടപടിയെടുത്തത്.


പ്രവര്‍ത്തക സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ ഹംസക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്റ് ചെയ്ത ഹംസയെ ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു. പാര്‍ട്ടി വേദിയില്‍ ഉയര്‍ത്തിയ വിമര്‍ശനം ആസൂത്രിതമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തു എന്നതാണ് ഹംസക്കെതിരായ പ്രധാന പ്രരാതി. ഹംസയെ പിന്‍തുണയ്ക്കുന്ന വിഭാഗത്തിനുള്ള താക്കീതു കൂടിയാണു നടപടി. ഹംസയെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കരുതെന്ന കുഞ്ഞാലിക്കുട്ടിയുടെ കര്‍ശന നിലപാടാണു പുറത്താക്കലില്‍ കലാശിച്ചതെന്നാണു വിവരം.


ഇ.ഡിയെ ഭയന്ന് മോദിയെയും വിജിലന്‍സിനെ ഭയന്ന് വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടി എന്നായിരുന്നു ഹംസ ഉയര്‍ത്തിയ വിമര്‍ശനം. മുസ്ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണം. പാര്‍ട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളര്‍ത്താന്‍ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക്കുകളായിരുന്നു ഹംസ ഉപയോഗിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി എഴുന്നേല്‍ക്കുകയും താന്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിരുന്നു.


കൊച്ചിയിലെ ഹോട്ടലില്‍ നടന്ന യോഗം 15 മിനിറ്റോളം ബഹളത്തില്‍ മുങ്ങിയിരുന്നു. പിന്നീട് സാദിഖലി തങ്ങള്‍ ഹംസയെയും കുഞ്ഞാലിക്കുട്ടിയും ഹസ്തദാനം ചെയ്യിച്ചാണ് പിരിഞ്ഞത്. എന്നാല്‍ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത് ആസൂത്രിതമായിരുന്നു എന്നു പാര്‍ട്ടി വിലയിരുത്തിയാണ് ഹംസയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.





Next Story

RELATED STORIES

Share it