Latest News

കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായെന്ന് കുറ്റപത്രം

കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായെന്ന് കുറ്റപത്രം
X

പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പാലക്കാട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഡ്രൈവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കുഴല്‍മന്ദത്ത് ദേശീയ പാതയില്‍ ഫെബ്രുവരി ഏഴിനാണ് രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായത്. 304 എ ചുമത്തി കേസെടുത്ത് ബസ് ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ തുടരന്വേഷണമാവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കള്‍ രംഗത്തെത്തി.

മൂന്നു ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304ാം വകുപ്പ് കൂട്ടിച്ചേര്‍ത്തത്. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഔസേപ്പിനെതിരേ ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പ് ഇപ്പോള്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് കാവശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ചത്.

Next Story

RELATED STORIES

Share it