Latest News

ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വിവാദത്തിലാക്കി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായതോടെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ ആരോപണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വിവാദത്തിലാക്കി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
X

പി സി അബ്ദുല്ല

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ കെെയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കെെയിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്ന് കെ ടി ജലീൽ. സംസ്ഥാന ലോകായുക്തയും മുൻ സുപ്രിംകോടതി ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെ ലക്ഷ്യം വച്ചാണ് ജലീലിൻറെ കടുത്ത ആരോപണം. ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായതോടെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ ആരോപണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

സിസ്റ്റർ അഭയ കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രിംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫാണെന്നതടക്കമുള്ള ആരോപണങ്ങളാണ് ചർച്ചയാവുന്നത്. സീറോ മലബാർ സഭയുമായി അടുത്ത ബന്ധമുള്ള സിറിയക് ജോസഫിൻറെ പല വിധികളും ബാഹ്യ താൽപര്യങ്ങൾക്കനുസരിച്ചായിരുന്നു എന്ന ആക്ഷേപവും വീണ്ടും ഉയരുകയാണ്. സച്ചാർ കമ്മിറ്റി റിപോർട്ടിന്റെ അടിസ്ഥാനത്തിൽ 80:20 സംവരണ വിഷയത്തിലടക്കം കത്തോലിക്കാ സഭയ്ക്ക് തന്നോടുണ്ടായിരുന്ന എതിർപ്പ് ലോകായുക്ത വിധിയെ സ്വാധീനിച്ചു എന്ന അമർഷം ഉള്ളിലൊതുക്കിയാണ് കെ ടി ജലീലിൻറെ പുതിയ പോസ്റ്റ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അഭയ കേസിൽ സിറിയക് ജോസഫിനെതിരേ കടുത്ത ആരോപണങ്ങളുമായി ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തു വന്നിരുന്നു. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചിരുന്നു. അഭയ കേസ് പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക് ജോസഫെന്നും ജോമോൻ വെളിപ്പെടുത്തിയിരുന്നു.

യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്കപ്രതിഫലം കിട്ടിയാൽ എന്ത് കടുംകെെയ്യും ആർക്കുവേണ്ടിയും ചെയ്യുമെന്ന് ജലീൽ പോസ്റ്റിൽ പറയുന്നു. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ചു പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തിമടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് പുതിയ ''കത്തി'' കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദേശിച്ച "മാന്യനെ" ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്.

ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങൾ കൽപ്പിക്കില്ല. 2005 ജനുവരി 25ന് പുറത്തുവന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റെടുത്തതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. "ജാഗരൂഗരായ" കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടൊന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ'' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം- കുറിപ്പിൽ ജലീൽ പറയുന്നു.‌‌‌

Next Story

RELATED STORIES

Share it