Latest News

ലോ കോളജില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം: എസ്എഫ്‌ഐ

എസ്എഫ്‌ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെഎം സച്ചിന്‍ദേവ്

ലോ കോളജില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം: എസ്എഫ്‌ഐ
X

തിരുവനന്തപുരം: ലോ കോളജില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെഎം സച്ചിന്‍ദേവ്. അതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ അവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ പ്രചാരണമാണ് എസ്എഫ്‌ഐക്കെതിരെ നടക്കുന്നത്. കെഎസ്‌യു ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സംഘര്‍ഷത്തോട് യോജിക്കാന്‍ കഴിയില്ല. പോലിസ് ശരിയായ അന്വേഷണം നടത്തണം. കൊലപാതക കേസിലെ പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കെഎസ്‌യു പ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും അധികം പെണ്‍കുട്ടികള്‍ അംഗങ്ങളായ സംഘടനയാണ് എസ്എഫ്‌ഐ എന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച്ചയാണ് തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് ശേഷം കോളജ് യൂനിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെഎസ്‌യുവിന്റെ മേഘ സുരേഷ് ജയിച്ച ശേഷം കോളജില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ ഇരുകൂട്ടരുടെയും പരാതിയില്‍ മ്യൂസിയം പോലിസ് കേസെടുത്തു. കെഎസ്‌യുവിന്റെ പരാതിയില്‍ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്എഫ്‌ഐയുടെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും കേസെടുത്തു. പക്ഷെ ഇതേവരെ പോലിസ് ആരെയും അറസ്റ്റ് ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

Next Story

RELATED STORIES

Share it