Latest News

കൊടകര കുഴല്‍പ്പണം; കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം: എസ്ഡിപിഐ

ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വഷിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു

കൊടകര കുഴല്‍പ്പണം; കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം: എസ്ഡിപിഐ
X

കോട്ടയം: ജനാധിപത്യത്തെ അട്ടിമറിക്കാന്‍ തിരഞ്ഞൈടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ കോടികളുടെ കുഴല്‍പ്പണം കേരളത്തിലൊഴുക്കിയ കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്്ട്രീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി 41 കോടിയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 12 കോടി രൂപയും ബിജെപി കേരളത്തിലേക്കെത്തിച്ചതായി വ്യക്തമായിരിക്കുന്നു. സംസ്ഥാന വ്യാപകമായി കള്ളപ്പണമൊഴുക്കിയതു സംബന്ധിച്ച് അന്നത്തെ ബിജെപി ഓഫീസ് സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്ക് 35 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഈ കള്ളപ്പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പോലെ ജനപ്രതിനിധികളെ വിലയ്ക്കെടുക്കാനാവുമെന്ന അമിത മോഹമായിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 41.40 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ കാറുകള്‍, പാഴ്സല്‍ ലോറി, ലോറി എന്നിവയാണ് ഉപയോഗിച്ചതെന്നും 2021 ആഗസ്ത് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജു എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് എല്ലാ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുള്ളതെന്നും 33.50 കോടി രൂപയുടെ സ്രോതസ് കണ്ടെത്തണമെന്നും ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

കേസിലെ പ്രധാന സാക്ഷിയും സുരേന്ദ്രന്റെ വിശ്വസ്തനുമായ ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സ്വിച്ച് ഇട്ടാല്‍ തുറക്കുന്ന രണ്ട് വീതം രഹസ്യ അറകള്‍ വാഹനങ്ങളില്‍ ഒരുക്കിയാണ് ധര്‍മ്മരാജന്‍ കുഴല്‍പ്പണം കടത്തിയതെന്ന് ധര്‍മ്മരാജന്‍ പറഞ്ഞതായും അത് അന്വേഷണത്തില്‍ കണ്ടെത്തിയതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപ ചെലവാക്കിയാണ് വാഹനത്തില്‍ അറകള്‍ ഉണ്ടാക്കിയത് കോഴിക്കോട് ആണ് ഇവ നിര്‍മ്മിച്ചു നല്‍കിയത്. 'ഇന്നോവ, എര്‍ട്ടിഗാ, റിറ്റ്സ്, പാഴ്സല്‍ ലോറികള്‍, ലോറികള്‍ എന്നിങ്ങനെ 10 വാഹനങ്ങള്‍ ധര്‍മ്മരാജന് കുഴല്‍പ്പണ ഇടപാടുകള്‍ നടത്താന്‍ ഉണ്ടായിരുന്നെന്നും ഈ വാഹനങ്ങളില്‍ എല്ലാം രഹസ്യ അറകളും ഉണ്ടായിരുന്നെന്നും ഇതുവഴിയാണ് കുഴല്‍ പണം കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും വ്യക്തമായിരിക്കുന്നു.

2021 ല്‍ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരോ ഉന്നത പോലീസ് മേധാവികളോ എന്തുകൊണ്ട് അറിഞ്ഞില്ല. അഥവാ അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് മൂടിവെച്ചു തുടങ്ങിയ ഒട്ടേറെ ദുരൂഹതകളാണ് ഇപ്പോള്‍ ഉയരുന്നത്. ബിജെപി നേതാക്കള്‍ പ്രതിയായ കുഴല്‍പ്പണ ഇടപാടില്‍ ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കത്തക്ക വിധം പല സൂചനകളും പുറത്തുവരുന്നുണ്ട്. ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വഷിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it