Latest News

മിന്നൽ; ബിഹാറിൽ മരിച്ചവരുടെ എണ്ണം 80 ആയി

മിന്നൽ; ബിഹാറിൽ മരിച്ചവരുടെ എണ്ണം 80 ആയി
X

പാട്‌ന: ബിഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റു മരിച്ചവരുടെ എണ്ണം 80 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ ഇടിമിന്നലില്‍ 66 പേരാണ് മരിച്ചത്. നാലന്താ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. അവിടെ മാത്രം 23 പേരാണ് മരിച്ചത്. ഭോജ്പൂര്‍, സിവാന്‍, ഗയ, പാട്‌ന, ശേഖ്പുര, ജെഹ്നാബാദ്, ഗോപാല്‍ഗഞ്ച്, മുസഫര്‍പുര്‍, അര്‍വാള്‍, നവാഡ, ഭാഗല്‍പുര്‍ എന്നിവിടങ്ങളിലും മരണം സംഭവിച്ചു. നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകള്‍ ഒറ്റ ദിവസം കൊണ്ട് മരിക്കുന്നത്. 2020 ജൂണില്‍ 90 ആളുകള്‍ ഇടിമിന്നലേറ്റ് മരിച്ചു.

താപനില ഉയരുന്നതാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആശിഷ് കുമാര്‍ പറയുന്നു. വടക്ക്-പടിഞ്ഞാറില്‍ നിന്നുള്ള വരണ്ട കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റും ഒത്തുചേരുമ്പോള്‍ മേഘങ്ങള്‍ രൂപം കൊള്ളാനും ഇടിമിന്നല്‍ ഉണ്ടാകാനുമുള്ള സാധ്യതയും കൂടുതലാണ്. ചൂടുള്ള വായുവിന് കൂടുതല്‍ ഈര്‍പ്പം വഹിക്കാന്‍ കഴിയും. ഇത് ഇടിമിന്നലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ബീഹാറിലെ സമതല പ്രദേശങ്ങള്‍ ഇതിന് സാധ്യതയുള്ള ഒരിടമാണ്.

കാലാവസ്ഥാ മാറ്റത്തിന് പുറമേ ജനങ്ങളുടെ അശ്രദ്ധയും മരണസംഖ്യ ഉയരാന്‍ കാരണമാകുന്നുവെന്നും അധികൃതര്‍ പറയുന്നു. വിളവെടുപ്പുകാലത്തും മറ്റ് സമയങ്ങളിലും തുറന്ന പാടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ മിന്നലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് മരണം വര്‍ധിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.


Next Story

RELATED STORIES

Share it