Latest News

ഭരണകൂടം കുറ്റവാളിയായി മാറുന്നു; ഭരണകൂട വേട്ടയാടല്‍ മഅ്ദനിയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതേണ്ടെന്നും എംഎ ബേബി

ഒമ്പതര വര്‍ഷത്തെ കോയമ്പത്തൂര്‍ ജയില്‍വാസത്തിന് ശേഷം പുറത്ത് വന്ന മഅ്ദനി ഉയര്‍ന്ന ജനാധിപത്യ രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിച്ചത്. ജനാധിപത്യവും നിയമവിധേയവുമായ മാര്‍ഗത്തിലൂടെ മാത്രമേ ഏത് അനീതിക്കെതിരെയും പ്രതികരിക്കാവൂവെന്ന അദ്ദേഹത്തിന്റെ നിലപാട് പക്വമായിരുന്നു

ഭരണകൂടം കുറ്റവാളിയായി മാറുന്നു; ഭരണകൂട വേട്ടയാടല്‍ മഅ്ദനിയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതേണ്ടെന്നും എംഎ ബേബി
X

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ രണ്ട് ദശാബ്ദത്തിലധികമായി തുടരുന്ന ഭരണകൂട വേട്ടയാടല്‍ കേവലം ഒരു മഅ്ദനിയില്‍ മാത്രമൊതുങ്ങുമെന്ന് കരുതേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅദനി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരുടെ ഫോണിലും ലാപ് ടോപ്പിലും ചാരപ്രവര്‍ത്തനത്തിനുള്ള തെളിവുകള്‍ നിക്ഷേപിക്കാനുള്ള പെഗാസസ് പോലുള്ള ഇസ്രയേല്‍ സൈബര്‍ സാങ്കേതികവിദ്യ ഇന്ത്യന്‍ ഭരണകൂടം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന വേളയില്‍ നാളെ ആര് എന്ന ചോദ്യം മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

ഭരണകൂടം ഭീകരപ്രവര്‍ത്തനവും കുറ്റവാളിയുമായി മാറിയിരിക്കുന്ന വേളയില്‍ നെറികേടിനെതിരെ പോരാടാനുള്ള പൗരന്റെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇഷ്ടമില്ലാത്തവരെ ജാമ്യമില്ലാതെ ജയിലിലടക്കാനുള്ള ഗൂഢതന്ത്രത്തിന്റെ വ്യക്തമായ തെളിവാണ് ഭീമാ കൊറേഗാവ് സംഭവം. കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി ജയിലിലടച്ച ബുദ്ധിജീവികളും സാംസ്‌കാരിക നായകര്‍ക്കും എതിരെ അവരുടെ കംപ്യൂട്ടറുകളില്‍ സൈബര്‍ ഉപകരണങ്ങളിലൂടെ നിക്ഷേപിച്ച് കൃത്രിമ തെളിവുകളാണ് ഉപയോഗിച്ചത്. ഇവര്‍ക്ക് സംഭവവുമായി പുലബന്ധം പോലുമില്ലെന്ന് പിന്നീട് അമേരിക്കന്‍ സ്വതന്ത്ര ഗവേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. തെളിവുകള്‍ ഭരണകൂടം കൃത്രിമമായി സൃഷ്ടിക്കുന്നതായ അന്താരാഷ്ട്ര ഏജന്‍സികളുടെ കണ്ടെത്തലുകള്‍ രാജ്യത്തിന് തന്നെ മാനക്കേടായി മാറുന്നു. ഒമ്പതര വര്‍ഷത്തെ കോയമ്പത്തൂര്‍ ജയില്‍വാസത്തിന് ശേഷം പുറത്ത് വന്ന മഅ്ദനി ഉയര്‍ന്ന ജനാധിപത്യ രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിച്ചത്. ജനാധിപത്യവും നിയമവിധേയവുമായ മാര്‍ഗ്ഗത്തിലൂടെ മാത്രമേ ഏത് അനീതിക്കെതിരെയും പ്രതികരിക്കാവൂവെന്ന അദ്ദേഹത്തിന്റെ നിലപാട് പക്വമായിരുന്നു. ജീവിക്കാനുള്ള പൗരന്റെ അവകാശം ഹീനമായാണ് ഭരണകൂടം തകര്‍ത്തെറിഞ്ഞത്ത്.

ബംഗളുരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്തതിന് അടിസ്ഥാനമില്ല. ഇത് ഭരണകൂടം നെയ്‌തെടുത്ത ഫാബ്രിക്കേറ്റഡ് കേസാണെന്ന് കാലം തെളിയിക്കും. കേസ് സമയബന്ധിതമായി വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഭാസുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഡോ.കെ ടി ജലീല്‍, അഡ്വ പിടിഎ റഹീം, മുന്‍ മന്ത്രിമാരായ ഡോ. നീലലോഹിത ദാസന്‍, വി സുരേന്ദ്രന്‍ പിള്ള, സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് സി നായര്‍, അഡ്വ.കാഞ്ഞിരമറ്റം സിറാജ്, നദീര്‍ കടയറ, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജലീല്‍ പുനലൂര്‍, വിതുര രാജന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it