Latest News

മാളയിലെ സബ് ട്രഷറി അന്നമനടയിലേക്ക് മാറ്റും: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

മാളയിലെ സബ് ട്രഷറി അന്നമനടയിലേക്ക് മാറ്റും: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു
X

മാള: മാളയില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറി അന്നമനടയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. മാളയിലെ കെട്ടിടം കേടുപാടുകള്‍ മൂലം പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലും ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിലും തുടര്‍ച്ചയായി വെള്ളം കയറുന്ന അവസ്ഥയിലായതിനാലും സബ് ട്രഷറി അന്നമനടയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ്, ഹൈക്കോടതി ശരിവെക്കുകയായിരുന്നു. അന്നമനട ജംഗ്ഷനിലുള്ള അന്നമനട ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് ട്രഷറി പ്രവര്‍ത്തനം മാറ്റാനുള്ള ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്.

1995 മതല്‍ 20 വര്‍ഷക്കാലം അന്നമനട ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയ മുറികളില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് ട്രഷറി ചില സ്വകാര്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാളയിലേക്ക് മാറ്റുകയായിരുന്നെന്നാണ് അന്നമനടക്കാര്‍ പറയുന്നത്. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമുയര്‍ന്നുവന്നെങ്കിലും കോടതി ഉത്തരവിലൂടെ മാളയിലേക്ക് മാറ്റുകയായിരുന്നു.

ഒരു സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ വെള്ളം കയറുന്ന ചതുപ്പ് നിലത്തില്‍ അശാസ്ത്രീയമായി പണിത കെട്ടിടം 2018 ലെ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും മുങ്ങുകയും ഏഴ് കോടി രൂപയുടെ മുദ്രപത്രങ്ങളും ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകളും നശിച്ചു പോവുകയും ചെയ്തു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു. ഇതോടെ കെട്ടിടത്തിന് ഫിറ്റ്‌നെസ് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ട്രഷറി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പുതിയ സ്ഥലത്തിനു വേണ്ടി ട്രഷറി വകുപ്പ് അന്വേഷണം നടത്തിയത്.

അന്നമനട ഗ്രാമപഞ്ചായത്ത് സ്‌ട്രോംഗ് റൂമടക്കമുള്ള പഴയ സ്ഥലം തന്നെ വിട്ട് നല്‍കാമെന്നറിയിച്ചു. ട്രഷറി വകുപ്പും അത് അംഗീകരിച്ചു. ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സജ്ജമാക്കിയ കെട്ടിടത്തിലേക്ക് ട്രഷറി പ്രവര്‍ത്തനം മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്ത് മാളയില്‍ സ്ഥലം നല്‍കിയ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്തനയോഗ്യമാക്കാവുന്ന കേടുപാടുകള്‍ മാത്രമേ കെട്ടിടത്തിനുള്ളൂവെന്നും അപ്രകാരം ചെയ്ത് അവിടെ ട്രഷറി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി കോടതി ഹരജി തളളി. ഫിറ്റ്‌നസ്സ് പോലും ലഭിക്കാത്ത കെട്ടിടത്തില്‍ ട്രഷറി പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവിട്ടത്. കേരള സര്‍ക്കാരിന് വേണ്ടി സി എം സുരേഷ് ബാബു, അന്നമനട ഗ്രാമപഞ്ചായത്തിന് വേണ്ടി ഒ ഡി ശിവദാസ്, മുതിര്‍ന്ന പെന്‍ഷനര്‍ കെ പത്മനാഭന് വേണ്ടി പ്രേം നവാസ് എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it