Latest News

മണിയന്‍ കിണര്‍ നിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഊരിലെത്തി രേഖകള്‍ ശേഖരിച്ചു

മണിയന്‍ കിണര്‍ നിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഊരിലെത്തി രേഖകള്‍ ശേഖരിച്ചു
X

തൃശൂര്‍: മണിയന്‍ കിണര്‍ പട്ടികവര്‍ഗ കോളനിയില്‍ വനഭൂമി പട്ടയം അനുവദിക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ശേഖരിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി. റവന്യൂ മന്ത്രി കെ രാജന്റെയും ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെയും നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി എസ് രാജേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കോളനിയില്‍ അപേക്ഷ നല്‍കിയ കുടുംബങ്ങളെ നേരില്‍ കണ്ട് രേഖകള്‍ പരിശോധിച്ചത്. ആകെയുണ്ടായിരുന്ന 16 അപേക്ഷകളില്‍ 15 എണ്ണത്തിലും ആവശ്യമായ രേഖകള്‍ ലഭ്യമാക്കി. ഈ മാസം തന്നെ പട്ടയം ശരിയാകുമെന്നും വരുന്ന പട്ടയമേളയില്‍ ഇവരുടെ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ രേഖകള്‍ കൃത്യമാക്കിയതായും തഹസില്‍ദാര്‍ അറിയിച്ചു.

ഭൂമിയുടെ അവകാശികളാകുകയെന്ന മണിയന്‍കിണറിലെ കുടുംബങ്ങളുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ പട്ടയമേളകളില്‍ ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പട്ടികവര്‍ഗക്കാരുടെ പട്ടയങ്ങള്‍ എത്രയും വേഗം നല്‍കണമെന്ന റവന്യൂമന്ത്രി കെ രാജന്റ നിര്‍ദേശത്തെ തുടര്‍ന്നാണ് മണിയന്‍ കിണറില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി രേഖകള്‍ ശേഖരിച്ചത്.

സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥരായ സുധീഷ്, തഫ്‌സല്‍, സന്ധ്യ, മേരി, പ്രോമോട്ടര്‍ അന്നമ്മ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it