Latest News

മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും; ഇന്ത്യന്‍ സംഘം വത്തിക്കാനില്‍

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഇന്ത്യന്‍ സമയം 1.30 നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിക്കും.

മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും; ഇന്ത്യന്‍ സംഘം വത്തിക്കാനില്‍
X

വത്തിക്കാന്‍ സിറ്റി: തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു പ്രഖ്യാപിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഇന്ത്യന്‍ സമയം 1.30 നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിക്കും.

മറിയം ത്രേസ്യയടക്കം അഞ്ചു പേരുടെയും ജീവചരിത്രം വിവിധ ഭാഷകളില്‍ വായിക്കും. മാര്‍പാപ്പ ലത്തീന്‍ ഭാഷയില്‍ വിശുദ്ധപദവി പ്രഖ്യാപനം നടത്തും. തുടര്‍ന്നു ബന്ധുക്കള്‍, സഭയിലെ മേലധികാരികള്‍, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താല്‍ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫര്‍ എന്നിവര്‍ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അള്‍ത്താരയില്‍ വയ്ക്കും.

ഈ തിരുശേഷിപ്പ് മാര്‍പാപ്പ പരസ്യമായി വണങ്ങുന്നതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളില്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചു വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമാകും. മലയാളത്തിലും പ്രാര്‍ഥനയും ഗാനാര്‍ച്ചനയുമുണ്ടാകും. മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും. കേന്ദ്രമന്ത്രി വി മുരളീധരന്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം വത്തിക്കാനിലെത്തി. വത്തിക്കാന്റെ ചുമതലയുള്ള സ്ഥാനപതി സിബി ജോര്‍ജും സംഘത്തിലുണ്ട്.

Next Story

RELATED STORIES

Share it