Latest News

കെഇഎന്‍ന്നെതിരേ നുണപ്രചാരണവുമായി 'മറുനാടന്‍ മലയാളി'

കെഇഎന്‍ന്നെതിരേ നുണപ്രചാരണവുമായി മറുനാടന്‍ മലയാളി
X

കോഴിക്കോട്: എഴുത്തുകാരനും ഇടത് ചിന്തകനും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ കെഇഎന്‍ന്നെക്കുറിച്ച് വ്യാജപ്രചാരണവുമായി ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി. രാജ്യത്തെ സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ സിപിഎമ്മും പോപുലര്‍ഫ്രണ്ടും ഐക്യപ്പെടണമെന്ന് കെഇഎന്‍ തേജസില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞുവെന്നാണ് മറുനാടന്‍ പറയുന്നത്.

മറുനാടനിലെ വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെ: ''രാജ്യത്തെ സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ സിപിഎമ്മും പോപുലര്‍ ഫ്രണ്ടും ഐക്യപ്പെടണമെന്ന് ഇടത് ചിന്തകനും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ കെഇഎന്‍ കുഞ്ഞഹമ്മദ്....... രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പ് സഖ്യത്തിന് പരിമിതികളുണ്ടെങ്കിലും ഇരു സംഘടനകള്‍ക്കും സാംസ്‌കാരികമായി ഐക്യപ്പെടാനും രാജ്യത്തെ സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പോരാടാനും കഴിയുമെന്ന് കെഇഎന്‍ കുഞ്ഞഹമ്മദ് ചൂണ്ടിക്കാട്ടുന്നു''.

'സംഘപരിവാറിനെതിരെ പോരാടാന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഐക്യപ്പെടണം; പോപ്പുലര്‍ ഫ്രണ്ടിനെ സിപിഎം വിശാല ചേരിയിലേക്ക് ക്ഷണിച്ച് കെ ഇ എന്‍ കുഞ്ഞഹമ്മദ്; ഇരു സംഘടനകള്‍ക്കും സാംസ്‌കാരികമായി ഐക്യപ്പെടാന്‍ കഴിയുമെന്ന് വിശദീകരിക്കുന്ന അഭിമുഖം വിവാദത്തില്‍' എന്ന നീണ്ട ശീര്‍ഷകമുള്ള വാര്‍ത്തയില്‍ കെഇഎന്‍ന്നെതിരേ കടുത്ത വിമര്‍ശനമാണ് മറുനാടന്‍ ഉന്നയിക്കുന്നത്.

തേജസ് ദൈ്വവാരികയില്‍ ഫെബ്രുവരി 15-30 ലക്കത്തില്‍ പ്രസിദ്ധീകരിച്ച (പിന്നീട് തേജസ് ഓണ്‍ലൈന്‍ പുനഃപ്രസിദ്ധീകരിച്ച) 'ഗുജറാത്ത് അവസാനിച്ചതല്ല; ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതാണ്' എന്ന കെ എന്‍ നവാസ് അലി നടത്തിയ അഭിമുഖത്തില്‍ പോപുലര്‍ ഫ്രണ്ട് എന്ന പരാമര്‍ശമേയില്ല. ഫാഷിസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മതപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരത്തെ വളച്ചൊടിച്ചാണ് മറുനാടന്‍ വ്യാജവാര്‍ത്തയുണ്ടാക്കിയിരിക്കുന്നത്.

''മതപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഇടതുപക്ഷചേരി ഒരു പരിധിവരെ അവരെ അകറ്റിനിര്‍ത്തുന്നുണ്ട്. അത് ആശാസ്യമാണോ?''- എന്ന ചോദ്യത്തിന് ''ഫാഷിസത്തിനെതിരേ വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തുന്നവരുടെ വിപുലമായ ഐക്യരൂപങ്ങളുണ്ട്. അതു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിലൂടെ രൂപപ്പെടുത്തുന്ന ഐക്യത്തിന്റെ കേവല തുടര്‍ച്ചയായി തീരേണ്ടതില്ല. തിരഞ്ഞെടുപ്പ് ഐക്യമുന്നണികളില്‍ ഏതൊക്കെ പാര്‍ട്ടികളെ കൂട്ടണം, കുറയ്ക്കണം എന്നു പാര്‍ട്ടികള്‍ തീരുമാനിക്കുന്നത് അതത് കാലത്തെ അവരുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍, സാംസ്‌കാരികരംഗത്ത് അതില്‍ നിന്നും വ്യത്യസ്തമായിട്ട് ഫാഷിസത്തിനെതിരേ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരും ഫാഷിസ്റ്റ് വിരുദ്ധമായ പ്രതിരോധത്തില്‍ ഐക്യപ്പെടേണ്ടതായിട്ടുണ്ട്. അതൊരു തിരഞ്ഞെടുപ്പു മുന്നണിയുടെ മാത്രം വിഷയമല്ല, അത് ഇന്ത്യന്‍ ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്''- എന്നാണ് അദ്ദേഹം മറുപടി പറയുന്നത്.

ഇതാണ് മറുനാടന്‍ റിപോര്‍ട്ടര്‍ പോപുലര്‍ ഫ്രണ്ട്-സിപിഎം കൂട്ടുകെട്ടെന്ന് വ്യാഖ്യാനിക്കുന്നത്.

Next Story

RELATED STORIES

Share it