Latest News

എംസി ജോസഫൈനെതിരേ നിരന്തരം പരാതി; പ്രതിഷേധത്തെ ന്യായീക്കാന്‍ പാര്‍ട്ടിക്കാര്‍ പോലുമില്ല; ഒടുവില്‍ നാണം കെട്ട് രാജി

അമ്മയെന്ന നിലയില്‍ മാതൃ വികാരമാണ് പ്രകടിപ്പിച്ചതെന്നായിരുന്നു ഖേദപ്രകടനത്തില്‍ ജോസഫൈന്‍ പറഞ്ഞത്

എംസി ജോസഫൈനെതിരേ നിരന്തരം പരാതി; പ്രതിഷേധത്തെ ന്യായീക്കാന്‍ പാര്‍ട്ടിക്കാര്‍ പോലുമില്ല; ഒടുവില്‍ നാണം കെട്ട് രാജി
X

തിരുവനന്തപുരം: അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് താങ്ങാവേണ്ട വനിത കമ്മീഷന്‍ സ്ത്രീകള്‍ക്കൊപ്പമല്ലെന്ന ധാരണ ഒരിക്കല്‍ കൂടി ബലപ്പെട്ടിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ കമ്മിഷന്‍ അധ്യക്ഷ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. 2017 മെയ് 27നാണ് ജോസഫൈനെ കമ്മിഷന്‍ അധ്യക്ഷയായി നിയമിച്ചത്. ഒന്‍പത് മാസം ബാക്കി നില്‍ക്കേയാണ് അധ്യക്ഷയുടെ പടിയിറക്കം.

പരാതിയുമായി വരുന്ന സ്ത്രീകളോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നു എന്ന പരാതി പലപ്പോഴുമുണ്ടായിട്ടുണ്ട്. സ്വകാര്യ ചാനലില്‍ ചോദ്യോത്തര പരിപാടിക്കിടെ, പരാതി പറഞ്ഞ യുവതിയോട് അനുഭവിച്ചോളൂ-എന്നായിരുന്നു കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം. ഇത് വ്യാപക വിമര്‍ശനത്തിനിടയാക്കിയെങ്കിലും, ഇന്നലെ വൈകീട്ട് വരെ തെറ്റ് സമ്മതിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടി സ്ത്രീധന പീഢനത്തിരയായി മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പൊതു പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ചാനല്‍ ചോദ്യോത്തര പരിപാടി നടത്തിയത്. ഈ പരിപാടിയുടെ തുടക്കം മുതല്‍ തന്നെ പരാതിക്കാരോട് അധ്യക്ഷ മോശമായി പെരുമാറിയിരുന്നു. ഈ സാഹചര്യത്തിലും തെറ്റുപറ്റിയിട്ടില്ലെന്നായിരുന്നു അധ്യക്ഷയുടെ പക്ഷം. കൊല്ലത്ത് വിസ്മയയുടെ വീട് സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തിലും വിവാദ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.

സ്ത്രീധനം വാങ്ങുന്നവര്‍ പെണ്‍കുട്ടിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടത് എന്ന് തുടങ്ങി തീരെ നിയമപരിജ്ഞാനമില്ലാതെ അബദ്ധങ്ങളായിരുന്നു പറഞ്ഞിരുന്നത്. മാത്രമല്ല, ഇന്നലെ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് അവര്‍ തട്ടിക്കയറുകയും ചെയ്തു.

നേരത്തെ, പത്തനംതിട്ടയില്‍ 86 വയസ്സായ, അവശയായ വൃദ്ധയോട് നേരിട്ട് വന്ന് പരാതി നല്‍കണമെന്ന് ആജ്ഞാപിച്ചിരുന്നു. ഇതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിന് പുറമെ, സിപിഎം നേതാക്കള്‍ പ്രതികളായ പീഢനക്കേസുകളില്‍ പ്രതികള്‍ക്കൊപ്പമായിരുന്നു കമ്മിഷന്‍ അധ്യക്ഷ.

പാലത്തായിയില്‍ ബാലിക പീഢനത്തിനിരയായപ്പോഴും കമ്മിഷന്‍ അധ്യക്ഷ പ്രതികരിച്ചിരുന്നില്ല. സിപിഎം നേതാവ് പികെ ശശിക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി ഉയര്‍ന്നപ്പോള്‍, പാര്‍ട്ടിക്ക് കോടതിയും പോലിസുമുണ്ടെന്നായിരുന്നു അന്ന് ജോസഫൈന്റെ പ്രതികരണം.

സ്വന്തം ഇഷ്ടപ്രകാരം മതം സ്വീകരിച്ച ഹാദിയയെ മാസങ്ങളോളം വീട്ടു തടങ്കിലില്‍ അടച്ചിട്ടിട്ടും കമ്മിഷന്‍ അധ്യക്ഷ പ്രതികരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെത്തിയ ജോസഫൈനെ വിദ്യാര്‍ഥികള്‍ ഗോ ബാക്ക് വിളിച്ച് പുറത്താക്കിയിരുന്നു. ഇതിന് പുറമെ വാളയാറില്‍ രണ്ടു ബാലികമാര്‍ ദാരുണമായി മരിച്ച സംഭവത്തിലും ജോസഫൈന്‍ മൗനം പാലിക്കുകയായിരുന്നു.

സിപിഎം നേതാക്കള്‍ പ്രതികളായതോ, പാര്‍ട്ടിക്ക് താല്‍പര്യമുള്ള കേസുകളിലോ കമ്മിഷന്‍ അധ്യക്ഷ പ്രതികരിച്ചിരുന്നില്ല. ഇത് പാര്‍ട്ടിക്ക് വേണ്ടി കൂടിയായിരുന്നു. അതു കൊണ്ട് തന്നെ സിപിഎമ്മിന് ഇൗ വിവാദങ്ങളില്‍ നിന്ന് നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.

വളരെ സ്‌നേഹത്തോടെ, സൗമ്യതയോടെ പെരുമാറണം. പരാതിക്കാര്‍ക്ക് ആശ്വാസമുണ്ടാകുന്ന രീതിയില്‍ പ്രതികരണമുണ്ടാവണം എന്നു തന്നയൊണ് പാര്‍ട്ടി നിലപാടെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

വനിത കമ്മിഷന്‍ ഓഫിസ് സ്റ്റാഫുകളും നിരവധി തവണ അധ്യക്ഷക്കെതിരേ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it