Latest News

മുഷര്‍റഫ് ഒരിക്കലുമൊരു രാജ്യദ്രോഹിയല്ലെന്ന് പാകിസ്താന്‍ പട്ടാളം

2007 ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് മുഷര്‍റഫ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 6 പ്രകാരം രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് കോടതി വിധിച്ചിട്ടുള്ളത്.

മുഷര്‍റഫ് ഒരിക്കലുമൊരു രാജ്യദ്രോഹിയല്ലെന്ന് പാകിസ്താന്‍ പട്ടാളം
X

ലാഹോര്‍: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ജന. പര്‍വേസ് മുഷര്‍റഫിനെ വധശിക്ഷയ്ക്കു വിധിച്ച കോടതി വിധിയെ തള്ളി പാകിസ്താന്‍ പട്ടാളം. ജന. മുഷര്‍റഫ് ഒരിക്കലുമൊരു രാജ്യദ്രോഹിയായിരുന്നില്ലെന്ന് പാകിസ്താന്‍ സൈന്യം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. സൈന്യത്തിന്റെ മാധ്യമവിഭാഗമായ ദി ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പഴയ സൈനികമേധാവിയെ വധശിക്ഷയ്ക്കു വിധിച്ചതില്‍ സൈന്യത്തിനുള്ള ദുഃഖവും നീരസവും രേഖപ്പെടുത്തി.

'പഴയ സൈനിക മേധാവി, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, പാകിസ്താന്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച മുഷര്‍റഫ് 40 വര്‍ഷത്തോളം രാജ്യത്തെ സേവിച്ചു. അദ്ദേഹം രാജ്യത്തിനു വേണ്ടി പോരാടി, പക്ഷേ, ഒരിക്കലും ഒരു രാജ്യദ്രോഹിയായിരുന്നില്ല'- പ്രസ്താവനയില്‍ പറയുന്നു.

1999ലാണ് മുഷര്‍റഫ് സൈനിക നീക്കത്തിലൂടെ പാകിസ്താന്‍ പ്രസിഡന്റാവുന്നത്. 2007 ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് മുഷര്‍റഫ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 6 പ്രകാരം രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് കോടതി വിധിച്ചിട്ടുള്ളത്.

'മുഷര്‍റഫിന് മൗലികാവകാശങ്ങളില്‍ പെട്ട സ്വയം പ്രതിരോധിക്കാനുള്ള അവകാശം കോടതി നല്‍കിയിട്ടില്ലെന്ന് സൈന്യം അരോപിക്കുന്നു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാനായിരുന്നു പ്രോസിക്യൂഷന്റെ ശ്രമം.' മുഷര്‍റഫിന് നീതി ലഭിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും സൈന്യം പ്രസ്താവനയിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.

മുഷര്‍റഫ് ഇപ്പോള്‍ ദുബായില്‍ ചികിത്സയില്‍ കഴിയുകയാണ്.






Next Story

RELATED STORIES

Share it