Latest News

നാഗാലാന്‍ഡ് വെടിവയ്പ്പ്: 30 സൈനികര്‍ക്കെതിരായ പോലിസ് നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

നാഗാലാന്‍ഡ് വെടിവയ്പ്പ്: 30 സൈനികര്‍ക്കെതിരായ പോലിസ് നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ വെടിവയ്പ്പ് കേസില്‍ സംസ്ഥാന പോലിസ് കുറ്റക്കാരെന്ന് കണ്ടെത്തിയ 30 സൈനികര്‍ക്കെതിരായ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. നാഗാലാന്‍ഡ് പോലിസ് കേസെടുത്ത സൈനിക ഓഫിസര്‍മാരില്‍ ഒരാളായ മേജര്‍ അങ്കുഷ് ഗുപ്തയുടെ ഭാര്യ അഞ്ജലി ഗുപ്ത സമര്‍പ്പിച്ച രണ്ട് ഹരജികളാണ് കോടതിയുടെ നടപടി. സംഭവത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മരണത്തെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിച്ചില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2021 ഡിസംബറിലാണ് സായുധരെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് നാഗാലാന്‍ഡില്‍ വന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പോലിസ് 30 സൈനികര്‍ക്കെതിരേ കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് 30 സൈനികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. 50 സാക്ഷികളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി പ്രാഥമിക കുറ്റപത്രം നല്‍കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതോടെയാണ് അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ചത്.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണത്തിന്റെ ചുമതല. തുടര്‍ന്ന് കുറ്റപത്രത്തില്‍ പേരുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് സൈനികര്‍ക്കെതിരേ പരാതി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ദേശീയ മനുഷ്യനാവകാശ കമ്മീഷന്റെ അനുബന്ധ നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

കേന്ദ്രനിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ തങ്ങളുടെ സത്യസന്ധമായ ചുമതലകള്‍ നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ രൂപീകരിച്ച എസ്‌ഐടി തികച്ചും ഏകപക്ഷീയവും നിയമവിരുദ്ധവുമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. പൊതുജനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാനും തിരഞ്ഞെടുത്ത ചുരുക്കം ചിലരുടെ ആശങ്കകള്‍ ലഘൂകരിക്കാനും തെളിവുകള്‍ കണ്ടെത്തുകയായിരുന്നുവെന്നും ഹരജിക്കാര്‍ പറയുന്നു. അഭിഭാഷകയായ ആസ്ത ശര്‍മ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുടെ സംഘം സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സായുധരെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ക്ക് നേരെ വെടിവച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. തൊഴിലാളികളോട് വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it