Latest News

മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ദേശിയ ദിനം; കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വയം പരിഹാസ്യമാകല്‍

മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തപ്പോഴും ഈ സര്‍ക്കാര്‍ നിശബ്ദത പാലിച്ചു. എന്നിട്ടാണ് മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ദേശീയ ദിനം പ്രഖ്യാപിക്കുന്നത്.

മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ദേശിയ ദിനം; കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വയം പരിഹാസ്യമാകല്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഇല്ലാതെയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ദേശിയ ദിനം ഏര്‍പ്പെടുത്തിയത് സ്വയം പരിഹാസ്യമാക്കുന്നതിനു തുല്യമാണെന്ന വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകര്‍. ആഗസ്ത് ഒന്ന് ആണ് മുസ്‌ലിം സ്ത്രീകളുടെ അവകാശദിനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുറച്ചു കാലങ്ങളായി മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കെതിരായി 'അഭൂതപൂര്‍വമായ' ആക്രമണം ശക്തമാകുമ്പോള്‍ അതിനിടയില്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ദിനാചരണം നടത്തുന്നത് വിഢിത്തമായ കാഴ്ച്ചപ്പാട് അല്ലാതെ മറ്റൊന്നുമല്ലെന്ന് 650 സാമൂഹ്യപ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഫറാ നഖ്‌വി ഡല്‍ഹി, സയ്ദ ഹമീദ് ഡല്‍ഹി (മുസ്‌ലിം വനിതാ ഫോറം), അരുണ റോയ് ദേവദംഗി (രാജസ്ഥാന്‍ എംകെഎസ്എസ്), ആയിഷ കിദ്വായി ഡല്‍ഹി (പ്രൊഫസര്‍, ജെഎന്‍യു), മോഹിനി ഗിരി ന്യൂഡല്‍ഹി (ഗില്‍ഡ് ഓഫ് സര്‍വീസ്), പൂനം കൗശിക് ഡല്‍ഹി (ജനറല്‍ സെക്രട്ടറി പ്രഗതിശീല്‍ മഹിളാ സംഘടന ഡല്‍ഹി), ഹസീന ഖാന്‍ മുംബൈ (ബെബാക്ക് കളക്ടീവ്) ടീസ്റ്റ സെതല്‍വാദ് മുംബൈ, കവിത കൃഷ്ണന്‍ ഡല്‍ഹി (AIPWA) ആനി രാജ (കേരള നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍), സുഭാഷിണി അലി കാണ്‍പൂര്‍ (എയ്ഡ്‌വ വൈസ് പ്രസിഡന്റ്), കവിത ശ്രീവാസ്തവ ജയ്പൂര്‍ (പി.യു.സി.എല്‍) തുടങ്ങി നിരവധി പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. രാജ്യത്ത് മുത്തലാഖ് നിയമവിരുദ്ധമാക്കിയതിന്റെ ഓര്‍മക്ക് എന്ന പേരിലാണ് ആഗസ്ത് ഒന്ന് മുസ്‌ലിം സ്ത്രീകളുടെ അവകാശദിനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ആഗസ്റ്റ് ഒന്ന് മുസ്‌ലിം വനിതാ അവകാശ ദിനമായി പ്രഖ്യാപിച്ചുകൊണ്ട്, അടിസ്ഥാനപരമായി ന്യൂനപക്ഷ വിരുദ്ധവും, സ്ത്രീ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ ഒരു നിയമത്തിന്റെ ആഘോഷം വഴി മുസ്‌ലിം സമുദായത്തെ അപമാനിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

'ഇന്ത്യയിലെ മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കാന്‍ പ്രവര്‍ത്തിച്ച ഈ സര്‍ക്കാരിന് ഇപ്പോള്‍ ആഗസ്റ്റ് ഒന്നിന് മുസ്‌ലിം വനിതാ അവകാശ ദിനം പ്രഖ്യാപിക്കാനുള്ള ഊര്‍ജ്ജം ഉണ്ട്. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന, വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമത്തിന് (2019) വാസ്തവത്തില്‍, കൂടുതല്‍ മോശമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഒരു പുതിയ ഇന്ത്യയില്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് അവരുടെ സ്ഥാനം കാണിക്കാന്‍. സിവില്‍ കാര്യങ്ങളില്‍ പോലും അവരെ കുറ്റവാളികളാക്കാമെന്ന് അവരോട് പറയാന്‍. മുത്തലാഖ് നിയമം ഹീനമായിരുന്നു. അത് അന്നും ഇന്നും അങ്ങനെ തന്നെ. എന്നാല്‍, മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കുന്നതിനോ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോ' അത്തരമൊരു നിയമം ആവശ്യമില്ല. അതിനാല്‍, 2019 ല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയപ്പോള്‍ ഞങ്ങള്‍ എതിര്‍ത്തു 'മുസ്‌ലിം സമുദായത്തെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് മുസ്‌ലിം സ്ത്രീകളെ രക്ഷിക്കുന്നതായി നടിക്കാന്‍ കഴിയില്ല.' വികാരം അന്നുണ്ടായിരുന്നതുപോലെ ഇന്നും സത്യമാണ്.' പ്രസ്താവനയില്‍ പറയുന്നു.

' വിവേചനപരമായ പൗരത്വ ഭേദഗതി നിയമം, 2019 പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ഈ സര്‍ക്കാര്‍ മുസ്‌ലിംകളുടെ പൗരത്വത്തിനുള്ള അവകാശങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഇതിനെതിരേ പ്രതിഷേധിച്ചുകൊണ്ട്, തെരുവിലിറങ്ങുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അവഗണിക്കുകയാണ് ചെയ്തത്. നിങ്ങള്‍ അവകാശങ്ങളുടെ ദിനമായി ആഗസ്റ്റ് 1 പ്രഖ്യാപിച്ച മുസ്‌ലിം സ്ത്രീകള്‍, അവരുടെ ഭാവി, കുട്ടികളുടെ ഭാവി, അവരുടെ കുടുംബത്തിന്റെ ഭാവി എന്നിവ അവരുടെ സ്വന്തം രാജ്യത്ത് സംരക്ഷിക്കപ്പെടാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. തികഞ്ഞ അവജ്ഞയോടെയാണ് നിങ്ങള്‍ ആ മുസ്‌ലിം സ്ത്രീകളോട് പ്രതികരിച്ചത്. ജനാധിപത്യ സംഭാഷണത്തിന്റെ ഭാവം പോലും ഇല്ലാതെ.' എന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രതിഷേധിച്ചവരെ യുഎപിഎ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രകാരം ഈ സര്‍ക്കാര്‍ നിഷ്‌കരുണം അറസ്റ്റ് ചെയ്തു. പൗരത്വത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങാന്‍ ധൈര്യപ്പെട്ട മുസ്‌ലിം സ്ത്രീകളെ തടവിലാക്കി. ഇന്ന് ജയിലുകളില്‍ കഴിയുന്ന മുസ്‌ലിം സ്ത്രീകളെ അവരുടെ പിഞ്ചു കുഞ്ഞുങ്ങളില്‍ നിന്നു പോലും അകറ്റി. ഭര്‍ത്താക്കന്മാരില്‍ നിന്ന് അകറ്റി. ആസാമില്‍ 'പൗരത്വ രേഖകള്‍' ഹാജരാക്കാന്‍ കഴിയാത്ത മുസ്‌ലിം സ്ത്രീകള്‍ക്കും പുരുഷന്മാരും കുട്ടികള്‍ക്കും തടങ്കല്‍ കേന്ദ്രങ്ങളാണ് നിങ്ങള്‍ സ്ഥാപിച്ചത്.

ഈ സര്‍ക്കാര്‍ മുസ്‌ലികളെ ആക്രമിക്കുമ്പോള്‍ നിശബ്ദത പാലിച്ചു, അതിന്റെ നേതാക്കള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കേന്ദ്രത്തിലും ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളിലുമുള്ള ബിജെപി ബീഫ് നിരോധനം, മതപരിവര്‍ത്തനത്തിനെതിരായ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് തുടങ്ങി നിരവധി നിയമങ്ങള്‍ക്ക് രൂപം നല്‍കി മുസ്‌ലിംകളെ പിന്തുടര്‍ന്ന് വേട്ടയാടുകയാണ്. നിര്‍ദ്ദിഷ്ട യു.പി. ജനസംഖ്യ നിയന്ത്രണ ബില്‍. മുസ്‌ലിംകളുടെ ഉപജീവനത്തിനുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ആസൂത്രിതമായി ഏര്‍പ്പെടുത്തിയതാണ്.

മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തപ്പോഴും ഈ സര്‍ക്കാര്‍ നിശബ്ദത പാലിച്ചു. എന്നിട്ടാണ് മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ദേശീയ ദിനം പ്രഖ്യാപിക്കുന്നത്. അത്തരമൊരു സര്‍ക്കാരിന് മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ഏതെങ്കിലും ദേശീയ ദിനം പ്രഖ്യാപിക്കുന്നത്. ധാര്‍മ്മിക ഒരു അവകാശമില്ല എന്നും പ്രസ്തവനയില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it