Latest News

കൊവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഇന്ന് മുതൽ പൂർണമായും അടയ്ക്കും

കൊവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഇന്ന് മുതൽ പൂർണമായും അടയ്ക്കും
X

തൃശൂർ: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത് ഇന്ന് മുതൽ പൂർണമായും അടക്കും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ കലക്ടർ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള പ്രദേശമായി കയ്പമംഗലം മാറിയ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രദേശം മുഴുവനായി അടക്കാൻ തീരുമാനിച്ചതെന്നും ശക്തമായ രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ വ്യാപനം എല്ലാ മേഖലയിലേക്കും പടർന്നുകയറുമെന്നും കലക്ടർ പറഞ്ഞു.

പഞ്ചായത്ത് പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയി മാറുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മത്സ്യബന്ധനവും വിൽപനയും പൂർണമായും നിരോധിച്ചു. വാഹനഗതാഗതം അത്യാവശ്യകാര്യങ്ങൾക്കൊഴികെ ഉണ്ടായിരിക്കുന്നതല്ല. പഞ്ചായത്ത് എൻഎച്ച്, വെസ്റ്റ്- ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡുകൾ, മറ്റു പ്രധാന റോഡുകൾ എന്നിവയൊഴികെ എല്ലാ ഉപറോഡുകളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആർ ആർ ടീം ഉപയോഗിച്ച് അടക്കണം. മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ, ലാബുകൾ, റേഷൻകടകൾ മെഡിക്കൽ, മാവേലിസ്റ്റോർ എന്നിവയുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടായിരിക്കുന്നതല്ല. ഈ സ്ഥാപനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാം.

ഹോട്ടലുകൾ, ചായക്കടകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ബേക്കറികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന പലവ്യഞ്ജനം, പച്ചക്കറിക്കടകൾ എന്നിവ ഓരോ വാർഡിലെയും വ്യാപ്തി അനുസരിച്ച് ഒന്നോ രണ്ടോ എന്ന നിലയിൽ പ്രവർത്തിക്കുന്നതാണ്. ഏതെല്ലാം കടകൾ തുറക്കണമെന്നത് സംബന്ധിച്ച് വാർഡ് മെമ്പർമാർക്ക് ആർ ആർ ടി, വ്യാപാരി വ്യവസായികൾ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാം. കോവിഡ് വ്യാപനം കുറച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പുകൾ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവരുമായി ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും യോഗം അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു, സെക്രട്ടറി കെ ബി മുഹമ്മദ് റഫീഖ്, മെഡിക്കൽ ഓഫീസർ ഡോ അനുബേബി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം എസ് ബിനോജ്, കയ്പമംഗലം എസ് ഐ കെ എസ് സുബിന്ദ്, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, വിവിധ ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it