Latest News

'പാലക്കാട് കേരളത്തിലെ ഗുജറാത്ത് ആയത് എങ്ങനെ?'-അഡ്വ. തുഷാര്‍ നിര്‍മലിന്റെ കുറിപ്പ്

പാലക്കാട് കേരളത്തിലെ ഗുജറാത്ത് ആയത് എങ്ങനെ?-അഡ്വ. തുഷാര്‍ നിര്‍മലിന്റെ കുറിപ്പ്
X

പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' എന്നെഴുതിയ ബാനര്‍ കെട്ടിയ സാഹചര്യത്തില്‍ പാലക്കാട് നഗരത്തിലെ ഹിന്ദുത്വ വല്‍കരണത്തെ കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ എഴുതിയ കുറിപ്പ്. പാലക്കാട് നഗരത്തിലെ ജാതി തിരിച്ചുള്ള ആവാസ കേന്ദ്രങ്ങളും സിപിഎമ്മിന്റെ സവര്‍ണ ബോധവും ആര്‍എസ്എസ്സിന്റെ വളര്‍ച്ചക്ക് സഹായകമായെന്ന് തുഷാര്‍ നിരീക്ഷിക്കുന്നു.

'നേതൃത്വത്തില്‍ ആന്തരികവത്ക്കരിക്കപ്പെട്ട ജാതി ബോധവും, വരേണ്യതയും സൃഷ്ടിച്ച പരിമിതിയില്‍ നിന്നും പുറത്തു കടക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. കൃത്യമായ ലക്ഷ്യത്തോടെയുള്ള ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ രാഷ്ട്രീയ പദ്ധതിയുടെ മുന്നില്‍ അത് ദുര്‍ബലമായി. ഈ സാമൂഹ്യ രാഷ്ട്രിയ പ്രക്രിയയുടെ ഫലമാണ് ഇപ്പോള്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ന്ന ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ ബാനര്‍. പാലക്കാട് കേരളത്തിലെ ഗുജറാത്ത് ആണെന്ന് സംഘികളുടെ അവകാശവാദം പൊള്ളയായ ഒന്നല്ല. ആ വെല്ലുവിളി മറികടക്കണമെങ്കില്‍ ഇലക്ഷന്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം മതിയാവുകയില്ല. അതു തിരിച്ചറിയുന്നിടത്താണ് വിമോചനത്തിന്റെ രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നത്'. അഡ്വ. തുഷാര്‍ നിര്‍മല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പാലക്കാട് നഗരസഭയിലെ ബിജെപിയുടെ വിജയവും അതു പ്രതിഫലിപ്പിക്കുന്ന ഹിന്ദുത്വ ഭീകരതയുടെ ആപത്തും ജനാധിപത്യ കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. നഗരസഭാ കെട്ടിടത്തില്‍ തൂക്കിയ ജയ് ശ്രീറാം എന്ന ബാനര്‍ കേരള സമൂഹത്തിന്റെ മേല്‍ രൂപം കൊള്ളുന്ന അപായത്തിന്റെ വിളംബരം കൂടിയാണ്. വാസ്തവത്തില്‍ ഹിന്ദുത്വ ഫാസിസത്തിന്റെ ഈ വേരോട്ടം പാലക്കാട് നഗരസഭയില്‍ മോഡി ഭരണത്തോടെ ഉണ്ടായ ഒന്നല്ല.ദീര്‍ഘകാലത്തെ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയുടെ ഫലമാണത്. അതു വിശദമായ പഠനം നടത്തേണ്ട ഒരു വിഷയമാണ്. ആ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയെ സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കാനാണ് ഈ കുറിപ്പ്.ഇതു വിശദമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ഒന്നല്ല. പതിനഞ്ചു വര്ഷത്തോളവും പാലക്കാട് സി.പി.എമ്മിന്റെ ഭാഗമായി നിന്നും പ്രവര്‍ത്തിച്ചും ഉണ്ടായ അനുഭവങ്ങളില്‍ നിന്നു ഉണ്ടായ നിരീക്ഷണങ്ങള്‍ മാത്രമാണ്.

പാലക്കാട് നഗരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത ജാതിയടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ട ജനവാസ കേന്ദ്രങ്ങളുടെ സവിശേഷതയാണ്. പണ്ട് പാലക്കാട് ഭരിച്ചിരുന്ന നാടുവാഴി ഒരു ആദിവാസി യുവതിയെ പ്രേമിക്കുകയും കല്ല്യാണം കഴിക്കുകയും ചെയ്തു എന്നും അതില്‍ പ്രതിഷേധിച്ചു കൊണ്ട് ബ്രാഹ്മണര്‍ പ്രദേശത്തെ അമ്പലങ്ങളില്‍ പൂജാകര്‍മ്മങ്ങള്‍ ബഹിഷ്‌ക്കരിച്ചെന്നും തോറ്റു കൊടുക്കാന്‍ തയ്യാറാകാതിരുന്ന നാടുവാഴി പൂജാകര്‍മ്മങ്ങള്‍ നടത്താനായി തഞ്ചാവൂരില്‍ നിന്നും തമിഴ് ബ്രാഹ്മണരെ കൊണ്ടു വന്നു കുടിയിരുത്തിയെന്നുമുള്ള ഒരു കഥ തമിഴ് ബ്രാഹ്മണരുടെ വരവിനെ സംബന്ധിച്ചു പ്രചാരത്തിലുണ്ട്. നാടുവഴിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു കുടിയേറാന്‍ തയ്യാറായ പട്ടന്മാര്‍ (തമിഴ് ബ്രാഹ്മണരെ വിളിക്കുന്നത് അങ്ങനെയാണ്) നാടുവാഴിയോട് ഒരു നിബന്ധന വച്ചു. തഞ്ചാവൂരില്‍ അവര്‍ ജീവിക്കുന്ന അതേ ജാത്യാചാരങ്ങള്‍ പാലിച്ചു കൊണ്ടും അതേ നിലവാരത്തിലുള്ള ഭൗതിക സാമൂഹിക ജീവിത പരിസരത്തിലും ജീവിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കണം എന്നായിരുന്നു അത്.നാടുവാഴി അതിനു സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പട്ടന്മാരുടെ കുടിയേറ്റം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. ഈ വാമൊഴി ചരിത്രത്തിന്റെ സത്യം ഇനിയും അന്വേഷിക്കപ്പെടേണ്ടതുണ്ട്. എങ്കിലും തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ പട്ടന്മാര്‍ താമസിക്കുന്ന 64 ആഗ്രഹാരങ്ങള്‍ (പട്ടന്മാരുടെ വാസസ്ഥലങ്ങള്‍) പാലക്കാട് ഉണ്ട്. ഈ ആഗ്രഹാരങ്ങള്‍ കേന്ദ്രമാക്കി കൊണ്ട് അതിനു ചുറ്റുമായി മറ്റു ജാതികളുടെ വാസസ്ഥലങ്ങള്‍ നിലകൊള്ളുന്നത്.ആഗ്രഹാരങ്ങള്‍ക്കടുത്തു അവരുടെ വീട്ടിലെ പണികളും മറ്റും ചെയ്തിരുന്ന നായര്‍ സമുദായത്തിന്റെ നായര്‍ത്തറകള്‍, അവര്‍ക്കാവശ്യമായ എണ്ണ ഉണ്ടാക്കിയിരുന്ന ചക്കാലന്മാര്‍ താമസിച്ചിരുന്ന ഇടങ്ങള്‍, അവര്‍ക്കാവശ്യമായ മണ്പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന കുശവന്‍മാര്‍, ചത്ത പശുവിനെ നീക്കം ചെയ്തിരുന്ന പറയന്മാര്‍, കച്ചവടക്കാരായ മൂത്താന്മാര്‍, സ്വര്‍ണ്ണ പണിക്കാരായ തട്ടാന്‍മാര്‍ എന്നിങ്ങനെ ഓരോ ജാതിക്കും കൃത്യമായ അകലത്തില്‍ വേര്‍തിരിക്കപ്പെട്ട വാസസ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും ഇടങ്ങളില്‍ അവരവരുടെ ദേവതകളും ആരാധനാലയങ്ങളും ഉണ്ട്. അതിനെ കേന്ദ്രീകരിച്ചാണ് ഓരോ ജാതിയുടെയും വാസസ്ഥലങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. മേല്‍പ്പറഞ്ഞ ജാതിയടിസ്ഥാനാത്തിലുള്ള ജനവസകേന്ദ്രങ്ങള്‍ക്കു സമാനമായി പഠാണിത്തെരുവ്,പുതുപ്പള്ളിത്തെരുവ്, മേലാമുറി, ഒലവക്കോട്, നീലിക്കാട്, വലിയങ്ങാടിയുടെ ചില പ്രദേശങ്ങള്‍, കല്മണ്ഡപം തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിങ്ങളുടെ വാസസ്ഥലങ്ങളും നമുക്ക് കാണാന്‍ കഴിയും. പാലക്കാട് നഗരസഭയ്ക്ക് കീഴിലെ ജനവാസകേന്ദ്രങ്ങള്‍ ഇപ്രകാരം രൂപപ്പെട്ടവയാണ്. ഈ ഘടന ഇപ്പോഴും കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്.

64 ആഗ്രഹാരങ്ങളിലായി കഴിയുന്ന പട്ടന്മാര്‍ ഭൂരിപക്ഷവും കൊണ്ഗ്രസ്സിനു വോട്ട് ചെയ്തിരുന്നവരാണ്. ഒരു ചെറിയ വിഭാഗം ജനസംഘത്തിനും പിന്നീട് ബിജെപിക്കും വോട്ട് ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തെ ദീര്‍ഘകാലം നിയമസഭയില്‍ പ്രതിനിധീകരിച്ചി രുന്ന സി.എം സുന്ദരം പട്ടര്‍ വോട്ട് ബാങ്കിന്റെ ബലത്തിലാണ് ജയിച്ച് പോന്നിരുന്നത്. പട്ടന്മാരുടെ വോട്ടിനൊപ്പം മറ്റു വിഭാഗങ്ങളുടെ കൂടി വോട്ട് ഉറപ്പിക്കാനും ജാതീയമായ മേല്‍ക്കോയ്മ ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു. പാലക്കാട് നഗരസഭയിലെ ശംഖുവാരമേട് എന്ന സ്ഥലത്തിനടുത്തുള്ള മധുരവീരന്‍ കോളനി ചക്ലിയ സമുദായത്തിലെയാളുകള്‍ താമസിച്ചിരുന്ന ഇടമാണ്. സി.എം.സുന്ദരം മത്സരിക്കുമ്പോള്‍ ഇലക്ഷന് തലേദിവസം ചക്ലിയ സമുദായത്തിന്റെ മൂപ്പന്‍ വിളക്കു കൊളുത്തി സത്യം ചെയ്ത് സമുദായത്തിന്റെ വോട്ട് ഉറപ്പാക്കുന്ന സമ്പ്രദായം ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും പട്ടന്മാരുടെയും മുസ്ലിം വിഭാഗത്തിന്റെയും കീഴാള ജാതികളുടെയും വോട്ടു കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. നായര്‍ത്തറകളിലെ ഒരു ന്യൂനപക്ഷത്തിലും ഈഴവ സമുദായത്തിലും മുസ്ലിങ്ങളിലെ ഒരു ന്യൂനപക്ഷവുമായിരുന്നു സിപിഎമ്മിന്റെ വോട്ട് ബാങ്ക്. ബിജെപിയാകട്ടെ പട്ടന്മാരിലും, നായര്‍ സമുദായത്തിലെ ഒരു ന്യൂനപക്ഷത്തിലും ഇടനില ജാതികളായ മൂത്താന്‍ വിശ്വകര്‍മ്മ തുടങ്ങിയ ജാതികളിലും കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്.

എന്നാല്‍ 1990 കളോടെ ഈ വോട്ടിങ് പാറ്റേണില്‍ മാറ്റം വരാന്‍ തുടങ്ങി.കച്ചവടക്കാരായ മൂത്താന്‍ സമുദായത്തിലെ ഒരു വിഭാഗം സാമ്പത്തികമായി പ്രബലരായി. പാലക്കാട് നഗരത്തിലെ ബിജെപിക്ക് ഏറ്റവും ശക്തമായ അടിത്തറ ഉള്ളത് ഈ വിഭാഗത്തിലാണ്. ബ്ലേഡ് പലിശ, സ്വര്‍ണ്ണ പണയം തുടങ്ങിയ ഇടപാടുകളിലൂടെ നഗരത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ഈ വിഭാഗം വളര്‍ന്നു. കച്ചവടത്തില്‍ ഈ വിഭാഗം പ്രധാനമായും മത്സരിച്ചിരുന്നത് മുസ്ലിംങ്ങളോടായിരുന്നു. മുസ്ലിങ്ങളിലെ ഒരു വിഭാഗവും കച്ചവടത്തിലൂടെ സാമ്പത്തികമായി മെച്ചപ്പെട്ടു വന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി നായര്‍ സമുദായം സാമ്പത്തികമായി പിന്നിട്ടു നില്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. അഗ്രഹരങ്ങളിലെ വീട്ടു ജോലികളും അനുബന്ധ സേവനങ്ങളും കാര്യസ്ഥ പണിയും നടത്തി ഉപജീവനം കഴിച്ചിരുന്ന ഈ വിഭാഗം വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം പോവുകയാണ് ഉണ്ടായത്. ആദ്യകാലങ്ങളില്‍ ഈ വിഭാഗത്തിലെ ഒരു ന്യൂനപക്ഷം സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എന്നാല്‍ തുടരുന്ന പിന്നോകാവസ്ഥയും അവര്‍ അനുഭവിച്ചിരുന്ന ജാതീയമായ മേല്‍ക്കോയ്മയെ സംബന്ധിച്ച ബോധവും ഈ വിഭാഗത്തിലെ ചെറുപ്പക്കാരെ ക്രമേണ ബിജെപിയോട് അടുപ്പിക്കുന്നതിനു കാരണമായി.

90കള്‍ മുതലുണ്ടായ മറ്റൊരു പ്രധാന മാറ്റം ജാതിയെ കേന്ദ്രീകരിച്ചു രൂപപ്പെട്ട വാസകേന്ദ്രങ്ങളില്‍ ഹിന്ദുത്വയുടെ നേരിട്ടുള്ള കടന്നു വരവാണ്. ഈ വാസകേന്ദ്രങ്ങള്‍ പ്രധാനമായും അതതു ജാതികളുടെ ആരാധനാലായങ്ങള്‍ക്ക് ചുറ്റുമായാണ് രൂപപ്പെട്ടിരുന്നത്. ഈ ആരാധനാലയങ്ങളില്‍ അതതു ജാത്യാചാര പ്രകാരമുള്ള ആരാധനക്രമങ്ങള്‍ ആണ് നടന്നിരുന്നത്. എന്റെ വീടിനടുത്ത് കുശവന്മാരുടെ വാസകേന്ദ്രമായിരുന്ന കൊശപ്പാളയത്ത് ഉണ്ടായിരുന്ന ആരാധനാകേന്ദ്രമായിരുന്നു പേച്ചിയമ്മന്‍ കോവില്‍. അവിടെ പൂജയും മറ്റും നടത്തിയിരുന്നത് അവരുടെ ഇടയില്‍ നിന്നു തന്നെയുള്ള ആളുകളായിരുന്നു. എന്നാല്‍ പിന്നീട് ക്രമേണ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത് പട്ടന്മാരായി മാറി. മൂത്താന്‍, വിശ്വകര്‍മ്മ തുടങ്ങിയ ഇടനില ജാതികളിലെ സാമ്പത്തികമായി പ്രബലമായ വിഭാഗങ്ങള്‍ (ഇവരാണ് ബിജെപിയുടെ അടിത്തറ) ഈ ആരാധനാലയങ്ങള്‍ അമ്പലങ്ങളായി പുനര്‌നിര്മ്മിക്കുന്നതിന് സാമ്പത്തിക പിന്‍ബലം നല്‍കി. പാലക്കാട് നഗരത്തിലെ ജനവാസത്തിന്റെ ജാതിയെ അടിസ്ഥാനമാക്കിയുള്ള സവിശേഷമായ വിന്യാസത്തെയും സാമ്പത്തികമായ പിന്നാക്കവസ്ഥയെയും കൃത്യമായി ഉപയോഗപ്പെടുത്തി ആര്‍.എസ്സ്.എസ്സിന് അവിടങ്ങളില്‍ വേരുറപ്പിക്കാനായി.

എന്നാല്‍ ഈ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയെ അഭിസംബോധന ചെയ്യാന്‍ സിപിഎമ്മിനോ ഇടത്പക്ഷത്തിനോ കഴിഞ്ഞില്ല. നായര്‍ വിഭാഗങ്ങളില്‍ നിന്നും അതിന്റെ പക്ഷത്തു നിന്നിരുന്നവര്‍ ഭരണകൂടാധികാരത്തിന്റെ മധ്യസ്ഥതയില്‍ സര്‍ക്കാര്‍ പൊതുമേഖലാ ജോലികളില്‍ കയറിപ്പറ്റുകയും തങ്ങളുടെ സാമൂഹ്യ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ അടുത്ത തലമുറക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം അവര്‍ ഉറപ്പാക്കി. ഇങ്ങനെ രൂപപ്പെട്ടുവന്ന ഈ വരേണ്യവിഭാഗമാണ് പിന്നീട് 80 കളുടെ അവസാനവും 90 കളിലും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലെ പ്രബലമായ വിഭാഗമായത്. ഇവര്‍ കീഴാള ദരിദ്ര വിഭാഗങ്ങളെ പൂര്‍ണ്ണമായി അവഗണിച്ചു. കീഴാള ജനത പ്രകടന തൊഴിലാളികള്‍ മാത്രമായി പരിഗണിക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാനും ഡി.വൈ.എഫ് ഐ അംഗത്വം ചേര്‍ക്കല്‍, പാര്‍ട്ടി ഫണ്ട് പിരിവ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാത്രമായി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങി. അവഗണിക്കപ്പെട്ട ഈ പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിക്കാനോ രാഷ്ട്രീയവതക്കാരിക്കാനോ സി.പിഎമ്മിനും ഇടതു പക്ഷത്തിനും കഴിഞ്ഞില്ല. ഞാന്‍ പാലക്കാട് എസ്.എഫ്.ഐ ഏരിയ കമ്മറ്റി അംഗമായി പ്രവൃത്തിച്ചിരുന്ന കാലത്ത് എനിക്കും മറ്റൊരു സഖാവിനും കുമരപുരം സര്‍ക്കാര്‍ ഹൈ സ്‌കൂളിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ ചാര്‍ജ് ഉണ്ടായിരുന്നു. ഒരു അദ്ധ്യയന വര്ഷാരംഭത്തില്‍ അവിടത്തെ പി.ടി.എ യോഗത്തില്‍ ഒരു തീരുമാനം ഉണ്ടായി. ഇനി അവിടെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കേണ്ട എന്നായിരുന്നു തീരുമാനം. പി.ടി.എ പ്രസിഡന്റ് കെ.എസ്സ്. ആര്‍. ടി.സിയില്‍ ജോലി ചെയ്യുന്ന ഒരു സിപിഎം പ്രാദേശിക നേതാവായിരുന്നു.അതു കൊണ്ട് പി.ടി.എ തീരുമാനത്തെ കുറിച്ചുള്ള ഞങ്ങളുടെ വിമര്‍ശനം അറിയിക്കാനും അതു പിന്‍വലിപ്പിക്കാനും പുള്ളിയെ ചെന്നു കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു.എന്റെ കൂടെ ഉണ്ടായിരുന്ന സഖാവ് കെ.എസ്.ടി.എ യുടെ സംസ്ഥാന നേതാവിന്റെ മകള്‍ ആയിരുന്നതിനാല്‍

പി.ടി.എ പ്രസിഡന്റ് വീട്ടില്‍ കയറ്റി ഇരുത്തി സംസാരിക്കാന്‍ തയ്യാറായി.പുള്ളിയുടെ മകള്‍ പത്തം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്. തല്‍ക്കാലം ഈ വര്‍ഷം സംഘടനാ പ്രവര്‍ത്തനം ഒന്നും വേണ്ട എന്നു പുള്ളിക്കാരന്‍ തറപ്പിച്ചു പറഞ്ഞു. സംസാരത്തിനിടയില്‍ അയാള്‍ പറഞ്ഞ ഒരു കാര്യം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു.ഞങ്ങളെ പോലുള്ള ആളുകള്‍ കടന്നു വന്നപ്പോഴാണ് പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ ഒരു വിലയുണ്ടായത്. അതിനു മുന്‍പ് ഈ പാര്‍ട്ടിയില്‍ ആരും അംഗീകരിക്കാത്ത ചുമട്ടു തൊഴിലാളികളും കൂലിപ്പണിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് അയാള്‍ പറഞ്ഞത്.ഞങ്ങള്‍ക്ക് കടുത്ത അമര്‍ഷം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു. ഇത്തരം ഒരു മനോഘടന പൊതുവില്‍ ആ പാര്‍ട്ടിക്ക് അവിടെ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. സിപിഎം ഇപ്രകാരം അകറ്റി നിറുത്തിയ ഇടങ്ങളില്‍ ക്ഷേത്ര പുനരുദ്ധാരണം, ചെറിയ സാമ്പത്തിക സഹായങ്ങളും തൊഴിലും, പുതുപ്പള്ളിത്തെരുവ്, മേലാമുറി, കല്മണ്ഡപം, പറക്കുന്നം,വലിയങ്ങാടിയിലെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ മുസ്ലിങ്ങളെ ചൂണ്ടിക്കാട്ടിയുള്ള വര്‍ഗ്ഗീയ പ്രചാരണം തുടങ്ങിയവ വഴി ആര്‍.എസ്.എസ് കൃത്യമായി തങ്ങളുടെ സ്വാധീനം വികസിപ്പിച്ചെടുത്തത്.

എന്റെ കോളേജ് പഠനകാലത്ത് കല്മണ്ഡപം കേന്ദ്രീകരിച്ചുള്ള ഒരു ക്രിമിനല്‍ സംഘവും വടക്കന്തറ കേന്ദ്രീകരിച്ചുള്ള ഒരു ക്രിമിനല്‍ സംഘവും തമ്മില്‍ ഉണ്ടായിരുന്ന മത്സരത്തിനു കൃത്യമായ വര്‍ഗ്ഗീയ സ്വഭാവം ആയിരുന്നു ഉണ്ടായിരുന്നത്.ദരിദ്ര മുസ്ലിം വിഭാഗങ്ങള്‍ താമസിച്ചിരുന്ന ഒരു കോളനി ഞങ്ങളുടെ പ്രദേശത്തു ഉണ്ടായിരുന്നു. സുന്ദരം കോളനി എന്നറിയപ്പെട്ടിരുന്ന ആ കോളനി പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഉണ്ടാക്കിയതാണ്. ദരിദ്ര മുസ്ലിങ്ങളും ദലിതരും ആയിരുന്നു അവിടെ ഉണ്ടായിരുന്നു. പക്ഷെ ഈ കോളനിയിലെ മുസ്ലിങ്ങളെ ചൂണ്ടി കാണിച്ചാണ് ആര്‍.എസ്.എസ് വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് ജയിച്ചപ്പോള്‍ പടക്കം പൊട്ടിച്ചു ആഘോഷിച്ചു. പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയങ്ങള്‍ ആഘോഷിക്കുന്നു എന്നത് സ്ഥിരമായി ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു സംഗതിയായിരുന്നു. ഇത്തരം ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണങ്ങളും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അതിലൂടെ ലക്ഷ്യം വച്ച ഹിന്ദു വോട്ട് ബാങ്ക് ഏകീകരണവും വിജയകരമായി നടപ്പിലാക്കാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. ഇതിനു സഹായകമായ മറ്റൊരു മാറ്റം കൂടി സമാന്തരമായി നടന്നു. അതു അഗ്രഹാരങ്ങളിലെ പട്ടന്മാര്‍ക്കിടയിലെ രാഷ്ട്രീയ മാറ്റം ആയിരുന്നു.ദേശീയ തലത്തില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം, ബാബരി മസജ്ജീദ് തകര്‍ത്തതും അതിനു മുന്നോടിയായി നടന്ന രഥ യാത്രയും ഒക്കെ ക്രമേണ ഈ വിഭാഗത്തെ അതിന്റെ സ്വാഭാവികമായ രാഷ്ട്രീയ പ്രസ്ഥാനമായ ബി.ജെ.പിയിലേക്കു നയിച്ചു. കോണ്ഗ്രസ്സിന്റെ തകര്‍ച്ച ഈ പ്രക്രിയക്ക് ആക്കം കൂട്ടുകയും അവര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്കു കൂടുമാറുകയും ചെയ്തു.

ഈ പ്രദേശത്ത് ജാതിയുടെയും സാമ്പത്തിക ബന്ധങ്ങളുടെയും മണ്ഡലങ്ങളില്‍ ഉണ്ടായ മാറ്റങ്ങളെ കാണാനോ ഇടപെടാനോ സിപിഎമ്മിന് കഴിഞ്ഞില്ല എന്നതാണ് അവരുടെ പിന്നോട്ടടിക്കു പ്രധാന കാരണമായത്. ആര്‍.എസ്.എസ്സിനാകട്ടേ അവരുടെ ഹിന്ദു ഏകീകരണമെന്ന ലക്ഷ്യം മുന്‍ നിറുത്തി വലിയോരളവില്‍ മുന്നോട്ടു പോകാന്‍ സാധിച്ചു. പക്ഷെ ഇത് ജാതി ഘടനയെ പൊളിച്ചു കൊണ്ടല്ല. സവര്‍ണരുടെ അധികാരത്തെ ഉറപ്പിച്ചെടുത്തു കൊണ്ടുള്ള ഒരു പരിവര്‍ത്തനമായിരുന്നു അത്. നാലമ്പലത്തിനകത്ത് പൂണൂല്‍ ധാരികള്‍ക്കല്ലാതെ മറ്റു ജാതികള്‍ക്കു പ്രവേശനമില്ലാത്ത അമ്പലങ്ങള്‍ പാലക്കാടുണ്ട്. ജാതിയെ പുതിയ തരത്തില്‍ ഉറപ്പിച്ചു കൊണ്ട് തന്നെയാണ് ആര്‍.എസ്.എസ് അതിന്റെ ബ്രഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ട മുന്നോട്ടു കൊണ്ടു പോയത്. അതെ സമയം ഇതേ ജാതി മത ദ്രുവീകരണങ്ങളെ മുതലെടുത്തു കൊണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. നഗരത്തിനു പുറത്തുള്ള തങ്ങളുടെ ഈഴവ മറ്റു പിന്നോക്ക ജാതി വോട്ടു ബാങ്കും നഗരത്തിലെ മുസ്ലിം വോട്ടുകളും ഏകീകരിക്കുക എന്ന തെരഞ്ഞെടുപ്പ് തന്ത്രം സിപിഎമ്മിന് ഇടക്കാലത്ത് വിജയം നേടിക്കൊടുത്തിരുന്നു. പക്ഷെ അതിന്റെ നേതൃത്വത്തില്‍ ആന്തരികവത്ക്കരിക്കപ്പെട്ട ജാതി ബോധവും, വരേണ്യതയും സൃഷ്ടിച്ച പരിമിതിയില്‍ നിന്നും പുറത്തു കടക്കാന്‍ അതിനു കഴിഞ്ഞില്ല. കൃത്യമായ ലക്ഷ്യത്തോടെയുള്ള ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ രാഷ്ട്രീയ പദ്ധതിയുടെ മുന്നില്‍ അത് ദുര്‍ബലമായി. ഈ സാമൂഹ്യ രാഷ്ട്രിയ പ്രക്രിയയുടെ ഫലമാണ് ഇപ്പോള്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ന്ന ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ ബാനര്‍. പാലക്കാട് കേരളത്തിലെ ഗുജറാത്ത് ആണെന്ന് സംഘികളുടെ അവകാശവാദം പൊള്ളയായ ഒന്നല്ല. ആ വെല്ലുവിളി മറികടക്കണമെങ്കില്‍ ഇലക്ഷന്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം മതിയാവുകയില്ല. അതു തിരിച്ചറിയുന്നിടത്താണ് വിമോചനത്തിന്റെ രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നത്.


പാലക്കാട് നഗരസഭയിലെ ബിജെപിയുടെ വിജയവും അതു പ്രതിഫലിപ്പിക്കുന്ന ഹിന്ദുത്വ ഭീകരതയുടെ ആപത്തും ജനാധിപത്യ കേരളത്തെ...

Posted by Thushar Nirmal on Thursday, December 17, 2020

Next Story

RELATED STORIES

Share it