Latest News

ഷിഗല്ല: തൃശൂര്‍ ജില്ലയില്‍ അടിയന്തര സാഹചര്യമില്ല

ഷിഗല്ല: തൃശൂര്‍ ജില്ലയില്‍ അടിയന്തര സാഹചര്യമില്ല
X

തൃശൂര്‍: ജില്ലയില്‍ ഇതുവരെ ഷിഗല്ല ബാക്ടീരിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധത്തില്‍ അയവ് വരുത്താതെ ജില്ലാ മെഡിക്കല്‍ ഓഫിസ്. ഡയേറിയ, ഡിസന്ററി രോഗാണു നശീകരണം ഉള്‍പ്പടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍ ചെയ്ത് അണു വിമുക്തമാക്കുന്നുണ്ട്. കുടിവെള്ളം ശുദ്ധീകരിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന അളവിന്റെ ഇരട്ടി ക്‌ളോറിന്‍ ഉപയോഗിക്കുന്ന പ്രക്രിയയാണ് സൂപ്പര്‍ ക്‌ളോറിനേഷന്‍.

എല്ലാ ആശുപത്രികളിലും ഒആര്‍എസ് കൗണ്ടര്‍ സജ്ജമാണെന്നും വേണ്ടത്ര മരുന്നുകള്‍ സ്‌റ്റോക്കുണ്ടെന്നും ഡി എം ഒ ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് തീരുമാനിച്ചത്. ഭക്ഷണത്തിലൂടെയാണ് രോഗം ബാധിക്കുന്നത് എന്നാണ് നിലവിലെ വിലയിരുത്തല്‍. മലിന ജലം, കേടായതും പഴകിയതുമായ ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗല്ല ബാക്റ്റീരിയ പകരുന്നത്. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. ആശ പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തില്‍ ബോധ വത്കരണ പരിപാടികള്‍ നടന്നു വരികയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണ പരിപാടികളും ശക്തമായി തുടരുകയാണ്. പനി, വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയവയാണ് ഷിഗല്ലയുടെ രോഗ ലക്ഷണങ്ങള്‍.

Next Story

RELATED STORIES

Share it