Latest News

വയനാട് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

വയനാട് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. കൃഷിയിടങ്ങളിലും ചെളിവെളളത്തിലും മറ്റും പണിയെടുക്കുമ്പോള്‍ ഷൂ, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. പലപ്പോഴും എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകുന്നത് മരണത്തിന് കാരണമായേക്കാമെന്നും ഡിഎംഒ പറഞ്ഞു.

എലിപ്പനി മാരകമാണെങ്കിലും പൂര്‍ണ്ണമായും പ്രതിരോധിക്കുവാന്‍ കഴിയുന്നതാണ്. രോഗം പിടിപെട്ടാല്‍ ആരംഭത്തിലെ ചികിത്സ വേണം. സ്വയം ചികിത്സ പാടില്ല. എലി മൂത്രത്തില്‍ നിന്നുമാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നതെങ്കിലും വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്ജനത്തിലൂടെയും അസുഖം പകരാം. മലിനജലവുമായിട്ടുള്ള സമ്പര്‍ക്കം, ശരീരത്തിലെ ചെറുമുറിവ്, കണ്ണ്, മൂക്ക്, വായ എന്നിവയിലെ മൃദുല ചര്‍മ്മത്തിലൂടെയുമാണ് എലിപ്പനിയുടെ അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.

ലക്ഷണങ്ങള്‍

പനി, തലവേദന, കണ്ണിന് ചുവപ്പ് നിറം, ശരീരവേദന, ശക്തമായ പേശീവേദന, വിറയല്‍ തുടങ്ങിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. എലിപ്പനി ഒരു ബാക്ടീരിയ രോഗമായതിനാല്‍ തക്കസമയത്തുള്ള ചികിത്സകൊണ്ട് രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഡി.എം.ഒ അറിയിച്ചു.

പ്രതിരോധം എങ്ങനെ

മലിനജലവുമായിട്ടുളള സമ്പര്‍ക്കം ഒഴിവാക്കുക, വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക, കൈകാലുകളില്‍ മുറിവുളളവര്‍ മലിന ജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക, വീടും പരിസരവും എലി പെരുകാതെ സൂക്ഷിക്കുക എന്നിവ ആവശ്യമാണ്. തൊഴിലുറപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, വിവിധ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ 200 ാഴ ഡോക്‌സിസൈക്ലിന്‍ ആഴ്ച്ചയില്‍ ഒരു ഡോസ് വീതം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം 4 ആഴ്ച്ച കഴിക്കേണ്ടതാണ്. സംശയകരമായ രോഗലക്ഷണമുളളവര്‍ സ്വയം ചികിത്സ നല്‍കാതെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it