Latest News

കൊവിഡ് പ്രതിസന്ധിക്കിടെ നൂറ് മേനി; പൊയ്യയില്‍ മത്സ്യകൃഷി വിളവെടുത്തു

കൊവിഡ് പ്രതിസന്ധിക്കിടെ നൂറ് മേനി; പൊയ്യയില്‍ മത്സ്യകൃഷി വിളവെടുത്തു
X

തൃശൂര്‍: കൊവിഡ് കാലത്ത് മത്സ്യകൃഷിയില്‍ നൂറ് മേനി വിളയിച്ച് പൊയ്യ ഗ്രാമ പഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പടുതാകുളങ്ങളിലെ മത്സ്യകൃഷിയുടെ വിളവെടുപ്പാണ് വിജയകരമായി നടന്നത്. പൊയ്യ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഇരട്ടപ്പടി സ്വദേശികളായ അതിയാരത്ത് വീട്ടില്‍ ബേബിയും ചാത്തന്‍ചിറ വീട്ടില്‍ സോമസുന്ദരനുമാണ് മത്സ്യകൃഷിയില്‍ നേട്ടം കൊയ്തത്. പൊയ്യ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ വീട്ടുമുറ്റത്ത് പടുതാകുളത്തിലാണ് ഇരുവരും മത്സ്യകൃഷി ആരംഭിച്ചത്.

മത്സ്യകൃഷിക്കായി രണ്ട് സെന്റ് വരുന്ന കുളം ആദ്യം നിര്‍മിച്ചു. ഇതിനായി 1,23,000 രൂപ ചെലവ് വന്നെങ്കിലും 40% സബ്‌സിഡിയുണ്ട്. ആയിരം ആസാം വാള കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഈ കഴിഞ്ഞ ഡിസംബര്‍ 28നാണ് ഇരുവരും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 8 മാസം കൊണ്ട് വിളവെടുക്കുകയായിരുന്നു ലക്ഷ്യം. ശുദ്ധജലത്തില്‍ വളരുന്ന മത്സ്യമായതിനാല്‍ പെല്ലറ്റ് തീറ്റയാണ് ഭക്ഷണം നല്‍കിയത്.

ആദ്യ കൃഷിയായതിനാല്‍ വലിയ ലാഭം പ്രതീക്ഷിക്കാതിരുന്ന ബേബിയും സോമസുന്ദരനും പക്ഷെ മികച്ച വിളവാണ് ലഭിച്ചത്. ആദ്യ വിളവെടുപ്പില്‍ ലഭിച്ച ഓരോ മത്സ്യത്തിനും ഏകദേശം 750 ഗ്രാം മുതല്‍ ഒരു കിലോ വരെ തൂക്കമുണ്ട്. കിലോക്ക് 180 രൂപ നിരക്കിലാണ് വില്‍പന നടത്തിയത്.

പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹായത്തോടെയാണ് മത്സ്യകൃഷിയില്‍ നേട്ടം കൊയ്യാനായെന്ന് ബേബി പറയുന്നു. പ്രവാസജീവിതത്തോട് വിട പറഞ്ഞാണ് ബേബി മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്.

സോമസുന്ദരനും മത്സ്യകൃഷിയോടുള്ള താല്‍പര്യം കൊണ്ടാണ് ഈ രംഗത്തേയ്ക്ക് വന്നത്. വീട്ടുവളപ്പില്‍ നടന്ന മത്സ്യകൃഷി വിളവെടുപ്പില്‍ പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, വൈസ് പ്രസിഡന്റ് ടി കെ കുട്ടന്‍, വാര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, ഫിഷറീസ് വകുപ്പ് എ എഫ് ഇ ഒ ലീന തോമസ്, പ്രമോട്ടര്‍ അക്ഷയ സിദ്ധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it