Latest News

വിശപ്പ് രഹിത നഗരമായി ചാവക്കാട്; നഗരസഭയിലെ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

വിശപ്പ് രഹിത നഗരമായി ചാവക്കാട്; നഗരസഭയിലെ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ ആരംഭിച്ചു
X

തൃശൂര്‍: 20 രൂപയ്ക്ക് ചോറും രുചികരമായ കറികളുമായി ചാവക്കാടിന്റെ പുതിയ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലാണിത്. നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നഗരസഭാ ഓഫിസിന് സമീപം ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. ഭക്ഷണമില്ലാത്തതിന്റെ പേരില്‍ നഗരസഭ പരിധിയില്‍ ആരും തന്നെ വിശന്നിരിക്കരുത് എന്നതാണ് ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

നഗരസഭയുടെ സ്വന്തം കെട്ടിടത്തില്‍ ആരംഭിച്ച ഹോട്ടലിന്റെ പ്രവര്‍ത്തന ചുമതല ആറ് അംഗങ്ങളുള്ള കഫേശ്രീ കുടുംബശ്രീ യൂണിറ്റിനാണ്. വെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ നഗരസഭ സജ്ജമാക്കി. കുടുംബശ്രീ മിഷന്റെ സബ്‌സിഡിയോടൊപ്പം സിവില്‍ സപ്ലൈസ് മുഖേന അരിയും പലവ്യഞ്ജനങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. രാവിലെ 12 മുതല്‍ 3 മണി വരെയുള്ള സമയത്താണ് ഊണ്‍ ലഭിക്കുക. ഊണിന് 20 രൂപയും പാര്‍സലായി നല്‍കുന്നതിന് 25 രൂപയുമാണ്. ആവശ്യക്കാര്‍ക്ക് മീനും ഇറച്ചിയും ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും പ്രത്യേകം നിരക്കില്‍ ലഭിക്കും.

കൂടാതെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കും ജനകീയ ഹോട്ടല്‍ മുഖേന ഓര്‍ഡര്‍ അനുസരിച്ച് ഊണ് ലഭിക്കും. നഗരസഭയിലെ ആദ്യ ജനകീയ ഹോട്ടല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലകസിലാണ് പ്രവര്‍ത്തിക്കുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍ മുഖ്യാതിഥിയായി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it