Latest News

തിരുവെങ്കിടം റെയില്‍വേ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണം: എന്‍ കെ അക്ബര്‍ എംഎല്‍എ

തിരുവെങ്കിടം റെയില്‍വേ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണം: എന്‍ കെ അക്ബര്‍ എംഎല്‍എ
X

തൃശൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടം റെയില്‍വേ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിന് എംഎല്‍എ കത്ത് നല്‍കി. ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാമത്തെ പ്ലാറ്റ് ഫോമിന്റെ പണി പൂര്‍ത്തികരിച്ചതിന്റെ ഭാഗമായി ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന തിരുവെങ്കിടം പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് നിവേദനം നല്‍കിയത്.

തിരുവെങ്കിടം റെയില്‍വേ അടിപ്പാത നിര്‍മാണത്തിന് 202122 വര്‍ഷത്തെ ബജറ്റില്‍ 20% തുക വകയിരുത്തി പൊതുമരാമത്ത് വകുപ്പിന്റെ ഹെഡില്‍ 3 കോടി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ തിരുവെങ്കിടം റെയില്‍വേ അടിപ്പാത

നിര്‍മാണം ഏറ്റെടുക്കാന്‍ ദക്ഷിണ റെയില്‍വേ താല്‍പര്യം അറിയിക്കുകയും ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഡിപ്പോസിറ്റ് വര്‍ക്കായി സബ് വേ നിര്‍മാണത്തിന് മാത്രമായി 2,78,92,794 രൂപയും റെയില്‍വേ വിഹിതമായി 1,10,89,645 രൂപയും ഉള്‍പ്പെടെ 3,89,82,439 രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ട്. കൂടാതെ അപ്രോച്ച് റോഡുകള്‍ക്കായി ഡിപ്പോസിറ്റ് ഇനത്തില്‍ 89,12,464 രൂപയും, റെയില്‍വേ വിഹിതമായി 9,47,395 രൂപയും ഉള്‍പ്പെടെ 98,59,859 രൂപയുടെ എസ്റ്റിമേറ്റുമാണ് തയാറാക്കിയിട്ടുള്ളത്.

റെയില്‍വേ വിഹിതം കൂടി നല്‍കിക്കൊണ്ട് തിരുവെങ്കിടം റെയില്‍വേ പാത നിര്‍മാണത്തിന് ദക്ഷിണ റെയില്‍വേ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്ന സാഹചര്യത്തില്‍ അടിപ്പാത നിര്‍മാണ പ്രവര്‍ത്തനം റെയില്‍വേയെ ഏല്‍പ്പിക്കുന്നതാവും കൂടുതല്‍ അഭികാമ്യമെന്ന് കത്തില്‍ ചൂണ്ടികാട്ടി. ആയതിനാല്‍ ബജറ്റില്‍ വകയിരുത്തിയ 3 കോടി 50 ലക്ഷം രൂപ റെയില്‍വേയില്‍ ഡിപ്പോസിറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കത്തിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it