Latest News

പുനര്‍ഗേഹം പദ്ധതിയിലൂടെ തൃശൂര്‍ ജില്ലയില്‍ 53 വീടുകള്‍ പൂര്‍ത്തിയായി

പുനര്‍ഗേഹം പദ്ധതിയിലൂടെ തൃശൂര്‍ ജില്ലയില്‍ 53 വീടുകള്‍ പൂര്‍ത്തിയായി
X

തൃശൂര്‍: കേരളത്തിന്റെ സൈന്യത്തിന് നല്‍കിയ വാക്ക് പാലിച്ച് സംസ്ഥാന സര്‍ക്കാര്‍. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പുനര്‍ഗേഹം പദ്ധതിയിലൂടെ 53 വീടുകളാണ് തൃശൂര്‍ ജില്ലയില്‍ കൈമാറിയത്. തീരദേശവാസികളുടെ സാമൂഹിക ജീവിതത്തിന് ഉറപ്പ് നല്‍കി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് സന്തുഷ്ടമായ തീരദേശം സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. സംസ്ഥാനത്ത് പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 308 വീടുകളുടേയും 303 ഫ്‌ലാറ്റുകളുടേയും ഗൃഹപ്രവേശനവും താക്കോല്‍ ഏല്‍പ്പിക്കലുമാണ് നടന്നത്.

എറിയാട് ബി ആര്‍ അംബേദ്കര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല പരിപാടി റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സ്വന്തം മത്സ്യത്തൊഴിലാളി സൈന്യത്തിന് യാതൊരു വിധത്തിലുമുള്ള അപകടം സംഭവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭൂരഹിതരായ ജനങ്ങള്‍ക്ക് ഭൂമി നല്‍കുക എന്ന സാക്ഷാത്കാരമാണ് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയ്പമംഗലം മണ്ഡലത്തിലെ 43 വീടുകളുടെ താക്കോല്‍ദാനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മണലൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ച് വീടുകളുടെ താക്കോല്‍ദാനം വാടാനപ്പള്ളി പഞ്ചായത്ത് ഹാളില്‍ മുരളി പെരുനെല്ലി എംഎല്‍എയും ഗുരുവായൂര്‍ മണ്ഡലത്തിലെ വീടുകളുടെ താക്കോല്‍ ദാനം ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഹാളില്‍ എന്‍ കെ അക്ബര്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.

വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്ന സ്വപ്ന പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കിയത് തൃശൂര്‍ ജില്ലയിലാണ്. സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതിയുടെ ആദ്യഘട്ടം ജില്ലയിലെ കയ്പമംഗലം മണ്ഡലത്തിലാണ് തുടക്കം കുറിച്ചത്. തീരദേശ പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തില്‍ തന്നെ പുനര്‍ഗേഹം പദ്ധതി നടപ്പാക്കണം എന്ന ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍എയുടെ

ആവശ്യപ്രകാരമാണ് പദ്ധതി കയ്പമംഗലം മണ്ഡലത്തില്‍ ആദ്യം നടപ്പാക്കപ്പെട്ടത്. അഴീക്കോട്, എറിയാട്, എടവിലങ്ങ്, പടിഞ്ഞാറേ വെമ്പല്ലൂര്‍, കൂളിമുട്ടം, പെരിഞ്ഞനം, കയ്പമംഗലം, ചെന്ത്രാപ്പിന്നി, ചപ്പള്ളിപുരം, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, കടപ്പുറം, ബ്ലാങ്ങാട്, മന്ദലാംകുന്ന് എന്നീ വില്ലേജുകളിലായി 939 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 670 ഗുണഭോക്താക്കള്‍ക്ക് അനുമതി ലഭിച്ചു. 435 പേര്‍ താമസം മാറാന്‍ തയ്യാറായി. മണലൂര്‍ നിയോജക മണ്ഡലത്തില്‍ പദ്ധതിപ്രകാരം മാറിതാമസിക്കാന്‍ തയ്യാറായിട്ടുള്ള 39 ഗുണഭോക്താക്കളില്‍ 18 പേരുടെ ഭൂമി വില നിശ്ചയിക്കുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പദ്ധതിപ്രകാരം മാറിതാമസിക്കാന്‍ തയ്യാറായിട്ടുള്ള 80 പേരില്‍ 24 ഗുണഭോക്താക്കളുടെ ഭൂവില നിശ്ചയിക്കുകയും ഭൂരജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

2,450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 ഓടെ പൂര്‍ത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് വകയിരുത്തിയത്. 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങള്‍ക്കും ഇതിനായി നല്‍കുന്നത്. ഇതില്‍ സ്ഥലം വാങ്ങി ബാക്കി മുഴുവന്‍ പണവും വീടു നിര്‍മിക്കുന്നതിന് ഉപയോഗിക്കാമെന്ന പുതിയ നിയമം കൂടി ഉള്‍പ്പെടുത്തിയതോടെ 10 ലക്ഷം രൂപയും ഗുണഭോക്താവിന് ലഭിക്കും എന്നതാണ് മറ്റൊരു പ്രയോജനം. പന്ത്രണ്ടുവര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് സ്ഥലം കണ്ടെത്തി വീടുനിര്‍മിക്കാന്‍ ഓരോകുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കുക. 12 വര്‍ഷത്തിന് ശേഷം കൈമാറിയാല്‍ അവരെ സര്‍ക്കാരിന്റെ മറ്റു ഭവന പദ്ധതികള്‍ക്ക് പരിഗണിക്കില്ല. ഗുണഭോക്താക്കളായശേഷം മാറിത്താമസിക്കാന്‍ വിസമ്മതിച്ചാല്‍ പിന്നീട് കടല്‍ക്ഷോഭംമൂലം വീടിനോ സ്ഥലത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കില്ല. ഗുണഭോക്താക്കള്‍ക്ക് വീട് കിട്ടിക്കഴിഞ്ഞാല്‍ നിലവില്‍ താമസിക്കുന്ന വീട് സ്വന്തമായി പൊളിച്ചുമാറ്റി സ്ഥലം ഉപേക്ഷിക്കണം. അഞ്ചുസെന്റിന് മുകളില്‍ ഭൂമിയുണ്ടെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അവിടെ കൃഷി അനുവദിക്കും. നിര്‍മാണങ്ങള്‍ അനുവദിക്കില്ല. മറ്റു സ്ഥലങ്ങളില്‍ ഹരിതകവചം വളര്‍ത്തും.

എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജ പി ജോസ്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it