Latest News

വിവാദങ്ങളില്‍ കെസി വേണുഗോപാലിന് റോളില്ല; കെപിസിസി അധ്യക്ഷനെ ഇന്ന് കാണുമെന്നും വി ഡി സതീശന്‍

താന്‍ ഒരു ഗ്രൂപ്പിലുമുണ്ടാകില്ല. തെറ്റായ വാര്‍ത്ത ഫീഡ് ചെയ്യുന്ന സംഘം തിരുവനന്തപുരത്തുണ്ട്

വിവാദങ്ങളില്‍ കെസി വേണുഗോപാലിന് റോളില്ല; കെപിസിസി അധ്യക്ഷനെ ഇന്ന് കാണുമെന്നും വി ഡി സതീശന്‍
X

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്ന് കാണുമെന്ന് വി ഡി സതീശന്‍. എല്ലാ ദിവസവും കെപിസിസി അധ്യക്ഷനുമായി സംസാരിക്കാറുണ്ട്. ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ പരിഹാരമുണ്ടാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. വിവാദങ്ങളില്‍ കെസി വേണുഗോപാലിന് റോളില്ല. കെ സി വേണുഗോപാല്‍ ഇടപെട്ടതായി പരാതിയില്ല. കെ സി വേണുഗോപാല്‍ അഖിലേന്ത്യാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. സംഘടനാ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടും. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് കെ സി വേണുഗോപാല്‍ ശ്രമിക്കുന്നത്. അത്തരം നിര്‍ദേശങ്ങളാണ് അദ്ദേഹം നല്‍കുന്നതെന്നും സതീശന്‍ പറഞ്ഞു.

പരിധി വിട്ടുപോയാല്‍ എന്ത് ചെയ്യണമെന്നറിയാം. താന്‍ ഒരു ഗ്രൂപ്പിലുമുണ്ടാകില്ല. തെറ്റായ വാര്‍ത്ത ഫീഡ് ചെയ്യുന്ന സംഘം തിരുവനന്തപുരത്തുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്നെയും കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം നടക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നില്‍. താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടത്. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണ്. പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് എംപിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ടിവന്നാല്‍ അധികാരസ്ഥാനം വിടുമെന്നാണ് വിഡി സതീശന്‍ ഇന്നലെ പറഞ്ഞത്. തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. സുധാകരനുമായി അനുരജ്ഞനത്തിലെത്തി ഡിസിസി പട്ടിക പ്രഖ്യാപിക്കാനാണ് സതീശന്റെ നീക്കം. പട്ടിക നീളുന്നതിലെ അപകടം കൂടി കണ്ടാണ് ശ്രമം. എംപിമാര്‍ പരാതി ഉന്നയിച്ചെന്ന് കാണിച്ചാണ് ഹൈക്കമാന്‍ഡ് പുനസംഘടന നിര്‍ത്തിവെപ്പിച്ചത്. പുനസംഘടന നിര്‍ത്തി വെച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ കെപിസിസി പ്രസിഡന്റിന് കടുത്ത അതൃപ്തിയാണുള്ളത്. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതില്‍ ആണ് അമര്‍ഷം. നോക്കുകുത്തിയായി തുടരാന്‍ ഇല്ലെന്നാണ് സുധാകരന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ സംശയം.

അതേസമയം സതീശനും വേണുഗോപാലിനുമെതിരായ നീക്കത്തില്‍ സുധാകരനൊപ്പം പഴയ ഐ ഗ്രൂപ്പു നേതാക്കള്‍ യോജിച്ചു. തമ്മിലെ പ്രശ്‌നം കൂടി തീര്‍ത്താണ് ചെന്നിത്തലയും മുരളിയും കെപിസിസി പ്രസിഡന്റിനെ പിന്തുണക്കുന്നത്. പട്ടികക്കെതിരായ പരാതികള്‍ ഐ ഗ്രൂപ്പ് തള്ളുമ്പോള്‍ കരട് പട്ടികയില്‍ പരാതികളുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്. സംഘടനാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിക്കുന്നവര്‍ക്ക് പ്രവര്‍ത്തനത്തിന് കുറഞ്ഞ സമയം മാത്രമേ കിട്ടു. താല്‍ക്കാലിക സംവിധാനത്തിന് രൂപം നല്‍കാന്‍ പോലും സമവായം നീളുന്നതില്‍ എഐസിസിക്കും അണികള്‍ക്കും അമര്‍ഷമുണ്ട്.

Next Story

RELATED STORIES

Share it