Latest News

പുലിമുഖങ്ങളും ചമയങ്ങളും ഒരുങ്ങി: ആവേശമായി ചമയപ്രദര്‍ശനം

പുലിമുഖങ്ങളും ചമയങ്ങളും ഒരുങ്ങി:  ആവേശമായി ചമയപ്രദര്‍ശനം
X

തൃശൂര്‍: കോര്‍പ്പറേഷന്‍ പുലിക്കളി മഹോത്സവം 2022നോടനുബന്ധിച്ച് കാഴ്ചക്കാരില്‍ കൗതുകം നിറച്ച് ബാനര്‍ജി ക്ലബ്ബില്‍ ചമയപ്രദര്‍ശനം തുടരുന്നു. റവന്യൂ മന്ത്രി കെ രാജനും ദേവസ്വംമന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്ന് പുലിക്കളി മഹോത്സവ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

പുലിക്കളിയെ ജനകീയമാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിന് വേണ്ടിയുള്ള നടപടികള്‍ ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ ടീമുകളെ ഉള്‍ക്കൊളളിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. പുതിയ തലമുറയ്ക്ക് പുലിക്കളി ആകര്‍ഷകമാക്കുന്നതിനുള്ള പരിപാടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷം എത്തിയ ഓണത്തെ വിപുലമായാണ് ജനങ്ങള്‍ ആഘോഷിക്കുന്നതെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

വിവിധ ദേശങ്ങള്‍ ഒരുക്കിയ പുലി വേഷങ്ങള്‍ ആസ്വദിച്ച മന്ത്രി കെ രാധാകൃഷ്ണന്‍ ചെണ്ടയില്‍ താളമിട്ട് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു. പുലിമുഖങ്ങള്‍, തോരണങ്ങള്‍, അരമണികള്‍, കാല്‍ചിലമ്പുകള്‍ തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന ചമയങ്ങളെല്ലാം പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബാനര്‍ജി ക്ലബ്ബില്‍ തുടങ്ങിയ ചമയ പ്രദര്‍ശനം നാളെ സമാപിക്കും. മേയര്‍ എം കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍മാരായ വര്‍ഗീസ് കണ്ടംകുളത്തി, ജോണ്‍ ഡാനിയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ചമയപ്രദര്‍ശനം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it