Latest News

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ജെപിസിയുടെ ആദ്യ യോഗം ചേര്‍ന്നു

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) ആദ്യ യോഗം ചേര്‍ന്നു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ജെപിസിയുടെ ആദ്യ യോഗം ചേര്‍ന്നു
X

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) ആദ്യ യോഗം ചേര്‍ന്നു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലുകള്‍ ഡിസംബര്‍ 17നാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. 90 മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം നിയമമന്ത്രി അര്‍ജുന്‍ മേഘ്വാളാണ് ഭരണഘടന (129ാം ഭേദഗതി) ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. 269 എംപിമാര്‍ അനുകൂലിച്ചും 198 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തതോടെ ബില്ലിന്റെ അവതരണത്തിന് അംഗീകാരം ലഭിക്കുകയായിരുന്നു. ശേഷമാണ് ബില്ലുകള്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കായി കമ്മിറ്റിക്ക് വിട്ടത്.

ബിജെപി എംപി പിപി ചൗധരിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ 39 അംഗ സംയുക്ത സമിതിയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള പ്രിയങ്ക ഗാന്ധി വധേര, ജെഡിയുവില്‍ നിന്നുള്ള സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, എഎപിയുടെ സഞ്ജയ് സിംഗ്, കല്യാണ് ബാനര്‍ജി,മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂര്‍, പര്‍ഷോത്തം രൂപാല, മനീഷ് തിവാരി എന്നിവരും അനില്‍ ബലൂനി, ബന്‍സുരി സ്വരാജ്, സംബിത് പത്ര എന്നിവരുള്‍പ്പെടെ നിരവധി നിയമനിര്‍മ്മാതാക്കളും ഉള്‍പ്പെടുന്നു.

ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതാണ് സമിതിയുടെ പ്രാഥമിക ദൗത്യം. പുതുച്ചേരി, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സമന്വയിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സമിതി വിലയിരുത്തി.


Next Story

RELATED STORIES

Share it