Latest News

നീലക്കോഴി ആക്രമണത്തില്‍ പൊറുതിമുട്ടി നെല്‍കര്‍ഷകര്‍

പ്രതിസന്ധികളെ തരണം ചെയ്താണ് വലിയ തുക മുടക്കി പലരും കൃഷിയിറക്കിയത്. നീലക്കോഴി ആക്രമണം മൂലം നഷ്ടത്തിലായാല്‍ ബാദ്ധ്യത തീര്‍ക്കാനാകില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

നീലക്കോഴി ആക്രമണത്തില്‍ പൊറുതിമുട്ടി നെല്‍കര്‍ഷകര്‍
X

മാള: (തൃശ്ശൂര്‍) അന്നമനട ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കര്‍ഷകന്റെ കണ്ണീര്‍ വീഴ്ത്തി നീലക്കോഴികളുടെ ആക്രമണം. കതിരണിയും മുമ്പെ നെല്‍ച്ചെടികള്‍ പിഴുതെറിഞ്ഞാണ് നീക്കോഴികള്‍ നാശം വിതക്കുന്നത്. കുമ്പിടി പാടശേഖരത്തിലെ ഏക്കറു കണക്കിന് കൃഷിയാണ് ഇത്തരത്തില്‍ നശിച്ചത്. പടയാട്ടി ജോണിയുടെ രണ്ടേക്കര്‍, ഷൈലജയുടെ ഒരേക്കര്‍, മാടവന ഔസേപ്പിന്റഎ ഒരേക്കര്‍, നെല്ലിശ്ശേരി അന്തോണിയുടെ ഭാര്യ ആനി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം സംഭവിച്ചിരിക്കുന്നത്.

നൂറുകണക്കിന് നീലക്കോഴികള്‍ ഇവിടെ ഉണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. സമീപമുള്ള പൊന്തക്കാടുകളിലാണ് ഇവയുടെ വാസം. ഞാറിന്റെ വേരിനു മുകളിലുള്ള മധുരം നുകരാനാണ് ഇവയെത്തുന്നത്. അതിനാണ് ഞാറ് വേരോടെ പിഴുതെടുക്കുന്നത്. നീലക്കോഴി സംരക്ഷണമുള്ള ഇനത്തില്‍ പെട്ടതായതിനാല്‍ ഇവയെ ആട്ടിപ്പായിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇവയുടെ സംരക്ഷണം വനംവകുപ്പിന്റെ കീഴില്‍ വരുന്നുണ്ടെങ്കിലും വന്യജീവികളുടെ ആക്രമണത്തില്‍ കര്‍ഷകന് ലഭിക്കാവുന്ന നഷ്ടപരിഹാരത്തുക ലഭ്യമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

തുക നല്‍കുന്നതിന് ആധാരമായി പറയുന്ന ജീവികളുടെ ലിസ്റ്റില്‍ നീലക്കോഴി ഇല്ലാത്തതാണ് കാരണം. അതുകൊണ്ടു തന്നെ കര്‍ഷകര്‍ ഇതിന്റെ നഷ്ടം സഹിക്കേണ്ട ഗതികേടിലാണിപ്പോള്‍. പ്രതിസന്ധികളെ തരണം ചെയ്താണ് വലിയ തുക മുടക്കി പലരും കൃഷിയിറക്കിയത്. ഇവയുടെ ആക്രമണം മൂലം നഷ്ടത്തിലായാല്‍ ബാദ്ധ്യത തീര്‍ക്കാനാകില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇത്തരത്തിലുള്ള നഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെങ്കിലും ഏര്‍പ്പടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Next Story

RELATED STORIES

Share it