Sub Lead

പയ്യന്നൂര്‍ സിപിഎം ഫണ്ട് തട്ടിപ്പിനെതിരേ പരാതി നല്‍കിയതിന് നടപടി; ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു

പയ്യന്നൂര്‍ സിപിഎം ഫണ്ട് തട്ടിപ്പിനെതിരേ പരാതി നല്‍കിയതിന് നടപടി; ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു
X

കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തട്ടിപ്പിനെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേയനായ ഏരിയാ സെക്രട്ടറി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി പാര്‍ട്ടിയെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരേ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്. ടി ഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

നേതാക്കള്‍ക്കെതിരേ പരാതി ഉന്നയിച്ചതിന്റെ പേരിലാണ് വി കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ടി വി രാജേഷിന് താല്‍ക്കാലിക ചുമതല നല്‍കി. സംഭവം പാര്‍ട്ടിക്ക് പുറത്ത് വിവാദമായതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ഫണ്ട് തിരിമറിയില്‍ അഞ്ച് പേര്‍ക്കെതിരേയാണ് സിപിഎം നടപടിയെടുത്തത്. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍ എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിട്ടുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ട്, 2017 ലെ ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍ണാണ ഫണ്ട്, 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ടുകളിലാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ക്രമക്കേട് കണ്ടെത്തിയതെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എംഎല്‍എയ്ക്ക് പുറമെ ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍ ഓഫിസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയ സെക്രട്ടറി കെ പി മധു, സജീഷ് കുമാര്‍ എന്നിവര്‍ക്കും ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പുതിയ ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ പേരില്‍ നടന്ന ഫണ്ട് വെട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. 2017ലാണ് സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവന്‍ നിര്‍മിക്കുന്നത്. ആ കാലയളവില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നത് എംഎല്‍എ ടി ഐ മധുസൂദനന്‍ ആയിരുന്നു. 15,000 പേരില്‍ നിന്ന് 1,000 രൂപ വീതം പിരിച്ച് ചിട്ടി നടത്തിയാണ് ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിന് പണം കണ്ടെത്തിയത്.

ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ലക്ഷങ്ങള്‍ വെട്ടിച്ചത്. കെട്ടിടനിര്‍മാണ ഫണ്ടിന്‌വേണ്ടിയുള്ള ചിട്ടിയില്‍ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മിറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപോര്‍ട്ട് നല്‍കിയത്. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതുണ്ടാക്കി പണം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി വി രാജേഷ് പി വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്.

Next Story

RELATED STORIES

Share it