- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിസിമാര്‍ രാജിവയ്ക്കണമെന്ന ഉത്തരവ്: ഗവര്‍ണര്‍ അടിസ്ഥാന തത്ത്വങ്ങള്‍ മറക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യത്ത് ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. അതിന് വിരുദ്ധമായ പ്രവണത ഉയരുമ്പോള്‍ സ്വാഭാവികമായും പ്രതികരണങ്ങള്‍ ഉണ്ടാവും. ഇപ്പോള്‍ കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നതിലൂടെ നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ മറക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനമഴിച്ചുവിട്ടത്.
വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം
അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു എന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. ഇതിനര്‍ത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സലര്‍ പദവി ദുരുപയോഗീക്കപ്പെടുന്നു എന്നാണ്. അതിന് ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവുന്നു എന്നാണ് ഇത് കാണിക്കുന്നത്. അത് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന്റെ അന്ത:സത്തെയെ നിരാകരിക്കുന്നതുമായ രീതിയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണത്.
ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരം അമിതാധികാര പ്രവണതകള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സര്‍ക്കാരിനെതിരായ നീക്കം നടത്താനോ ഉള്ളതല്ല. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണ്.
കെടിയു വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച കോടതി വിധിയുടെ മറപിടിച്ചാണ് ഒന്‍പത് വൈസ് ചാന്‍സലര്‍മാരോട് ഏകപക്ഷീയമായി രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. അക്കാദമിക മികവിന്റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്. എന്തിനു വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അല്ലാതെ മറ്റെന്താണ് ഇതിനു പിന്നില്‍?
യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ ഒന്‍പത് സര്‍വ്വകലാശാലകളിലും വിസി നിയമനങ്ങള്‍ നടന്നതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഒന്‍പത് സര്‍വ്വകലാശാലകളിലും ഗവര്‍ണറാണ് നിയമന അധികാരി. വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് തന്നെയല്ലേ. ഗവര്‍ണറുടെ തന്നെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ? അതും ആലോചിക്കുന്നത് നന്നാണ്.
കെടിയു വൈസ് ചാന്‍സലര്‍ക്ക് അക്കാദമിക് യോഗ്യതയില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞിട്ടില്ല. നടപടിക്രമം സംബന്ധിച്ച ഒരു പ്രശ്‌നം മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതില്‍ തന്നെ ഹൈക്കോടതിയിലെ തര്‍ക്ക വിഷയമായിരുന്നില്ല ഈ കേസില്‍ സുപ്രീം കോടതി പരിഗണിച്ചത്. ആ വിധിയില്‍ പുനഃ പരിശോധനാ ഹര്‍ജി നല്‍കാന്‍ ഇനിയും അവസരവുമുണ്ട്. എന്നാല്‍, സംസ്ഥാനത്തെ സര്‍വ്വകലാശാലാഭരണത്തെയാകെ അസ്ഥിരപ്പെടുത്താന്‍ ഈ സാഹചര്യത്തെ ഉപയോഗിക്കുകയാണ് ചാന്‍സലര്‍. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ട്. വൈസ് ചാന്‍സലര്‍മാരുടെ വാദം പോലും കേള്‍ക്കാതെയാണ് ചാന്‍സലറുടെ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ നീക്കം.
സേര്‍ച്ച് കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം, അവര്‍ നല്‍കുന്ന പാനലിലെ പേരുകളുടെ എണ്ണം ഇവയൊക്കെ അതാത് സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടുകളില്‍ പറയുന്നതുപോലെയാണ് രാജ്യത്തെല്ലായിടത്തും നടക്കുന്നത്. പല സംസ്ഥാനങ്ങളിലും ഗവണ്മെന്റിന്റെ പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച്/സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരിക്കും. മഹാരാഷ്ട്രയില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇന്‍ ചാര്‍ജ് സേര്‍ച്ച്/സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാണ്. കര്‍ണ്ണാടകയിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള നാലംഗ സേര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നത് ഗവണ്മെന്റാണ്.
സേര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും രാജ്യത്തെ സര്‍വ്വകലാശാലകളില്‍ വ്യത്യസ്ത രീതി നിലനില്‍ക്കുന്നു. 3 മുതല്‍ 7 വരെ അംഗങ്ങളുള്ള സേര്‍ച്ച് കമ്മിറ്റികളാണ് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിനായി രൂപീകരിക്കപ്പെടുന്നത്. വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിവിധ രീതിയിലാണ് സേര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനേഷന്‍ നടക്കുന്നത്. വിസിറ്റര്‍/ചാന്‍സലര്‍, യു ജി സി, സംസ്ഥാന ഗവണ്മെന്റ്, സെനറ്റ്, സിന്‍ഡിക്കേറ്റ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ എന്നീ ബോഡികളുടെ പ്രതിനിധികള്‍ കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് അല്ലെങ്കില്‍ ഇവരുടെ പ്രതിനിധി, സംസ്ഥാനത്തെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരുടെ പ്രതിനിധി തുടങ്ങിയവരാണ് സേര്‍ച്ച് കമ്മിറ്റിയില്‍ ഇടം പിടിക്കുക.
1973 ലെ യുപി യൂണിവേഴ്‌സിറ്റീസ് ആക്ട് പ്രകാരം അല്ലഹാബാദ് ഹൈകോടതി ജഡ്ജിയോ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് തന്നെയോ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയോ സേര്‍ച്ച് കമ്മിറ്റിയില്‍ അംഗമായിരിക്കും.
മധ്യ പ്രദേശ് നിയമ പ്രകാരം ഹൈ കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നോമിനി സേര്‍ച്ച് കമ്മിറ്റി അംഗമായിരിക്കും. ഗുജറാത്തില്‍ സംസ്ഥാനത്തെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരുടെ പ്രതിനിധി/നോമിനി സേര്‍ച്ച് കമ്മിറ്റി അംഗമായിരിക്കും. ഇതിന് പുറമേ സിന്‍ഡിക്കേറ്റും അക്കാദമിക് കൗണ്‍സിലും സംയുക്തമായും ഒരു സേര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദ്ദേശിക്കും. ഇതൊക്കെ കാണാതെയാണ് കേവല സാങ്കേതികതയില്‍ തൂങ്ങി ഒരു സംസ്ഥാന ഗവര്‍ണര്‍ ഒന്‍പത് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത്.
ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണത്.
ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ഇത് സാമാന്യ നിയമബോധം ഉള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. അതു മറ്റാര്‍ക്കും ബാധകമല്ല. ആ വിസിക്കെതിരെയായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ടു മാത്രമാണ്. പൊതു ഹര്‍ജിയാണെങ്കില്‍ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാല്‍, ഇക്കാര്യം വ്യത്യസ്തമാണ്.
മറ്റു ഒന്‍പതു വിസിമാര്‍ക്കെതിരെ നിയമപരമായ എന്തെങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നില്ല. ടെക്‌നോളജി യൂനിവേഴ്‌സിറ്റി വിസിയ്ക്ക് എതിരെ മാത്രം വന്ന വിധി സര്‍വര്‍ക്കും ബാധകമാക്കാന്‍ സാധിക്കില്ല എന്നതും കൂടി കണക്കിലെടുത്താല്‍ വിസിമാരുടെ രാജി ആവശ്യപ്പെടുന്നതിനു നിയമപരമായ സാധൂകരണമില്ല.
രണ്ടാമതായി, സര്‍വ്വകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നിങ്ങനെ രണ്ട് കാരണങ്ങളാല്‍ മാത്രമേ ഒരു വിസിയെ നീക്കം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ഈ ആരോപണങ്ങള്‍ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കേണ്ടതുണ്ട്, കുറ്റം തെളിഞ്ഞാല്‍ മാത്രമേ വിസിയെ നീക്കാന്‍ കഴിയൂ. യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയില്ല. ഒരു സര്‍വകലാശാലയുടെ ചീഫ് എക്‌സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വിസി. ഒരു വിസിയെ പിരിച്ചുവിടാന്‍ ചാന്‍സലര്‍ക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാല്‍ വിസിമാരോട് രാജിവെക്കാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാന്‍ കേരള ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ല.
നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന കേരള ഗവര്‍ണറുടെ നിലപാടിലെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുകയാണ്. 11 ഓര്‍ഡിനന്‍സുകള്‍ ലാപ്‌സായി കഴിഞ്ഞു. നിയമസഭ കൂടി പാസാക്കിയ പല ബില്ലുകളും ഒപ്പിടാതെ വെച്ച് നീട്ടുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ താന്‍കൂടി ഒപ്പുവെച്ചാലേ നിയമമാകൂവെന്നും, ചില നിയമങ്ങളില്‍ താന്‍ ഒപ്പുവെക്കില്ലായെന്നും അദ്ദേഹം നേരത്തെതന്നെ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇത് തന്നിലര്‍പ്പിതമായ ഭരണഘടനാസ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ എന്നതാണ് അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളില്‍ ഇപ്പോഴുയരുന്ന സംശയം. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ നിയമസഭയില്‍ ഭൂരിപക്ഷത്തോടെ പാസാക്കുന്ന ബില്ലുകള്‍ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണ്. ഈ സവിശേഷാധികാരം മറ്റാര്‍ക്കുമില്ല. ഗവര്‍ണര്‍ അങ്ങനെയല്ല കരുതുന്നത്. തന്നിലര്‍പ്പിതമായ കടമ നിര്‍വഹിക്കാതെ ചില ബില്ലുകള്‍ ഒപ്പിടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ മൂല്യങ്ങള്‍ക്കുമെതിരാണ്. ഇത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അവഹേളനവുമാണ്.
മന്ത്രിമാര്‍ക്ക് മുകളില്‍ തനിക്കുള്ള 'പ്രീതി' പിന്‍വലിക്കും എന്നു പറഞ്ഞുകൊണ്ട് ഗവര്‍ണറുടെ പിആര്‍ഒ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഗവര്‍ണര്‍ മന്ത്രിമാരെ ക്യാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ പുറത്താണ്. കേന്ദ്രതലത്തില്‍ ഇത് പ്രധാനമന്ത്രി ചെയ്യുന്നു. നിയമസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമുള്ള ഒരു കക്ഷിയാണ് അധികാരത്തിലിരിക്കുക. ഇവരുടെ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവര്‍ രാജി സമര്‍പ്പിക്കുന്നതും മുഖ്യമന്ത്രിക്ക് തന്നെ. ഇവരുടെ രാജിശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറുന്നതും മുഖ്യമന്ത്രിയാണ്. കേന്ദ്രതലത്തില്‍ ഈ കടമകള്‍ നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരങ്ങളില്ല. ആ ട്വീറ്റിനെച്ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ 'പ്രീതി' പിന്‍വലിച്ചാലും മന്ത്രിമാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് പ്രസ്താവനയിറക്കി. ഇത് 'പ്രീതി' തത്വം എന്താണെന്നതിനെ കുറിച്ചുള്ള സാമാന്യധാരണകള്‍ക്ക് പോലും അനുസൃതമല്ല.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാന്‍ അനവധി നടപടികള്‍ സ്വീകരിച്ചു വരുന്നൊരു സര്‍ക്കാരാണിത്. മൂന്നു പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ സജീവപരിഗണനയിലുണ്ട്. സര്‍വകലാശാലകളിലും മറ്റും ഗുണപരമായ നേട്ടങ്ങളുണ്ടായി വരുന്നുണ്ട്. അതില്‍ ചിലതാണ് നാക് അക്രഡിറ്റേഷന്‍ രംഗത്ത് നമ്മുടെ സര്‍വകലാശാലകള്‍ ഉണ്ടാക്കിയ റാങ്കിങ് കുതിപ്പുകള്‍. നമ്മുടെ സര്‍വകലാശാലകളിലുണ്ടായ പ്രതിഭാശാലികളായ വൈസ് ചാന്‍സലര്‍മാരുടെ വിജയം കൂടിയാണത്. അവരുടെ പാണ്ഡിത്യത്തെ പറ്റിയോ അനുഭവസമ്പത്തിനെ പറ്റിയോ ആര്‍ക്കും ഒരു പരിഭവവും പറയാനുണ്ടാകില്ല. യുജിസി നിയമങ്ങള്‍ക്കനുസൃതമായ വിദഗ്ധരുള്‍പ്പെട്ട സെലക്ട് കമ്മിറ്റിയാണ് ഇവരെയെല്ലാം തെരഞ്ഞെടുത്തത്. അതില്‍ ഒരു നിയമനത്തെ സംബന്ധിച്ച ചില പ്രശ്‌നങ്ങളാണ് വന്നത്.
കേരള സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയത് ഈ രംഗത്തെ നിയമന രീതികളുടെ സാങ്കേതികതകളുമായി ബന്ധപ്പെട്ടുള്ളതാണ്. വിധി സര്‍ക്കാര്‍ പഠിച്ചുവരികയാണ്. ഈ വൈസ് ചാന്‍സലര്‍ അടക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച എല്ലാ വിസിമാരും ഒന്നിനൊന്ന് പ്രഗത്ഭമതികളാണ്.
ഇവര്‍ അധികാരത്തിലിരിക്കുന്ന എല്ലാ സര്‍വകലാശാലകളും നന്നായി മുന്നോട്ടുപോകുന്നുമുണ്ട്.
യുജിസി പ്രകാരമുള്ള അക്കാദമിക് യോഗ്യതകളില്‍ ഒന്നില്‍ പോലും വെള്ളം ചേര്‍ക്കാതെയാണ് ഇതുവരെയുള്ള എല്ലാ വൈസ് ചാന്‍സലര്‍ നിയമനങ്ങളും സംസ്ഥാനത്ത് നടന്നത്. കാര്യങ്ങള്‍ ഇതായിരിക്കെ, സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പോലും പാലിക്കാതെയാണ് മികവിന്റെ കേന്ദ്രങ്ങളായ ഒന്‍പത് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള അസാധാരണ നടപടി ചാന്‍സലര്‍ ആരംഭിച്ചത്. ഒരു വിദ്യാസമ്പന്ന വിജ്ഞാന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാന്‍ കരുതലോടെ മുന്നോട്ടുപോകുന്ന സംസ്ഥാനമാണിത്. അതിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ഗവര്‍ണറുടെ ഈ അസാധാരണ നടപടികള്‍ എന്ന് ഈ ഘട്ടത്തില്‍ പറയാതെ വയ്യ.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സംസാരിക്കുന്നതിനിടയില്‍ കേരളത്തിലേക്ക് മറ്റ് നിക്ഷേപങ്ങളൊന്നും വരില്ല, മദ്യവും ലോട്ടറിയുമാണ് ഇവിടത്തെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ എന്ന് പരിഹാസരൂപേണ പറയുകയുണ്ടായി. സമൂഹത്തിന് മുന്നില്‍ അദ്ദേഹം സ്വയം പരിഹാസ്യനാകരുത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് (ഐസിആര്‍ഐഇആര്‍) ഈയിടെ നടത്തിയ പഠനത്തില്‍ കാണിക്കുന്നത് ഇന്ത്യയില്‍ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല എന്നാണ്. ഇതദ്ദേഹത്തിന് അറിയുമോ എന്നറിയില്ല. കേരളത്തിന്റെ ബജറ്റ് രേഖകള്‍ നോക്കിയാല്‍ തന്നെ ഇവിടെ മറ്റു നികുതിവിഭാഗങ്ങള്‍ എക്‌സൈസ് നികുതിയേക്കാള്‍ മുന്നിലാണെന്ന് കാണാം. ഇന്ത്യന്‍ ഭരണരീതി അനുസരിച്ചു കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷനികുതികള്‍ ചുമത്താനുള്ള അധികാരമുള്ളൂ. ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ നികുതിയധികാരങ്ങളേ നിലവില്‍ ഉള്ളു. മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യവും അതിന്റെ മുകളില്‍ നികുതി ചുമത്താനുമുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കാണ്. സ്വാഭാവികമായും അതില്‍ നിന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പല വഴിക്ക് നടന്നു വരുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറും അതിന് കൂട്ടുനില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ വര്‍ഗീയവാദത്തിന് തീറെഴുതാന്‍ പലകാരണങ്ങളാല്‍ താല്പര്യമുണ്ടാവാം. അ ത്തരം നീക്കങ്ങളെ ഇവിടെ ശക്തമായിതന്നെ എതിര്‍ക്കും.
കേരളത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെല്ലാം ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രംഗം മികച്ചതായതുകൊണ്ടു കൂടിയല്ലേ പുറത്തുള്ള മികവിന്റെ കേന്ദ്രങ്ങളിലും നമ്മുടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതെന്ന് ആലോചിക്കുന്നില്ല. അല്ലെങ്കില്‍ അദ്ദേഹം അത് മറച്ചുവെക്കുന്നു? എന്തുകൊണ്ട് അത്തരമൊരു നിലപാട്?
കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല ശാക്തീകരിക്കാനുള്ള നടപടികള്‍ എന്തുകൊണ്ട് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാകുന്നില്ല. നല്ല ദിശാബോധത്തോടെയുള്ള ഇടപെടലുകളാണല്ലോ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടത്തുന്നത്. അത് മറച്ചുവെക്കാന്‍ എന്തുകൊണ്ട് ഗവര്‍ണര്‍ തയ്യാറാകുന്നു ?
സംസ്ഥാന സര്‍ക്കാരിനെ 'എന്റെ സര്‍ക്കാര്‍' എന്ന് അഭിസംബോധന ചെയ്താണ് ഗവര്‍ണര്‍ തന്റെ നയപ്രഖ്യാപനപ്രസംഗം ആരംഭിക്കുക.തന്റെ സര്‍ക്കാരിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഇകഴ്ത്തിക്കാട്ടാന്‍ അദ്ദേഹം കാണിക്കുന്ന അമിതതാല്‍പര്യം, അതിന്റെ മന്ത്രിമാരെ അധിക്ഷേപിക്കുന്നതൊക്കെ ആരെ മുന്നില്‍ കണ്ടുകൊണ്ടാണെന്ന് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. അതിന്റെ ഈര്‍ഷ്യ മാധ്യമങ്ങളടക്കം എല്ലാവരോടും അദ്ദേഹം അടിക്കടി കാണിക്കാറുണ്ട്. താന്‍ ചാന്‍സലര്‍ ആയിട്ടുള്ള, ഉന്നത ഗ്രേഡിങ്ങുകള്‍ ലഭിച്ച, സര്‍വകലാശാലകള്‍ നിലവാരമില്ലാത്തതാണെന്ന് പറയുന്നത് ചാന്‍സലര്‍ എന്ന പദവിക്ക് യോജിച്ചതല്ല. അദ്ദേഹം കൂടി അംഗീകരിച്ചു നിയമിച്ച വൈസ് ചാന്‍സലര്‍മാരെ രായ്ക്കുരാമാനം തല്‍സ്ഥാനത്ത് നീക്കം ചെയ്യാനുള്ള ഗവര്‍ണറുടെ നീക്കം മറ്റാരെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. ഗവര്‍ണറുടെ പ്രീതി എന്ന കാര്യം ഭരണഘടനയുടെ മൂല്യങ്ങളാലും, സ്വാഭാവികനീതിയുടെ ബോധ്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. ആ തിരിച്ചറിവുണ്ടാകണം.
പകരം ചില പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ അധീശ താല്പര്യങ്ങള്‍ക്ക് വേണ്ടി താന്‍ തന്നെ പ്രവര്‍ത്തിക്കുന്നു. അതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതും അദ്ദേഹം തന്നെ കാണുകയാണ്. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ അത് ഭരണഘടനാവിരുദ്ധമാണെന്നാണ് പറയുന്നത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന വ്യക്തി പത്രസമ്മേളനം നടത്തിയും, പൊതുയോഗങ്ങളിലും മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാമൂല്യങ്ങള്‍ക്ക് ചേരുന്നതാണോ? ഇതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. വിവരമില്ലാത്തവനെന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാര്‍ക്കിടാന്‍ ഗവര്‍ണമാര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. ഒരു വൈസ് ചാന്‍സലറുടെ ശാസ്ത്രമേഖലയിലെ ഭാഷാപരിജ്ഞാനത്തെ പറ്റി അദ്ദേഹം രൂക്ഷപരിഹാസം ചൊരിയുകയുണ്ടായി. മറ്റൊരു വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിളിച്ചു. അറിയപ്പെടുന്ന രാജ്യം ആദരിക്കുന്ന അക്കാദമിക് പണ്ഡിതനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചു. അങ്ങനെയുള്ള മഹനീയവ്യക്തിത്വം മന്ത്രിമാരെയും അധിക്ഷേപിക്കാന്‍ മടിക്കില്ല. അതില്‍ ആശ്ചര്യമൊന്നുമില്ല. എന്നാല്‍ ഒരു ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നതിനാല്‍ ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എല്ലാവരുമോര്‍ക്കണം.
സര്‍വകലാശാലകളുടെ സ്വയംഭരണാധികാരമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിയമപരമായ നടപടിക്രമങ്ങളെയും രാഷ്ട്രീയമായ ഔചിത്യത്തെയും ലംഘിക്കുന്ന നടപടി ഏതുഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ അതിനു കീഴടങ്ങുന്ന പ്രശ്‌നമില്ല.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമിച്ച വൈസ് ചാന്‍സലര്‍ മാര്‍ ഇന്ന ദിവസം ഇത്ര മണിക്കകം രാജിവെച്ചു കൊള്ളണമെന്നു കല്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. സാമാന്യ നീതി പോലും നിഷേധിക്കുന്ന അമിതാധികാര പ്രവണത അനുവദിച്ചു കൊടുക്കാനാവില്ല. സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരനടക്കമുള്ള ഒരാളെയും നോട്ടീസു കൊടുക്കാതെ, അവര്‍ക്കു പറയാനുള്ളതു കേള്‍ക്കാതെ പിരിച്ചു വിടാന്‍ കഴിയില്ല. ആ സാമാന്യ നീതിപോലും വിസി മാര്‍ അര്‍ഹിക്കുന്നില്ല എന്ന നിലപാട് സ്വേച്ചാധിപത്യപരമാണ്. അതിനെ ആ നിലയ്‌ക്കേ കാണാനാവൂ.
ജുഡീഷ്യറിയെ പോലും മറികടക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഒരു പ്രത്യേകവിഷയത്തില്‍ സുപ്രിംകോടതി എടുത്ത തീര്‍പ്പ് എല്ലാസര്‍വകലാശാലകളിലും പ്രയോഗിക്കാന്‍ ശ്രമിക്കുന്നത് ജുഡീഷ്യറിയുടെ അധികാരങ്ങള്‍ സ്വയം കയ്യാളാനുള്ള ശ്രമമല്ലാതെ മറ്റെന്താണ്?
ചാന്‍സലര്‍ നേരിട്ട് സംസ്ഥാന പൊലീസ് തലവന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാന്‍സലര്‍ക്കില്ല. കേരളത്തിന്റ ഭരണപരമായ ഒരു കാര്യങ്ങളിലും ചാര്‍സലര്‍ക്ക് ഇടപെടാനാവില്ല.
ആദ്യം അധ്യാപകരെ നിയമിച്ചതിനെതിരെയായിരുന്നു. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നീ ജനാധിപത്യ സമിതികള്‍ക്കു നേരേയായി. ഏറ്റവും ഒടുവില്‍ വൈസ് ചാന്‍സലര്‍ മാര്‍ക്കെതിരെയായി. സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരം തകര്‍ക്കലാണിതിനു പിന്നിലെ ലക്ഷ്യം.
വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളെ തകര്‍ക്കുകയാണു ലക്ഷ്യം. ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ കുതിച്ചുചാട്ടത്തെ തടയലാണിതിനു പിന്നിലെ ലക്ഷ്യം. സര്‍വോപരി സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വകലാശാലകളെ മാറ്റിക്കൊടുക്കലാണു ലക്ഷ്യം. ഇതു കാണാന്‍ കഴിയുന്നവര്‍ യുഡിഎഫി ല്‍ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ബി ജെ പി യുടെ ഈ തന്ത്രത്തിനു കൂട്ടുനില്‍ക്കുമ്പോഴും ലീഗ് നേതാക്കള്‍ വേറിട്ട ശബ്ദത്തില്‍ സംസാരിക്കുന്നത് അവര്‍ ഈ ആപത്തു തിരിച്ചറിയുന്നതു കൊണ്ടാവണം.
ജെ എന്‍ യു വിലും ഹൈദരബാദ് സര്‍വകലാശാലയിലും ഒക്കെ സംഘപരിവാര്‍ ഇട പെട്ടതു നമ്മള്‍ കണ്ടതാണ്. അതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട് ഇവിടെ സര്‍വകലാശാലകള്‍ക്കുനേര്‍ക്കുനടക്കുന്ന ആക്രമണങ്ങളെയും. ഇതു കൂട്ടിവായിക്കാത്തവര്‍ വലിയ രാഷ്ട്രീയ അബദ്ധത്തിലേക്കാണ് എടുത്തു ചാടുന്നത്.
എല്ലാ സര്‍വ്വകലാശാലകളിലെയും പ്രഫസര്‍മാരുടെ വിവരം ചോദിച്ചുവല്ലോ. അത് വിധി വരുന്നതിന് മുമ്പല്ലേ? അപ്പോള്‍ പുതിയനീക്കങ്ങള്‍ നേരത്തെ നിശ്ചയിച്ചതായിരുന്നോ?
അധികാരികള്‍ എന്നു സ്വയം വിശേഷിപ്പിക്കാന്‍ വ്യഗ്രത പൂണ്ടുനില്‍ക്കുന്നവര്‍ തങ്ങളുടെ അധികാരം സാങ്കേതിക അര്‍ത്ഥത്തില്‍ മാത്രമുള്ളതാണെന്നു തിരിച്ചറിയണം.
ജനാധിപത്യത്തിലൂടെ കൈവന്നതല്ല തങ്ങളുടെ അധികാരമെന്നു മനസ്സിലാക്കണം. ജനാധിപത്യ ദത്തമായ അധികാരമുള്ള മന്ത്രിസഭ സംസ്ഥാനത്തുണ്ട് എന്നതും ജനാധിപത്യത്തില്‍ അതിനു മേലല്ല നോമിനേറ്റഡ് സംവിധാനങ്ങള്‍ എന്നും ഓര്‍ക്കണം.
കൊളാണിയല്‍ ഭരണകാലത്തിന്റെ നീക്കിയിരിപ്പായി കൈ വന്നിട്ടുള്ള അധികാരത്തിനു ജനാധിപത്യത്തിലുള്ള പരിമിതി മനസ്സിലാക്കണം.
ചാന്‍സലര്‍ സ്ഥാനം ജനാധിപത്യ വ്യവസ്ഥ കനിഞ്ഞു നല്‍കിയ ഉദാരതയാണ്. ആ വ്യവസ്ഥയ്ക്ക് എപ്പോഴും തിരിച്ചെടുക്കാവുന്നതേയുള്ളു അത്. തുടരെ ജനാധിപത്യത്തിനും സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തിനും നേര്‍ക്കു കടന്നുകയറിയിട്ടും അതു തിരിച്ചെടുക്കാതിരിക്കുന്നെങ്കില്‍ അത് ഉയര്‍ന്ന ഉദാര മാനാഭാവം കൊണ്ടു മാത്രമാണ്. ഭയം കൊണ്ടല്ല.
കടന്നുകയറ്റശ്രമങ്ങളെ അക്കാദമിക് സമൂഹവും പൊതു ജനാധിപത്യ സമൂഹവും നേരിടുക തന്നെ ചെയ്യും..
സര്‍വകലാശാലകളെ സ്തംഭിപ്പിക്കാനുള്ളതല്ല ചാന്‍സലര്‍ സ്ഥാനം.
വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ആളെ കണ്ടെത്താനുള്ള ചുമതലയാണല്ലൊ സര്‍ച്ച് കമ്മറ്റിക്ക് ഉണ്ടായിരുന്നത്. ആ കമ്മിറ്റി ഒരാള്‍ ഒഴികെയുള്ളവരെ അയോഗ്യരായാണു വിലയിരുത്തിയതെങ്കില്‍ അയോഗ്യരായവരെ പാനലില്‍ ചേര്‍ക്കണമെന്ന് ചാന്‍സലര്‍ക്ക് എങ്ങനെ കല്‍പ്പിക്കാന്‍ പറ്റും?
സുപ്രീം കോടതിയുടെ മുമ്പാകെ ഇല്ലാത്ത കേസുകളില്‍ സുപ്രീം കോടതി എടുക്കാനിടയുളള നിലപാട് ഇന്നവിധത്തിലായേക്കുമെന്ന് ഊഹിക്കാന്‍ എന്തു പ്രത്യേക സിദ്ധിയാണു ചാന്‍സലര്‍ക്കുള്ളത്?
ചാന്‍സലര്‍ അറിയാതെ വന്ന നിയമനമായിരുന്നോ വിസി മാരുടേത്? എങ്കിലല്ലേ പൊടുന്നനെ വെളിപാടു കൊണ്ടാലെന്നപോലെ ചാന്‍സര്‍ക്കു പുറത്താക്കാനാവൂ.
വൈസ് ചാന്‍സലര്‍ മാര്‍ക്ക് ഏതെങ്കിലും കോടതി അയോഗ്യത കല്‍പ്പിച്ചോ? പിന്നെ എന്തടിസ്ഥാനത്തിലാണ് സുപ്രീം കോടതി അഭിപ്രായമേ പ്രകടിപ്പിക്കാത്ത വിസിമാരോട് രാജിവെക്കാന്‍ കല്പിക്കുന്നത്?
എന്തിന്റെ പേരിലായാലും ജനാധിപത്യമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല. മോഹിക്കേണ്ടതില്ല.
RELATED STORIES
കാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMT''ഭീകരവാദം സ്പോണ്സര്'' ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും...
15 Jan 2025 2:02 AM GMT