Latest News

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിയായ പോലിസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിയായ പോലിസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു
X

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പോലിസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ പോലിസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പോലിസുകാരനെതിരെ ക്രിമിനല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം ഔദ്യോഗിക പദവിക്ക് ചേരാത്ത തരത്തില്‍ പെരുമാറിയതിന് ഇയാള്‍ക്കെതിരായ അച്ചടക്ക നടപടികളില്‍ മാര്‍ച്ച് നാലിന് വാദം കേള്‍ക്കും.

2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാന്‍വി കണ്ടുല (23) അമിത വേഗതയിലെത്തിയ യുഎസ് പോലിസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായിരുന്ന ജാന്‍വി നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കെവിന്‍ ഡേവ് എന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു അപകടം. ഈ സമയം ഏതാണ്ട് 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ 100 അടിയോളം അകലേക്ക് ജാന്‍വി തെറിച്ചുവീണു.

സ്വാഭാവിക സംശയത്തിനപ്പുറം ക്രിമനല്‍ കേസ് തെളിയിക്കാനാവശ്യമായ തെളിവുകള്‍ പോലിസുകാരനെതിരെ ഇല്ലെന്നാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടിങ് അറ്റോര്‍ണി അറിയിച്ചത്. എന്നാല്‍ അപകട സമയത്ത് പോലിസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്

ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ പോലിസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റില്‍ പോലിസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയല്‍. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറഞ്ഞിരുന്നു.


ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സമഗ്രമായ അന്വേഷണവും നടപടിയുമെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കോണ്‍സുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കുമെന്നും അന്ന് അറിയിച്ചിരുന്നു. പോലിസുകാരന്റെ പദവിക്ക് ചേരാത്ത പ്രവൃത്തിയില്‍ വകുപ്പുതല നടപടികള്‍ക്കായുള്ള തെളിവെടുപ്പ് നടക്കാനിരിക്കുകയാണ്.

Next Story

RELATED STORIES

Share it