Latest News

മല്‍സ്യബന്ധന വലകളുടെ ഗുണനിലവാരമില്ലായ്മ; തൊഴിലാളികള്‍ സാമ്പത്തിക നഷ്ടത്തില്‍

കടല്‍പാറയില്‍ കുരുങ്ങിയും, വിനാശകാരികളായ കടല്‍മാക്രികള്‍ വലകള്‍ കടിച്ചു കീറിയും മറ്റും മത്സ്യബന്ധന വലകള്‍ തകരുന്നതിനു പുറമേയാണ്, മല്‍സ്യ ഫെഡിന്റെ വല മൂലമുള്ള നഷ്ടമെന്ന് തൊഴിലാളികള്‍ പറയുന്നു

മല്‍സ്യബന്ധന വലകളുടെ ഗുണനിലവാരമില്ലായ്മ; തൊഴിലാളികള്‍ സാമ്പത്തിക നഷ്ടത്തില്‍
X

പരപ്പനങ്ങാടി: മല്‍സ്യഫെഡില്‍ നിന്ന് വില്‍പ്പന നടത്തുന്ന മല്‍സ്യബന്ധന വലകള്‍ ഗുണനിലവാരം കുറഞ്ഞതായതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി ആക്ഷേപം. കടല്‍പാറയില്‍ കുരുങ്ങിയും, വിനാശകാരികളായ കടല്‍മാക്രികള്‍ വലകള്‍ കടിച്ചുകീറിയും മറ്റും മല്‍സ്യബന്ധന വലകള്‍ തകരുന്നതിനു പുറമേയാണ്, മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന മല്‍സ്യഫെഡിന്റെ വല മൂലമുള്ള നഷ്ടമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ചെറിയ ഇനം മല്‍സ്യങ്ങളെ പിടിക്കുന്ന മെത്തല്‍ വലകള്‍ക്ക് കിലോയ്ക്ക് 1135 രൂപയാണ് വില. ഒരു വള്ളത്തിന് 1,300 കിലോയിലധികം വലകള്‍ ആവശ്യമായി വരും. 15 ലക്ഷത്തോളം രൂപയാണ് ചെലവ്. കൂടാതെ റോപ്പും അനുബന്ധ സാമഗ്രികള്‍ക്കുമായി അഞ്ചുലക്ഷത്തോളം രൂപയും മുടക്കണമെന്നാണ് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ഫൈബര്‍ വള്ളത്തിന്റെ വല തകര്‍ന്നാല്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടാവുക. ഇതിന് പുറമെ പുതിയതൊന്നു സംഘടിപ്പിക്കാനുള്ള സാമ്പത്തിക ബാധ്യത കൂടി താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.

പൊട്ടിയ വല തുന്നിക്കൂട്ടാന്‍ ആഴ്ചകള്‍ വേണ്ടിവരും. നാല്‍പതിലേറെ ആളുകള്‍ കയറുന്ന വള്ളത്തിലെ തൊഴിലാളികള്‍ ഇതുമൂലം പട്ടിണിയിലാവുകയും ചെയ്യും. ഒമ്പത് മാസത്തോളം മല്‍സ്യലഭ്യത കുറവ് കാരണം മല്‍സ്യബന്ധനത്തിന് പോകാനാവാതെ തീരം കൊടും പട്ടിണിയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് കടലില്‍ പോവാന്‍ ആരംഭിച്ചത്. ഇപ്പോള്‍ കടലോരത്ത് മുഴുവന്‍ തകര്‍ന്ന വലകള്‍ തുന്നിക്കൂട്ടുന്ന കാഴ്ചയാണുള്ളത്.

Next Story

RELATED STORIES

Share it