Latest News

വായ്പാ തിരിച്ചടവ് മുടങ്ങി;ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊന്നു

വായ്പാ തിരിച്ചടവ് മുടങ്ങി;ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊന്നു
X

റാഞ്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയായ യുവതിയെ ഫിനാന്‍സ് കമ്പനിയുടെ റിക്കവറി ഏജന്റ് ട്രാക്ടര്‍ കയറ്റി കൊന്നു.ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ മകളാണ് കൊല്ലപ്പെട്ടത്.ഫിനാന്‍സ് കമ്പനി ഉദ്യോഗസ്ഥനും കര്‍ഷകനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവതി കൊല്ലപ്പെട്ടത്.സംഭവത്തില്‍ കമ്പനിയുടെ റിക്കവറി ഏജന്റും,മാനേജരുമുള്‍പ്പെടേ നാല് പേര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.

ജാര്‍ഖണ്ഡിലെ ഇച്ചാക്ക് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം.കൊല്ലപ്പെട്ട യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.മഹീന്ദ്ര ഫിനാന്‍സ് കമ്പനി മുഖേനെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇദ്ദേഹം വായ്പാടിസ്ഥാനത്തില്‍ ട്രാക്ടര്‍ വാങ്ങിയത്.മൂന്ന് ലക്ഷം രൂപയാണ് വായ്പയായി എടുത്തിരുന്നത്. എന്നാല്‍, ഇന്‍സ്റ്റാള്‍മെന്റ് തുക വൈകിയതോടെ മഹീന്ദ്ര ജീവനക്കാര്‍ കര്‍ഷകന്റെ വീട്ടിലെത്തി. ഈ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. വീട്ടുമുറ്റത്തുണ്ടായിരുന്ന ട്രാക്ടര്‍ കൊണ്ടുപോകാന്‍ ഇവര്‍ ശ്രമിച്ചതോടെ മൂന്നു മാസം ഗര്‍ഭിണിയായ മകളടക്കം എതിര്‍പ്പുമായി രംഗത്തെത്തി.

ട്രാക്ടര്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചതോടെ മകള്‍ മുന്നില്‍നിന്ന് തടയാന്‍ ശ്രമിച്ചു. എന്നാല്‍, മുന്നോട്ടുതന്നെ വാഹനമെടുത്ത് യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് മനോജ് രത്തന്‍ ചോത്തെ പറഞ്ഞു.യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കമ്പനിയുടെ റിക്കവറി ഏജന്റും മാനേജരും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഡിഎസ്പി പറഞ്ഞു. തങ്ങളെ അറിയിക്കാതെയാണ് കമ്പനി അധികൃതര്‍ വീട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.സംഭവം അന്വേഷിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് സിഇഒ അനീഷ് ഷാ പ്രതികരിച്ചു.


Next Story

RELATED STORIES

Share it