Latest News

എന്തു നഷ്ടം വന്നാലും ഒരു മണിക്കൂറില്‍ കൂടുതല്‍ തുറക്കില്ല; ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെതിരേ കശ്മീരി തെരുവുകച്ചവടക്കാരുടെ വ്യത്യസ്ത പ്രതിഷേധം

കൂടുതല്‍ സമയം തുറന്നാല്‍ കശ്മീരില്‍ ജനജീവിതം സാധാരണരീതിയിലേക്ക് മാറിയെന്ന് കേന്ദ്രം പ്രചാരണം നടത്തുമെന്നാണ് അവരുടെ ഭയം. അതവര്‍ ഇഷ്ടപ്പെടുന്നില്ല. പലരുടെ ഏക സമ്പാദ്യം ഇത്തരം തെരുവുകച്ചവടസ്ഥാപനങ്ങളാണെങ്കിലും അത് കൂടുതല്‍ സമയം തുറക്കേണ്ടെന്നു തന്നെയാണ് അവരുടെ തീരുമാനം.

എന്തു നഷ്ടം വന്നാലും ഒരു മണിക്കൂറില്‍ കൂടുതല്‍ തുറക്കില്ല; ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെതിരേ കശ്മീരി തെരുവുകച്ചവടക്കാരുടെ വ്യത്യസ്ത പ്രതിഷേധം
X

ശ്രീനഗര്‍: ആഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ എല്ലാ രംഗത്തും പ്രതിസന്ധി രൂക്ഷമാണ്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അടച്ചുകളയാന്‍ എല്ലാ ആശയവിനിമയ സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കി. ഇന്റര്‍നെറ്റ് സംവിധാനം പിന്‍വലിച്ചു. മൊബൈല്‍ കണക്റ്റിവിറ്റി റദ്ദാക്കി. സ്‌കൂളുകളും കോളജുകളും സൈനികകേന്ദ്രങ്ങളാക്കി. തെരുവുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. പ്രതിപക്ഷ നേതാക്കളെ തുറുങ്കലിലടച്ചു. മുന്‍മുഖ്യമന്ത്രിമാരും മുഖ്യധാരാ രാഷ്ട്രീയക്കാരും വീട്ടുതടങ്കലിലായി.

ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ജനജീവിതം സാധാരണ നിലയിലെത്തിയെന്നും അവര്‍ ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ട് അനുസരിച്ച് കശ്മീരില്‍ 99 ശതമാനം നിയന്ത്രണങ്ങളും പിന്‍വലിച്ചു കഴിഞ്ഞു.

പക്ഷേ, സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇപ്പോഴും അപകടനിലയിലാണ്. തെരുവുകള്‍ വിജനമാണ്. സൈനികരല്ലാതെ വഴിയാത്രക്കാര്‍ പോലും തെരുവിലില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പും നടത്തി.

ജനജീവിതം സാധാരണപോലെയാണെന്ന് വരുത്താനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്ന കശ്മീരിലെ തെരുവുകച്ചവടക്കാരുടെ ശ്രമങ്ങള്‍ ഇതിനിടയില്‍ ബഹുജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കയാണ്. കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടുന്നതുമൂലം തങ്ങളുടെ മുഴുവന്‍ വരുമാനവും ഇല്ലാതായെങ്കിലും ദിവസത്തില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ് അവര്‍. കൂടുതല്‍ സമയം തുറന്നാല്‍ കശ്മീരില്‍ ജനജീവിതം സാധാരണരീതിയിലേക്ക് മാറിയെന്ന് കേന്ദ്രം പ്രചാരണം നടത്തുമെന്നാണ് അവരുടെ ഭയം. അതവര്‍ ഇഷ്ടപ്പെടുന്നില്ല. പലരുടെ ഏക സമ്പാദ്യം ഇത്തരം തെരുവുകച്ചവടസ്ഥാപനങ്ങളാണെങ്കിലും അത് കൂടുതല്‍ സമയം തുറക്കേണ്ടെന്നു തന്നെയാണ് അവരുടെ തീരുമാനം.

മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു പദ്ധതിപ്രകാരമാണ് ഈ പ്രതിഷേധം പ്രവര്‍ത്തിക്കുന്നത്. ചെറുപ്പക്കാര്‍ ആദ്യം ഒരു പടക്കം പൊട്ടിക്കും. ഷോപ്പുകള്‍ തുറക്കുന്നുവെന്ന സൂചനയാണ് അത്. പിന്നീട് ഒരു പടക്കം പൊട്ടുമ്പോള്‍ കച്ചവടം അവസാനിക്കാറായി എന്ന് മനസ്സിലാക്കും. മൂന്നാമത്തെ പടക്കം കട അടക്കാനുള്ളതാണ്.

കൂടുതല്‍ സമയം തുറക്കുന്നവര്‍ക്കെതിരേ കല്ലേറുണ്ടാകാറുണ്ടെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഭൂരിഭാഗം പേരും സ്വമേധയാ തീരുമാനമെടുക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ആഗസ്റ്റ് 5 നു മുമ്പ് ദിനം പ്രതി 2000 രൂപയോളം വരുമാനമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 200 ഉം മുന്നൂറുമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വസ്ത്രങ്ങളും മറ്റുമാണ് ഇത്തരം സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നതുകൊണ്ട് കശ്മീരികള്‍ പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യുകയാണ് പതിവ്.

Next Story

RELATED STORIES

Share it