Latest News

മതവികാരം വ്രണപ്പെടുത്തി: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെതിരേ കേസെടുത്തു

മതവികാരം വ്രണപ്പെടുത്തി: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെതിരേ കേസെടുത്തു
X

ശ്രീനഗര്‍: മുസ് ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെതിരേ കേസെടുത്തു. ബിജെപി എംഎല്‍സി വിക്രാന്ത് രണ്ഡാവയ്‌ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഒരു വീഡിയോയിലാണ് വിക്രാന്ത് രണ്ഡാവ മുസ് ലിംകള്‍ക്കെതിരേ വിദ്വേഷപരാമര്‍ശം നടത്തിയത്. 48 മണിക്കൂറിനുള്ളില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ജമ്മു കശ്മീര്‍ ഘടകം രണ്ഡാവക്ക് കാരണംകാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിക്ക് നാണക്കേടും അപമാനവുമുണ്ടാക്കിയ പ്രവര്‍ത്തിയാണ് വിക്രാന്തിന്റേതെന്ന് നോട്ടിസില്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും പൊതുജനമധ്യത്തില്‍ കുറച്ചുകൂടെ അന്തസ്സോടെ പെരുമാറണമെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടി.

ടി 20 ലോകകപ്പിലെ വിജയവുമായി ബന്ധപ്പെട്ടാണ് രണ്ഡാവ മുസ് ലിംവിരുദ്ധ പരാമര്‍ശം നടത്തിയത്. നിലവില്‍ അദ്ദേഹത്തെ എല്ലാ പാര്‍ട്ടി ഭാരവാഹിത്തത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കിയതിന് ഐപിസി 295 എ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. രണ്ഡാവയ്ക്ക് ഇത് രണ്ടാം തവണയാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.

നിയമവിരുദ്ധ ഖനനത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ രണ്ഡാവ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിനെതിരേ ആരോപണമുന്നയിച്ചിരുന്നു. അതിന്റെ പേരിലാണ് ഇയാള്‍ക്കെതിരേ ആദ്യം നോട്ടിസ് നല്‍കിയത്.

Next Story

RELATED STORIES

Share it