Latest News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാവടയ്ക്കുക; താക്കീതായി ഇമാംസ് കൗണ്‍സില്‍ രാജ് ഭവന്‍ മാര്‍ച്ച്

ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് വിദ്വേഷം പ്രചരിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ കേരള ജനത ഗവര്‍ണറെ തിരസ്‌കരിക്കുക തന്നെ ചെയ്യും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാവടയ്ക്കുക; താക്കീതായി ഇമാംസ് കൗണ്‍സില്‍ രാജ് ഭവന്‍ മാര്‍ച്ച്
X

തിരുവനന്തപുരം: മദ്രസകള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാവടയ്ക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാജ്ഭവന്‍ വെറുപ്പുല്‍പ്പാദന ഫാക്ടറിയാവുന്നു എന്ന തലക്കെട്ടില്‍ നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പണ്ഡിതന്മാരും മദ്‌റസാധ്യാപകരും പങ്കെടുത്തു. പെരുമഴയില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്‍പില്‍ സമാപിച്ചു.

മാര്‍ച്ചില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. പ്രതിഷേധ മാര്‍ച്ച് ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ താല്‍പര്യത്തിനനുസരിച്ച് വംശീയ അധിക്ഷേപം നടത്തുകയാണ്. സംഘപരിവാര അജണ്ടയ്ക്കനുസരിച്ച് വിദ്വേഷം പ്രചരിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ കേരള ജനത ഗവര്‍ണറെ തിരസ്‌കരിക്കുക തന്നെ ചെയ്യും. ഇസ്‌ലാമിക ചരിത്രത്തില്‍ അബു ജഹലിനെ ആദ്യകാലത്ത് വലിയ വിജ്ഞാനിയായി ആണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം വംശീയ വാദിയായി മാറിയതോടെ വിണ്ഡികളുടെ പിതാവായാണ് അയ്യാള്‍ അറിയപ്പെട്ടത്. പേരുകൊണ്ട് ജ്ഞാനിയായ ഗവര്‍ണര്‍ ആര്‍എസ്എസിന് വേണ്ടി കുഴലൂത്ത് നടത്താനാണ് ഭാവമെങ്കില്‍ കേരള ജനത അദ്ദേഹത്തെ മറ്റ് പല പേരുകളും വിളിച്ചേക്കുമെന്നും അഫ്‌സല്‍ ഖാസിമി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യമായല്ല മുസ്‌ലിംകളെ അവഹേളിക്കുന്നത്. പൗരത്വ പ്രക്ഷോഭകാലത്തും ഹിജാബ് വിവാദ കാലത്തും അദ്ദേഹം അനാവശ്യ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഹിജാബ് വിവാദ കാലത്ത് ഏതോ വലിയ ഖുര്‍ആന്‍ പണ്ഡിതനെ പോലെയാണ് സംസാരിച്ചിരുന്നത്. ബഹുദൈവാരാധന സ്വീകരിച്ച് ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് കുഫ്‌റിനെ തിരഞ്ഞെടുത്ത ആളാണ് അദ്ദേഹം. ആര്‍എസ്എസുകാര്‍ക്ക് വേണ്ടി പണിയെടുക്കുന്ന ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് മതം പഠിക്കേണ്ട ഗതികേട് ഈ സമുദായത്തിന് വന്നിട്ടില്ല. ഇസ്‌ലാമിനെ പഠിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് താല്പര്യമുണ്ടെങ്കില്‍ അലിഫ് മുതല്‍ പഠിപ്പിക്കേണ്ട പോലെ പഠിപ്പിക്കാന്‍ ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ തയ്യാറാണെന്നും അഫ്‌സല്‍ ഖാസിമി പറഞ്ഞു.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹാദി മൗലവി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗങ്ങളായ ഫിറോസ് ഖാന്‍ ബാഖവി, സൈനുദ്ദീന്‍ ബാഖവി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it